ദൈവത്തിന്റെ സംഗീതം മുഴക്കിയ അദാന്‍ ഫഖീര്‍
ഒറ്റപ്പെട്ട ഒരു വനാന്തര മേഖലയില്‍ നിന്നു സ്ഥിരമായി ബാങ്കൊലി മുഴങ്ങിക്കേള്‍ക്കുന്നു. പരിസരത്തെങ്ങും ഒരു മുസ്‌ലിം പോലുമില്ലാതിരുന്നിട്ടും ഇത് ആവര്‍ത്തിക്കുന്നത് കൗതുകവും ജിജ്ഞാസയുമായി മാറി. അതിന്റെ ഉറവിടം അന്വേഷിച്ചു ചെന്നവര്‍ ഒടുവില്‍ കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ വന്ന് ബാങ്ക് വിളിക്കുകയും ആരാധനാ കര്‍മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന സൂഫീ വര്യന്റെ ഖബ്‌റിടത്തിന്റെ അടയാളങ്ങളായിരുന്നു. അന്നു മുതല്‍ അമുസ്‌ലിംകളായ ഗോത്രജനവിഭാഗം അവിടം പാവനമായി കാണുകയും പരിപാലിച്ച് പോരുകയും ചെയ്യുന്നു. ഏത് ആവശ്യത്തിനും അവിടെയുള്ളവര്‍ക്ക് തണലേകുമെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്ന അദാന്‍ ഫഖീര്‍ എന്ന സൂഫിയുടെ ചരിത്രം അസമിന്റെ സാംസ്‌കാരികതയുടെ കൂടി കഥയാണ്.
ഭാരതീയ സാംസ്‌കാരിക ചരിത്രരേഖകളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും സ്വാധീനവും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി എന്ന വസ്തുത നിലനില്‍ക്കെയാണ് രാഷ്ട്രീയ പ്രക്ഷുബ്ധതയുടെയും പൗരത്വനിര്‍ണയത്തിന്റെയും പേരില്‍ ഈ ഭൂപ്രദേശം കൂടുതല്‍ ശ്രദ്ധേയമാകുന്നത്. നാനാത്വവും വൈജാത്യവും നിര്‍ണയിക്കുന്ന ഇന്ത്യന്‍ സാമൂഹ്യപരിസരത്തെ ക്രിയാത്മകമായി ആവിഷ്‌കരിക്കുന്നതാണ് ഈ സംസ്ഥാനങ്ങളിലെ സങ്കരസംസ്‌കാരം. അനേകം വ്യത്യസ്ത ഗോത്രവിഭാഗങ്ങളും പ്രാകൃത സമൂഹങ്ങളും അധിവസിക്കുന്ന ഈ മേഖലയില്‍ മതവും സംസ്‌കാരവും നിര്‍ണായകമായ അസ്തിത്വഘടകങ്ങളാണ്. ഗ്രാമങ്ങളില്‍ കുടികൊള്ളുന്ന ഇന്ത്യയുടെ ആത്മാവിനെ കാണാന്‍ ശ്രമിക്കുകയും നിര്‍ദേശിക്കുകയും ചെയ്ത ഗാന്ധിയന്‍ ചിന്ത ഇവിടെ മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായി പരിണമിക്കുന്നതു കാണാം.
സാംസ്‌കാരികത രാഷ്ട്രീയത്തെയും സമൂഹത്തെയും വരെ വിദൂരതലത്തില്‍ സ്വാധീനിക്കുന്ന അസം സാംസ്‌കാരിക ചരിത്രം തൊട്ടറിയാന്‍ രൂപീകരിച്ച പദ്ധതിയുടെ കരടുമായാണ് ശിവസാഗര്‍ എന്ന സാംസ്‌കാരിക ഹൃദയനഗരിയിലേക്ക് ദാറുല്‍ ഹുദാ അസം ക്യാംപസിന്റെ പ്രതിനിധികള്‍ കടന്നുചെല്ലുന്നത്. ആര്‍ഷ ഭാരത ദ്രാവിഡ സംസ്‌കാരങ്ങളോട് പുലബന്ധം പോലും പുലര്‍ത്താത്ത, എന്നാല്‍ ആഴത്തില്‍ സ്വാധീനമുള്ള സാംസ്‌കാരിക ചിഹ്നങ്ങളും ആവിഷ്‌കാരങ്ങളും ഇവിടെയുള്ളവരുടെ മുഖംപോലെ വേറിട്ടുനില്‍ക്കുന്നതായി അനുഭവപ്പെട്ടു. മംഗോളിയന്‍ തായി വംശങ്ങളുടെ രൂപഭാവങ്ങള്‍ ഇവിടെയുള്ളവരെ വ്യത്യസ്തരാക്കുന്ന പോലെ ഇതേ സംസ്‌കൃതികളുടെ സ്വാധീനവും ഇവിടെ ചൂഴ്ന്നുനില്‍ക്കുന്നു.
