നിങ്ങളുടെ കൈകളില്‍ ചോരപുരണ്ടിരിക്കുന്നു
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയത്തില്‍ കെജ്‌രിവാള്‍ മാപ്പു പറഞ്ഞത് ആഘോഷിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ മോദിഭക്തന്മാര്‍. യോഗത്തില്‍ കെജ്‌രിവാള്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതാണ് പ്രധാനമന്ത്രിയെയും അനുചരന്മാരെയും ചൊടിപ്പിച്ചത്. താന്‍ മുഖ്യമന്ത്രിമാരുമായി അടച്ചിട്ട മുറിയില്‍ നടത്തുന്ന ഔദ്യോഗിക ചര്‍ച്ചയില്‍ കെജ്‌രിവാള്‍ നടത്തിയ പ്രസംഗം തത്സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ നാട്ടുകാരെ അറിയിച്ചത് ഗുരുതരമായ തെറ്റും ചതിയുമായാണു മോദിക്കു തോന്നിയത്. ആ തെറ്റു ചെയ്ത കെജ്‌രിവാളിന്റെ മൈക്ക് അദ്ദേഹം ഓഫു ചെയ്തു. കര്‍ക്കശമായി കുറ്റപ്പെടുത്തി. കെജ്‌രിവാള്‍ മാന്യനായതിനാല്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
നാട്ടുകാര്‍ അറിയാതിരിക്കേണ്ട എന്തു കാര്യമാണ് ഡല്‍ഹി മുഖ്യമന്ത്രി ആ യോഗത്തില്‍ പറഞ്ഞതെന്നു മനസിലാകുന്നില്ല. ശ്വാസം കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു പ്രാണവായു എത്തിച്ചു തരണേയെന്നു കേണപേക്ഷിച്ചു തങ്ങള്‍ ആരെയാണു സമീപിക്കേണ്ടതെന്നു രാജ്യത്തിന്റെ സര്‍വാധികാരിയോടു ചോദിച്ചുപോയതാണോ തെറ്റ്? കെജ്‌രിവാള്‍ വികാരനിര്‍ഭരമായ വാക്കുകള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ നിരത്തുമ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു, ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ കൂട്ടത്തോടെ മരിച്ചുകൊണ്ടേയിരിക്കുകയാണെന്ന്. ഡല്‍ഹിയിലേയ്ക്ക് ഓക്‌സിജനുമായെത്തുന്ന ടാങ്കറുകള്‍ ഇതരസംസ്ഥാനങ്ങളില്‍ തടയപ്പെടുകയാണെന്ന്. കെജ്‌രിവാളിന്റെ വാക്കുകളുടെ വികാരാവേശത്തിന്റെ കാരണം ഇതില്‍നിന്നു വ്യക്തമാകുമല്ലോ. പ്രധാനമന്ത്രിയെ കരിവാരിത്തേയ്ക്കാന്‍ കെജ്‌രിവാള്‍ ബോധപൂര്‍വം ശ്രമിച്ചെന്നാണു മോദി ഭക്തന്മാര്‍ ആക്രോശിക്കുന്നത്. ആ ആളുകള്‍ കേള്‍ക്കേണ്ടത് ദിവസങ്ങള്‍ക്കു മുമ്പു ഡല്‍ഹി ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളാണ്. കൊവിഡ് പ്രതിരോധ മരുന്നും വാക്‌സിനും വിതരണം ചെയ്യുന്നതില്‍ ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങളോടു വിവേചനം കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നുവെന്നു പറയാതെ വയ്യെന്നാണു ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു പറഞ്ഞത്.
കൊവിഡ് വ്യാപനവും മരണവും അതിരൂക്ഷമായ സംസ്ഥാനങ്ങളില്‍ മുന്നിലാണു രാജ്യതലസ്ഥാനം കൂടിയായ ഡല്‍ഹി. അവിടത്തെ ആശുപത്രികളെല്ലാം കൊവിഡ് രോഗികളാല്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. മിക്കവരും ഗുരുതരാവസ്ഥയിലാണ്. ഓക്‌സിജന്‍ നിര്‍ബന്ധമായും ലഭിക്കേണ്ടവര്‍. വെന്റിലേറ്റര്‍ സുരക്ഷപോലും അത്യാവശ്യമായവര്‍. പക്ഷേ, എത്രയോ ദിവസമായി ഡല്‍ഹി കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം ഡല്‍ഹിയോടു കാണിക്കുന്ന ക്രൂരമായ വിവേചനത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഹരജി ഫയല്‍ ചെയ്തത്.
