കൊടകരയില്‍ കൊള്ളയടിക്കപ്പെട്ടത് ബി.ജെ.പിക്കായി കൊണ്ടുവന്ന പണം; അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന പണം ബി.ജെ.പിയുടേതെന്ന ആരോപണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഈ കള്ളപ്പണത്തില്‍ നിന്ന് മൂന്നര കോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മൂന്നു ദിവസംമുന്‍പാണ് കുഴല്‍പണമായി ബി.ജെ.പിക്ക് പണമെത്തിയത്. ഇതില്‍നിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തില്‍ ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. ക്വട്ടേഷന്‍ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും അതിന് പിന്നില്‍ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും പരാതിയുണ്ട്. കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കായി എത്തിയ കള്ളപണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിതെന്നും വിജയരാഘവന്‍ ആരോപിച്ചു.
പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. സമാനമായി എല്ലാ ജില്ലകള്‍ക്കും പണമെത്തിക്കാണും. അതിനാല്‍ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നേട്ടുനിരോധനം ഏര്‍പ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചര്‍ച്ച ചെയ്യണം.
ബി.ജെ.പിക്കാണ് കുഴല്‍പ്പണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടും ആ പാര്‍ട്ടിയുടെ പേര് പറയാന്‍ മിക്ക മാധ്യമങ്ങളും മടിക്കുകയാണ്. ഈ ഭയം ജനാധിപത്യത്തിനും മാധ്യമ നിഷ്പക്ഷതക്കും ഭൂഷണമല്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."