ശിവസാഗര്‍
പ്രഥമദൃഷ്ട്യാ ആകര്‍ഷിക്കുന്ന ഇവിടുത്തെ നാനാത്വത്തിനും സാമൂഹിക വൈജാത്യത്തിനും അപ്പുറം ഇതുവരെ ആരും തേടിച്ചെന്നിട്ടില്ലാത്ത ചരിത്ര സാംസ്‌കാരിക പൈതൃകത്തെയായിരുന്നു ഞങ്ങളന്വേഷിച്ചെത്തിയത്. നാലു നൂറ്റാണ്ടു മുന്‍പ് അസം സംസ്‌കാരത്തെയും ഇസ്‌ലാമിനെയും പുനര്‍നിര്‍വചിച്ച് സാംസ്‌കാരിക ആധ്യാത്മിക ജീവിതത്തിന് താളംനല്‍കിയ അദാന്‍ പീര്‍ എന്ന ബാങ്കൊലി സൂഫിയുടെ ദര്‍ബാര്‍ തേടിയാണ് മൈലുകള്‍ക്കപ്പുറത്തു നിന്ന് അസാം ഓഫ് ക്യാംപസിലെ അന്വേഷികളുടെ പ്രതിനിധികള്‍ ശിവസാഗര്‍ നഗരത്തിലെത്തിയത്. അഹോം രാജവംശത്തിന്റെ സ്മാരകങ്ങളും ഓര്‍മകുടീരങ്ങളും തായ് ഡ്രാഗണുകളുടെ ഭീമന്‍ ശില്‍പങ്ങളുടെ തണലില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നഗരിയില്‍ പുരാതന ക്ഷേത്രങ്ങളും മന്ദിരങ്ങളും ചിതറിക്കിടക്കുന്നു. ജനനിബിഢമായ പ്രദേശങ്ങളിലെല്ലാം വ്യത്യസ്ത നാമങ്ങളില്‍ ശിവലിംഗത്തെയും ഗണപതിയെയും ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ കാണാം. ഇവിടെ കൃത്രിമമായി നിര്‍മിച്ച വലിയ ജലാശയത്തിന് നല്‍കിയ പേരാണ് ശിവസാഗര്‍ എന്നത്. ഇന്നത് അസമിലെ ഒരു ജില്ലയുടെ പേരാണ്. സാംസ്‌കാരികചരിത്ര സ്മാരകങ്ങളുടെയും വാഹനഗതാഗതത്തിന്റെയും ഗല്ലികളുടെയും തിരക്കു പിടിച്ച അന്തരീക്ഷത്തില്‍ നിന്ന് അദാന്‍ പീറിന്റെ വിശ്രമസ്ഥലിയിലേക്ക് മട്ടക് മിസിങ് ഗോത്ര വംശങ്ങള്‍ അധിവസിക്കുന്ന ഏറുമാടങ്ങള്‍ക്കിടയിലൂടെ ഇരുപത്തഞ്ചു കിലോമീറ്ററിലേറെ ദിസാന്‍മുഖിലൂടെ യാത്രചെയ്തു വേണം എത്തിപ്പെടാന്‍.
