പദ്ധതി നിർവഹണം പ്രതിസന്ധിയിലേക്ക് ; 14ാം പഞ്ചവത്സര പദ്ധതി മാർഗരേഖ പുറത്തിറക്കാതെ സർക്കാർ
ഷഫീഖ് മുണ്ടക്കൈ
കൽപ്പറ്റ
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചിട്ടും 14ാം പഞ്ചവത്സര പദ്ധതിയുടെ മാർഗരേഖ ഇനിയും പുറത്തിറക്കാതെ സർക്കാർ. ഈമാസം മുതൽ പദ്ധതി നിർവഹണമാരംഭിക്കണമെന്നിരിക്കെ, മാർഗരേഖ ഇറക്കാത്തത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുകയാണ്. സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ നിർവഹണം ആരംഭിക്കാൻ കഴിയും വിധം പദ്ധതി ആസൂത്രണ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനാണ് സർക്കാർ മാർഗരേഖ പുറത്തിറക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾക്ക് വാർഷിക പദ്ധതികൾ തയാറാക്കുന്നതിനുള്ള പദ്ധതി ആസൂത്രണ മാർഗ രേഖയും സബ്‌സിഡി-ധനസഹായം-അനുബന്ധവിഷയങ്ങൾ സംബന്ധിച്ച മാർഗരേഖയുമാണ് ഏപ്രിൽ ആദ്യവാരം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കാത്തത്. ഡിസംബർ, ജനുവരി മാസങ്ങളിൽ മാർഗരേഖ ലഭിച്ചാൽ മാത്രമാണ് നിർദേശങ്ങൾക്കനുസരിച്ച് പദ്ധതി ആസൂത്രണം ചെയ്ത് ഏപ്രിലിന് മുമ്പ് അംഗീകാരം നേടാനാകുക.
നിലവിൽ പദ്ധതി നിർവഹണം ആരംഭിക്കേണ്ട സമയത്തും പദ്ധതികൾക്ക് അംഗീകാരം കാത്തിരിക്കുകയാണ് ജില്ലാ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ. മാർഗ രേഖ വൈകിയതോടെ പോഷകാഹാരം, അങ്കണവാടി, സ്‌കൂൾ അറ്റകുറ്റപ്പണി, പെയിൻ ആൻഡ് പാലിയേറ്റീവ് പോലുള്ള അവശ്യപദ്ധതികൾക്ക് ഏപ്രിൽ 15ന് മുമ്പ് അംഗീകാരം നേടണമെന്നാണ് സർക്കാരിൻ്റെ തന്നെ നിർദേശം. ഇതോടെ മറ്റു പദ്ധതികളുടെ ആസൂത്രണത്തിനും നിർവഹണത്തിനും കാലതാമസം നേരിടുന്ന സാഹചര്യമാണുള്ളത്. മാർഗരേഖയുടെ അടിസ്ഥാനത്തിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ ചർച്ചകൾക്ക് ശേഷമാണ് ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി രൂപീകരണം നടക്കുക. മാർഗരേഖ വൈകുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് നിർമാണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെയും ബാധിക്കും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആരംഭമായിട്ടും സർക്കാർ മാർഗ രേഖ ഇറക്കുന്നതിൽ തുടരുന്ന അലംഭാവം പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പഞ്ചവത്സര പദ്ധതിയുടെ ആദ്യവർഷത്തിൽ തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനോ സാമ്പത്തിക വർഷത്തിൽ തന്നെ പദ്ധതി പൂർത്തിയാക്കാനോ കഴിയില്ലെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."