ആ കേസ് പരിഗണിച്ച കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ തൊലിയുരിക്കുന്നതാണ്. കോടതി പറഞ്ഞതിങ്ങനെ: 'വാക്‌സിന്‍ വിതരണം ഫലപ്രദമായി കൈകാര്യംചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വന്‍പരാജയമാണു സംഭവിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥ മുന്‍കൂട്ടി കാണാനോ പരിഹാരപദ്ധതികള്‍ ആവിഷ്‌കരിക്കാനോ കഴിഞ്ഞില്ല. റോക്കറ്റ് സയന്‍സ് പോലെ സങ്കീര്‍ണവിഷയമല്ല വാക്‌സിന്‍ വിതരണം. എന്നിട്ടും ആസൂത്രണം പാളി'. പ്രാണവായു കിട്ടാതെ ജനങ്ങള്‍ പിടഞ്ഞുമരിക്കുമ്പോള്‍ വ്യാവസായിക ആവശ്യത്തിന് യഥേഷ്ടം ഓക്‌സിജന്‍ നല്‍കിവരുന്നതും കോടതിയുടെ പരാമര്‍ശവിഷയമായി. ആ നടപടി അവസാനിപ്പിച്ച് ഉടനടി ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കണമെന്നു കോടതി നിര്‍ദേശിച്ചു. ആ കേസ് വിചാരണ ചൊവ്വാഴ്ചയായിരുന്നു. കോടതിയുടെ നിര്‍ദേശത്തോട് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ പ്രതികരിച്ചതിങ്ങനെ: നടപ്പാക്കാം, അടുത്ത വ്യാഴാഴ്ച മുതല്‍!
ആ ഉത്തരം കേട്ടു ഞെട്ടിപ്പോയ കോടതി ചോദിച്ചു: ശ്വാസം കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്നവരോട് വ്യാഴാഴ്ച വരെ കാത്തിരിക്കൂ എന്നാണോ പറയാന്‍ പോകുന്നത്? ആ ചോദ്യത്തിന് എന്തു പ്രതികരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു വാര്‍ത്തകളില്‍ കണ്ടില്ല. വ്യാഴാഴ്ച കഴിഞ്ഞും, ഓക്‌സിജനുവേണ്ടി ഞങ്ങള്‍ ആരുടെ കാലാണു പിടിക്കേണ്ടതെന്നു ഡല്‍ഹി മുഖ്യമന്ത്രിക്കു ചോദിക്കേണ്ടി വന്നുവെങ്കില്‍ കേന്ദ്രത്തിന്റെ പ്രവൃത്തിയിലൂടെയുള്ള പ്രതികരണം വ്യക്തമാണല്ലോ.
കൊവിഡ് ഒന്നാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ കഴിഞ്ഞ ഒക്ടോബറിലാണു ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ 150 ഓക്‌സിജന്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നു 200 കോടി രൂപ നീക്കി വയ്ക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രഖ്യാപനം കടലാസില്‍ മാത്രം. 33 എണ്ണം പൂര്‍ത്തിയായെന്നാണു കേന്ദ്രവാദം. എന്നാല്‍, അതില്‍ ബഹുഭൂരിപക്ഷത്തിലും ഓക്‌സിജന്‍ നിര്‍മാണം ആരംഭിച്ചിട്ടേയില്ലെന്നാണു കോടതിയുടെ കണ്ടെത്തല്‍. അതേസമയം, വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ഉല്‍പ്പാദനവും കയറ്റുമതി ഉള്‍പ്പെടെയുള്ള വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജനാണ് കയറ്റുമതി ചെയ്തത്. ലാഭം കിട്ടിയാല്‍ മതിയല്ലോ. ജനങ്ങള്‍ കൂട്ടത്തോടെ ചത്തുവീണാലെന്ത്.