അദാന്‍ ഫഖീര്‍
പരിചയം
നാനൂറു വര്‍ഷം മുന്‍പ് ബഗ്ദാദില്‍ നിന്നു സിന്ധ് പ്രവിശ്യയിലുടെ അനേകം പ്രദേശങ്ങളിലേക്ക് ഇസ്‌ലാമിന്റെ സന്ദേശവുമായി കടന്നുവന്ന സൂഫികളുടെ ഗുരുവായിരുന്നു ശാഹ് മീറാന്‍ ഔലിയ എന്ന അദാന്‍ പീര്‍. നേരത്തേ മുസ്‌ലിംകള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടി ജീവിതത്തിലും സംസ്‌കാരത്തിലും അവര്‍ അതില്‍ നിന്നൊക്ക വിദൂരമായിരുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് അദാന്‍ പീര്‍ ഗുവാഹട്ടിയിലും പരിസരങ്ങളിലുമെല്ലാം ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും തന്റെ ശിഷ്യന്മാരെ വ്യത്യസ്ത പ്രദേശങ്ങളിലേക്ക് പറഞ്ഞയക്കുകയും ചെയ്തത്. ഇന്നു ബംഗ്ലാദേശിലുള്ള ധാക്കയിലും പരിസരത്തുമെല്ലാം അദാന്‍ പീര്‍ ഇസ്‌ലാമിക സന്ദേശവുമായി കടന്നുചെന്നു. തന്റെ അവസാന കാലത്താണ് അദാന്‍ ഫഖീര്‍ ആരാധനയിലും മറ്റുമായി കഴിയാന്‍ ശിവസാഗറിലെ ദിഖൗമുഖിലേക്ക് കടന്നുവരുന്നത്. ഒരു മുസ്‌ലിമും ഇല്ലാതിരുന്ന അവിടെ വന്ന് ഉറക്കെ ബാങ്കു കൊടുത്തിരുന്ന ഇദ്ദേഹത്തിന് പിന്നീട് ജനങ്ങള്‍ നല്‍കിയ പേരാണ് അദാന്‍ പീര്‍ എന്നത്.
അദാന്‍ ഫഖീര്‍ എന്നും ഉപയോഗിച്ചുകാണാം. ഇരുപതു വര്‍ഷത്തോളം അവിടെ കഴിയുകയും തന്റെ ജിക്‌റുകളിലൂടെ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു.
പൊതുവെ നാടോടി സംസ്‌കാരവും പാട്ടുകളും പ്രചാരം നേടിയിരുന്ന അസമീസ് സംസ്‌കാരത്തെ ധനാത്മകമായി ഉപയോഗിക്കാന്‍ അദാന്‍ ഫഖീര്‍ എന്ന പ്രബോധകന് കഴിഞ്ഞു. തനിക്കും അരനൂറ്റാണ്ടു മുന്‍പേ കടന്നുവന്ന ശങ്കര്‍ദേവ് എന്ന വൈഷ്ണവ സംസ്‌കാരത്തിന്റെ ആചാര്യനും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മാധവ് ദേവ്, ഹരിദേവ്, ദാമോദര്‍ ദേവ് തുടങ്ങിയവരും ചേര്‍ന്ന് രൂപം നല്‍കിയ ബോര്‍ഗീത് പ്രചുരപ്രചാരം നേടുകയും നാടോടി ഗാനങ്ങളും മറ്റ് സംഗീതാവിഷ്‌കാരങ്ങളും പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു എന്ന വസ്തുത തിരിച്ചറിഞ്ഞ അദാന്‍ പീര്‍ തനിക്കു പറയാനുള്ളതും അതേ ശൈലിയില്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങുകയുംചെയ്തു. അവയാണ് പില്‍ക്കാലത്ത് ജിക്ര്‍ ജാരി എന്ന പേരില്‍ വിശ്രുതമായത്.
