രാമചന്ദ്ര ഡോം: സി.പി.എം തിരുത്തുന്നത് 58 വർഷം തുടർന്ന തെറ്റ്
പ്രത്യേക ലേഖകൻ
കണ്ണൂർ
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ 1964ലുണ്ടായ പിളർപ്പിനെ തുടർന്ന് രൂപംകൊണ്ട സി.പി.എമ്മിന് ഇപ്പോൾ പ്രായം 58. അന്നുമുതൽ ഇതുവരെ പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിൽ ദലിത് വിഭാഗത്തിൽനിന്നുള്ള ആരും ഉണ്ടായിരുന്നില്ല. അതിൽ ഒരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോൾ പശ്ചിമ ബംഗാളിലെ ദലിത് നേതാവ് ഡോ. രാമചന്ദ്ര ഡോമിനെ പി.ബിയിൽ ഉൾപ്പെടുത്തിയതിലൂടെ.
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് കർഷകത്തൊഴിലാളികളും താഴേക്കിടയിലുള്ള കൂലിത്തൊഴിലാളികളുമൊക്കെയായ ദലിതരാണ്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് അതിന്റെ നേതാക്കൾക്ക് ഒളിത്താവളങ്ങളായത് ദലിതരുടെ കൂരകളായിരുന്നു. ഒരിക്കലും വറുനിറച്ചുണ്ണാനാവാത്ത കാലത്ത് അവർ കിട്ടിയ അന്നത്തിന്റെ പങ്കുനൽകി നേതാക്കളെ ഊട്ടി. ഭരണകൂടത്തിന്റെ കൊടിയ മർദനളേങ്ങറ്റുവാങ്ങിയിട്ടും നേതാക്കളെ ഒറ്റിക്കൊടുക്കാതെ അവർ നെഞ്ചിൽ ചേർത്തുപിടിച്ച് പ്രസ്ഥാനത്തെ വളർത്തി.
പ്രസ്ഥാനം വളർന്നു പന്തലിച്ചിട്ടും ഏറെക്കാലം പാർട്ടിയുടെ താഴേക്കിടയിലെ കമ്മിറ്റികൾക്ക് മുകളിലേക്ക് കാര്യമായ ഇടംനേടാൻ അവർക്കായില്ല. കുറച്ചുകൂടി ഉയർന്ന കമ്മിറ്റികളിൽ അവർക്ക് നാമമാത്രമായ ഇടമെങ്കിലും കിട്ടിത്തുടങ്ങിയത് ഏറെ വൈകിയാണ്. എന്നിട്ടും പി.ബിയിൽ അവരിലൊരാൾ പോലും എത്തിയില്ല. സവർണ സമുദായക്കാർക്കായിരുന്നു അവിടെ ആധിപത്യം. അങ്ങനെ അവർണർ വളർത്തിയെടുത്ത് സവർണർ നയിക്കുന്ന പാർട്ടിയെന്ന പേര് സി.പി.എമ്മിനു കിട്ടി. ദലിത് ഉണർവിന്റെ പുതിയ കാലത്ത് സി.പി.എമ്മിന്റെ ഈ അവസ്ഥ പരക്കെ ചോദ്യം ചെയ്യപ്പെട്ടു. സി.പി.ഐ ഇക്കാര്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പാർട്ടി നേതൃത്വത്തിലേക്ക് ദലിത് നേതാക്കളെ കൊണ്ടുവരാൻ തുടങ്ങിയിരുന്നു.
ഇപ്പോൾ സി.പി.ഐയുടെ ജനറൽ സെക്രട്ടറി ദലിത് വിഭാഗക്കാരനായ ഡി. രാജയാണ്. ഏറ്റവുമൊടുവിൽ പാർട്ടി കനത്ത തിരിച്ചടി നേരിടുകയും അടിസ്ഥാനവർഗം പാർട്ടിയിൽനിന്ന് വലിയ തോതിൽ ഒഴുകിപ്പോകുകയുമുണ്ടായൊരു ഘട്ടത്തിലാണ് സി.പി.എം ആ തെറ്റ് തിരുത്താൻ തയാറായത്.
ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് രാമചന്ദ്ര ഡോം. ചെറുപ്പത്തിൽ സി.പി.എമ്മിൽ ചേർന്ന അദ്ദേഹം പശ്ചിമ ബംഗാളിൽ ദലിത് വിഭാഗക്കാരെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
മെഡിക്കൽ ബിരുദധാരിയായ അദ്ദേഹം ദലിത് ശോഷൻ മുക്തി മഞ്ച് അധ്യക്ഷനാണ്. ദലിത് സമുദായത്തിന്റെ നിരവധി പ്രക്ഷോഭങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. ബംഗാളിലെ ബിർഭൂം മണ്ഡലത്തിൽനിന്ന് ഏഴു തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലം സി.പി.എം ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ബംഗാളിലെ ചില്ല ഗ്രാമത്തിൽ 1959 ഫെബ്രുവരി എട്ടിനാണ് ജനനം. ഭാര്യ ബന്ദന ഡോം. ഒരു മകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."