ഓക്‌സിജന്റെ കാര്യത്തെപ്പോലെ ഭീകരമാണു വാക്‌സിന്‍ വിതരണത്തിന്റെ അവസ്ഥയും. കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ലോകമെങ്ങും ശ്രമം തുടങ്ങിയ കാലം മുതല്‍ പ്രധാനമന്ത്രി പറഞ്ഞ വീരവാദം, ഇന്ത്യ ഉടനടി വാക്‌സിന്‍ നിര്‍മിക്കുമെന്നും നിര്‍മിച്ചുകഴിഞ്ഞാലുടന്‍ ജനങ്ങള്‍ക്കെല്ലാം സൗജന്യമായി വിതരണം ചെയ്യുമെന്നുമായിരുന്നു. കണ്ടുപിടിച്ച വാക്‌സിന്റെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചു ശാസ്ത്രീയപരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുമ്പു തന്നെ അതു വിപണിയിലെത്തിക്കുമെന്നു പ്രഖ്യാപനമുണ്ടായി. ഇന്നിപ്പോള്‍ രണ്ടു വാക്‌സിനുകള്‍ ഇന്ത്യയില്‍ യഥേഷ്ടം നിര്‍മിക്കപ്പെടുന്നുണ്ട്. പക്ഷേ, അവ വിദേശത്തേയ്ക്കു കയറ്റി വിടാന്‍ കാണിക്കുന്ന ശുഷ്‌കാന്തി ഇന്ത്യയിലെ ജനങ്ങള്‍ക്കു വേണ്ട രീതിയില്‍ എത്തിക്കുന്നതില്‍ ഉണ്ടായില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപുകള്‍ ആസൂത്രണം ചെയ്തു കാത്തിരുന്നിട്ടും വാക്‌സിന്‍ എത്തിയില്ല. 50 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത് രണ്ടും മൂന്നും ലക്ഷം ഡോസ് മാത്രം.
ഇതിനിടയിലാണ് കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് ഒന്നു മുതല്‍ 18 വയസിനും 45 വയസിനും ഇടയിലുള്ള രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം. സംസ്ഥാനങ്ങള്‍ ഉദാസീനത കാണിക്കാന്‍ പാടില്ല. അതേസമയം ഒരു കാര്യമുണ്ട്. ആ പ്രായത്തിലുള്ളവര്‍ക്കു കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കില്ല. പണം കൊടുക്കണം. കോടിക്കണക്കിന് ആളുകളാണ് ഈ പ്രായപരിധിയില്‍ ഓരോ സംസ്ഥാനത്തുമുള്ളത്. അവര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കിയാല്‍ സംസ്ഥാനങ്ങള്‍ മുടിയും. സൗജന്യമായി വാക്‌സിനേഷന്‍ നല്‍കുമെന്നു നേരത്തെ നടത്തിയ പ്രഖ്യാപനത്തില്‍ നിന്നു തലയൂരാന്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള മിക്ക സംസ്ഥാനങ്ങള്‍ക്കും കഴിയില്ലല്ലോ.
കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിചിത്രമായ വാക്‌സിന്‍ വില പ്രഖ്യാപനം നടത്തി. കേന്ദ്രസര്‍ക്കാരിനു പതിവുപോലെ ഡോസ് ഒന്നിനു 150 രൂപയ്ക്കു നല്‍കും. സംസ്ഥാനങ്ങള്‍ക്കാകുമ്പോള്‍ വില 400 രൂപ. സ്വകാര്യ ആശുപത്രികള്‍ക്ക് 600. ഇതേ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിദേശത്തേയ്ക്കു കയറ്റി അയയ്ക്കുന്നത് സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിന്റെ പകുതി വിലയ്ക്കാണ്. കൊള്ളയടിക്കാന്‍ കിട്ടിയ അവസരം സമര്‍ഥമായി ഉപയോഗിക്കുന്നു.
ജനം ചത്താലെന്താ. ലാഭം എത്തേണ്ട കൈകളില്‍ എത്തിയാല്‍ മതിയല്ലോ. വെറുതെയല്ല കോടതി പറഞ്ഞത്, നിങ്ങളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നുവെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."