അദാന്‍ പീര്‍ ഇന്ത്യക്കാരനാണെന്നും വിദ്യാഭ്യാസാവശ്യാര്‍ഥം ബാഗ്ദാദിലേക്കു പോയതാണെന്നും ചിലര്‍ ചരിത്രവസ്തുതകള്‍ നിരത്തി വാദിക്കുന്നുണ്ട്. അല്ലാഹുവിനെ വാഴ്ത്തുകയും തിരുനബിയുടെ മദ്ഹുകള്‍ പറയുകയും ചെയ്യുന്ന വായ്ത്താരികളെ പോലുള്ള, എന്നാല്‍ താളവും ലയവും പ്രാസവുമെല്ലാമൊത്ത കലാമൂല്യമുള്ള കാവ്യങ്ങളാണ് ജിക്ര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവ പ്രധാനമായും വാമൊഴിയായി തന്നെയാണ് പ്രചരിച്ചതും. പില്‍ക്കാലത്ത് ചില സാംസ്‌കാരിക പണ്ഡിതര്‍ അതിനെ പുസ്തകരൂപത്തില്‍ തയ്യാറാക്കിയതുകൊണ്ട് ഇന്നവയുടെ എഴുത്തുപ്രതികളും ലഭ്യമാണ്. കര്‍ബലയുമായി ബന്ധപ്പെട്ട രചനകള്‍ക്കാണ് ജാരി എന്നു പറയുന്നത്. ഇവ ഇന്നും അസമിലും പുറത്തും വ്യത്യസ്ത രീതികളില്‍ ആലപിക്കുകയും അത് പുണ്യമായി കാണുകയും ചെയ്യുന്നുണ്ട്.
ലളിതമായ വാദ്യോപകരണങ്ങളും മറ്റും ഉപയോഗിച്ച് അവതരിപ്പിക്കുന്നതും ആധുനിക സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അവതരണങ്ങളും പ്രചാരത്തിലുണ്ട്. കുമ്പളത്തിന്റെ തോലുണക്കി അതില്‍ ചെറിയ തടിയും തന്ത്രിയും വയ്ക്കുന്ന ഏക്താരയും ചെറിയ മുളന്തണ്ടുകള്‍ കൂട്ടി ശബ്ദമുണ്ടാക്കുന്ന വാദ്യവും ചേങ്ങില പോലുള്ള ചെറുവാദ്യവുമെല്ലാം ഇതിനായി ഉപയോഗിക്കുന്നതു കാണാം. ഒരിക്കല്‍ തന്റെ ജിക്ര്‍ കേള്‍ക്കുന്നതിനായി ജനങ്ങളെ ആകര്‍ഷിക്കുവാന്‍ അദാന്‍ പീര്‍ തന്നെ വാദ്യം ഉപയോഗിച്ചു എന്നതിനാലാണ് ഇവ ഉപയോഗിക്കുന്നത് എന്നാണ് ഇതിന് തെളിവു പറയുന്നത്. പദ്യങ്ങളുടെ രീതിയും അവതരണവും പ്രാദേശികവും സരസവുമാണെങ്കില്‍ കൂടി അതിലുള്ള ഉള്ളടക്കം പൂര്‍ണമായും ഇസ്‌ലാമികവും ആധ്യാത്മികവുമാണ്. തന്റെ പ്രബോധനത്തിന് പ്രായോഗികമായുള്ള മാധ്യമങ്ങളെല്ലാം ഉപയോഗപ്പെടുത്തുക എന്ന പ്രബോധകന്റെ അടിസ്ഥാന ഉത്തരവാദിത്തം അദാന്‍ ഫഖീര്‍ ഭംഗിയായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കാണാം.
ദിഖൗമുഖ് പ്രാദേശികത
അദാന്‍ ഫഖീര്‍ എന്ന സൂഫി ആധ്യാത്മിക ജീവിതം നയിച്ചിരുന്നിട്ടും തന്റെ ദര്‍ഗയുടെ പരിസരം ഇസ്‌ലാമികവത്കരിക്കാനുള്ള ശ്രമത്തിനപ്പുറം മനുഷ്യര്‍ക്ക് നന്മ ചെയ്യുക എന്ന തരത്തിലായിരുന്നു തന്റെ ജീവിതത്തിന്റെ അവസാന ദശാസന്ധി ക്രമപ്പെടുത്തിയത്. ശാരീരിക പ്രയാസങ്ങള്‍ നേരിട്ടതിനാലും അന്ധത ബാധിച്ചതിനാലും സജീവമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ആരാധനാ കര്‍മങ്ങളില്‍ മുഴുകിയായിരുന്നു അദാന്‍ പീര്‍ ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. തത്ഫലമായാകണം ദര്‍ഗയുടെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ആകെ ഒരു മുസ്‌ലിം കുടുംബം മാത്രമാണ് താമസമുള്ളത്. അത് ദര്‍ഗയുടെ സേവനത്തിനായി തലമുറകളായി കഴിയുന്ന ഒരു കുടുംബവും. ചുറ്റുമുള്ള അമുസ്‌ലിംകളാണ് ദര്‍ഗയുടെ പരിപാലന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത്.
മമ്പുറം തങ്ങളും കോന്തു നായരും മങ്ങാട്ടച്ചനും കുഞ്ഞായീന്‍ മുസ്‌ലിയാരും അയ്യപ്പനും വാവരുമെല്ലാം മതസഹിഷ്ണുതയുടെയും സമഭാവനയുടെയും ചിത്രങ്ങള്‍ പരിചയപ്പെടുത്തിയ ഇടത്തേക്ക് ഒരു ജനത മുഴുവന്‍ സ്‌നേഹിക്കുകയും ആദരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദാന്‍ പീര്‍ എന്ന സൂഫി പുതിയൊരു തലം തന്നെ സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ദിവസവും വിളക്കു വയ്ക്കാനും വൃത്തിയാക്കാനും ഇതര മതസ്ഥര്‍ ആദരവോടെ കടന്നുവരുന്നു. ജിക്‌റുകള്‍ കേള്‍ക്കുന്നതിനും മറ്റും അവര്‍ പ്രോത്സാഹാനം നല്‍കുന്നു. പരിപാലനത്തിനെത്തുന്നു. ആവശ്യങ്ങള്‍ പറയാന്‍ വിതുമ്പിയെത്തുന്നു. നിങ്ങള്‍ ഒരു ലക്ഷം രൂപ നല്‍കിയിട്ടും കാര്യമില്ല. പകരം കരഞ്ഞുകൊണ്ട് ഒരു അഞ്ചു രൂപ അവിടെ കൊടുത്തു നോക്കൂ... തീര്‍ച്ചയായും വിളി കേള്‍ക്കും എന്ന് ആവേശത്തോടെ ആവര്‍ത്തിച്ചു പറഞ്ഞത് പ്രദേശത്തെ ഒരു അമുസ്‌ലിം വയോധികനായിരുന്നു. നാനൂറു വര്‍ഷക്കാലമായി ഇവിടം പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും സ്‌നേഹമസൃണരായ ഈ അമുസ്‌ലിംകളാണ് എന്നത് അദാന്‍ പീര്‍ എന്ന സൂഫിയുടെ മാനവികതയെ അനാവരണം ചെയ്യുന്നുണ്ട്.
അദാന്‍ ഫഖീര്‍
ചരിത്രം
ബഗ്ദാദില്‍ നിന്നു വന്ന് പലയിടങ്ങളിലും പ്രബോധനംചെയ്ത ശാഹ് മീറാന്‍ ഫഖീര്‍ അസമില്‍ നിന്നുതന്നെ വിവാഹം ചെയ്യുകയും സ്ഥിരതാമസമാവുകയും ചെയ്തു. അഹോം രാജാക്കന്മാരുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ പ്രബോധനം ചെയ്തിട്ടും ബഹുദൈവാരാധകരായിരുന്ന രാജാക്കന്മാര്‍ അദ്ദേഹത്തെ എതിര്‍ക്കാനോ തടസപ്പെടുത്താനോ മുതിര്‍ന്നില്ല. എന്നാല്‍ രാജാവിനോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു മുസ്‌ലിമായിരുന്ന റുപായി ദധോറ അസൂയപ്പെടുകയും അദാന്‍ ഫഖീര്‍ മുഗളന്മാരുടെ ചാരനാണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. തത്ഫലമായി അദാന്‍ പീറിന്റെ രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുക്കാന്‍ രാജാവ് കല്‍പ്പിച്ചു. ശിക്ഷ നടപ്പാക്കപ്പെട്ട ശേഷം അദാന്‍ ഫഖീര്‍ ആവശ്യപ്പെട്ട പ്രകാരം രണ്ടു കണ്ണുകളും വ്യത്യസ്ത പാത്രങ്ങളിലാക്കി ബ്രഹ്മപുത്ര നദിയില്‍ ഒഴുക്കി. അതിനു ശേഷം അഹോം പ്രദേശത്താകെ ശക്തമായ വെള്ളപ്പൊക്കം വരികയും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
കെടുതിക്കാലത്ത് സേവനപ്രവര്‍ത്തനങ്ങള്‍ക്കെത്തിയ അഹോം ഉദ്യോഗസ്ഥന്‍ കണ്ടത് വെള്ളപ്പൊക്കം തീരെയും ബാധിക്കാത്ത ഒരിടത്തിരുന്ന് ജിക്ര്‍ പാടുന്ന അദാന്‍ ഫഖീറിനെയാണ്. അദ്ദേഹമിരിക്കുന്ന ഭാഗത്തു മാത്രം വെള്ളം ഇല്ലാത്തതു കണ്ട സൈനികന്‍ ഫഖീറിനെ രാജാവിന്റെ ദര്‍ബാറിലേക്കു കൊണ്ടുപോയി. ഈ സൂഫീവര്യന്റെ മഹത്വം മനസിലാക്കിയ രാജാവ് പശ്ചാത്തപിക്കുകയും പരിഹാരമായി എന്തു വേണമെന്നാവശ്യപ്പെടുകയും ചെയ്തു. തനിക്ക് സമാധാനമായി ആരാധന നിര്‍വഹിക്കാനൊരിടം ആവശ്യപ്പെട്ട പീറിന് രാജാവ് അനുവദിച്ചുനല്‍കിയ പാരിതോഷികമാണ് ദിഖൗമുഖിലെ പര്‍ണശാല. അവിടെ ഇരുപതു കൊല്ലത്തോളം ആരാധനാ കര്‍മങ്ങളില്‍ മുഴുകിയ ബാങ്കൊലിയുടെ ഉപാസകനായി അറിയപ്പെട്ട ആധ്യാത്മിക വ്യക്തിത്വമാണ് ശൈഖ് ശാഹ് മീറാന്‍ എന്ന അദാന്‍ ഫഖീര്‍.
ശങ്കര്‍ ദേവ്
സങ്കല്‍പം സ്വാധീനം
അദാന്‍ ഫഖീര്‍ കടന്നുവരുന്നതിന് അരനൂറ്റാണ്ടു മുന്‍പ് മരണപ്പെട്ട വേദപണ്ഡിതനാണ് ശങ്കര്‍ ദേവ്. വേദങ്ങളില്‍ നിന്നു താന്‍ ഉള്‍ക്കൊണ്ട അദ്വൈതവും വിശ്വാസവും പ്രചാരത്തിലുള്ള ആരാധനാ കര്‍മങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നു മനസിലാക്കിയ ശങ്കര്‍ ദേവ് സ്വന്തമായി വൈഷ്ണവ സംസ്‌കാരം എന്ന പേരില്‍ അറിയപ്പെട്ട ചിന്താധാരക്ക് ബീജാവാപം നല്‍കി. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മാധവ് ദേവ്, ദാമോദര്‍ ദേവ്, ഹരിദേവ് എന്നിവരും ഇതിന്റെ പ്രചാരകരായി മാറി. ബിംബങ്ങളെ ആരാധിക്കരുതെന്നും ദൈവം ഒന്നാണെന്നും അവന് രൂപമോ സ്ഥലമോ കാലമോ ഇല്ല എന്നും അവന് അവതാരമായി കൃഷ്ണന്‍ മാത്രമാണുള്ളതെന്നും സ്ഥാപിച്ച അദ്ദേഹം, വിഗ്രഹാരാധനയെ പൂര്‍ണമായും നിരോധിക്കുകയും പകരം ബോര്‍ഗീത് എന്ന കീര്‍ത്തന കാവ്യങ്ങളുടെ ആലാപനമാണ് ആരാധനയെന്നു പറയുകയും ചെയ്തു. ഇത്തരം ചിന്താധാരകളും ആശയങ്ങളും പ്രചരിപ്പിക്കാനും പഠിക്കാനുമായി സത്രങ്ങള്‍ സ്ഥാപിച്ചു. അസമി ഭാഷയില്‍ ഹൊത്രോ എന്നു വിളിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ പ്രദേശത്തുടനീളം കാണാം. ഇത്തരം സാധകങ്ങള്‍ക്കായി നാം ഖര്‍ എന്ന പേരില്‍ ആരാധനാലയങ്ങള്‍ സ്ഥാപിക്കുകയും അവിടെ കീര്‍ത്തനങ്ങള്‍ പാടി ആരാധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മണികൊത്ത് എന്ന പേരില്‍ ഇന്ന് നാം ഖര്‍ മന്ദിരങ്ങളിലെല്ലാം വിഗ്രഹപൂജാ സ്ഥലികള്‍ വ്യാപകമായിക്കഴിഞ്ഞു. വിവാഹം കഴിച്ച് കുടുംബസ്ഥനായി ജീവിച്ച ശങ്കര്‍ദേവിന്റെ സത്രങ്ങള്‍ ഇന്ന് ബ്രഹ്മചാരികള്‍ക്കു മാത്രമുള്ള ഇടമാണ്. ബ്രാഹ്മണ പൂജാരീതികളും അനുഷ്ഠാനങ്ങളും നാം ഖര്‍ കേന്ദ്രങ്ങളില്‍ പ്രചരിച്ചു. ദൈവസാധന മതിയെന്നു പറഞ്ഞയിടത്ത് ബിംബാരാധന പുന:സ്ഥാപിക്കപ്പെട്ടതിനു പിന്നില്‍ ചരിത്രപരമായ അനേകം ഘടകങ്ങളുടെ സ്വാധീനമുണ്ടാകുമെന്ന് വിലയിരുത്താം.
ജിക്ര്‍- ബോര്‍ഗീത് ദ്വയം
അദാന്‍ ഫഖീര്‍ ആവിഷ്‌കരിച്ച ജിക്ര്‍ ജാരിയിലും ശങ്കര്‍ ദേവ് ആവിഷ്‌കരിച്ച ബോര്‍ഗീത് അഥവാ മഹാ ഗീതത്തിലും അനേകം സാമ്യതകള്‍ കാണാം. അല്ലാഹുവിനെ വണങ്ങുന്ന ജിക്ര്‍ ശകലത്തിന് നല്‍കിയ പേര് ബോര്‍ജിക്ര്‍ എന്നാണ്. അതുപോലെ ബോധപൂര്‍വമോ അല്ലാതെയോ ഉള്ള അനേകം സാമ്യതകള്‍ ഇവയില്‍ കാണാം. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ആലാപന അവതരണ ശൈലികളെ അദാന്‍ ഫഖീര്‍ അവലംബിച്ചതുകൊണ്ടും പിന്നീട് വാമൊഴിയായി കൈമാറി അവതരിപ്പിച്ചപ്പോള്‍ കൂടിക്കലര്‍ന്നതു കൊണ്ടുമെല്ലാം വന്നുചേര്‍ന്ന സാമ്യതകളാവാം ഇവയെന്ന് നിഗമിക്കാം. എന്നാല്‍ അസം സംസ്‌കാരത്തില്‍ മുസ്‌ലിം സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും ഇടം നേടിക്കൊടുത്ത അദാന്‍ ഫഖീര്‍ എന്ന സൂഫീ വര്യന്റെ ജീവിതവും സംഭാവനയും ഇനിയും ഒരുപാട് പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. അതിന് ദാറുല്‍ ഹുദാ അസം സെന്ററിലെ സ്വത്വബോധമുള്ള കുതുകികള്‍ തയ്യാറാണെന്നത് ഒരുപാട് പ്രതീക്ഷക്ക് വക നല്‍കുന്നതുമാണ്.
അസം സംസ്‌കാരത്തില്‍ മുസ്‌ലിം അസ്തിത്വം സഹിഷ്ണുതയും മൈത്രിയുമുള്ളതായി മാറിയതെങ്ങനെ എന്ന ചോദ്യത്തിന് പ്രൊഫസര്‍ ത്വുഫൈല്‍ ജീലാനി തന്ന മറുപടി അദാന്‍ ഫഖീറില്ലേ എന്നായിരുന്നു. അസം സംസ്‌കാരചരിത്രത്തെ അറിയാനെത്തിയ സഹയാത്രികന്‍ അസം തികച്ചും സംഗീതാത്മകമാണ് എന്നു പറയുമ്പോള്‍ ദൂരെ ജിക്‌റിന്റെയും ബോര്‍ഗീതിന്റെയും ശീലുകള്‍ക്കൊപ്പം ഏക്താരയുടെ നാദം മുറുകുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."