എരിഞ്ഞടങ്ങാത്ത കനല്‍ തളര്‍ത്താനാവാത്ത കരുതല്‍
പുണ്യമാസത്തിലെ രാവുകളില്‍ അവര്‍ തീകൊളുത്തിയത് സ്‌നേഹച്ചിതകളിലാണ്. മാഹാമാരിക്കൊപ്പം കത്തിയമരുന്ന ആ ശരീരങ്ങള്‍ക്ക് അവര്‍ കാവലിരുന്നു. ആത്മശുദ്ധീകരണത്തിന്റെ ധന്യതയിലേക്കുയരാന്‍ അവര്‍ ഉരുവിട്ടിരുന്ന മന്ത്രോച്ചാരണങ്ങള്‍ പട്ടടയിലമരുന്നവര്‍ക്കുള്ള ശേഷക്രിയകളായി. ശ്മാശനത്തിനരികില്‍ കൈകൂപ്പി നിറകണ്ണുകളോടെ നിന്ന വിരലിലെണ്ണാവുന്ന ഉറ്റവരുടെ മിഴികളിലെ ഭീതി അപ്പോഴും വിട്ടൊഴിഞ്ഞിരുന്നില്ല.
ഇന്‍സാഫ് സിബില്‍, അമീര്‍ സുഹൈല്‍, അബ്ദുറഹ്മാന്‍ നൈനാംവളപ്പ്... അവര്‍ മൂന്നുപേരായിരുന്നു കൊവിഡ് ബാധിച്ചു മരിച്ച അഞ്ചു പേര്‍ക്കും ഹൈന്ദവ ആചാരപ്രകാരം കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ചിതയൊരുക്കിയത്. ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ വി.കെ പ്രമോദിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരായിരുന്നു അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി കൊവിഡ് ബാധിച്ച് മരിച്ച സുനിത, ബാലകൃഷ്ണന്‍, ഷീന, സുരേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ക്ക് ഒന്നിച്ചായിരുന്നു ചിതയൊരുക്കിയത്.
കൊവിഡ് എന്ന മഹാമാരിക്കു മുന്‍പില്‍ അവര്‍ കൂട്ടത്തോടെ തളര്‍ന്നുവീണപ്പോള്‍ ഒന്നിച്ച് ചിതയൊരുക്കാനായിരുന്നു ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പരസ്പരം അറിയാത്ത, കാണാത്ത അവര്‍, നോമ്പിന്റെ പുണ്യമാസത്തില്‍ മൂന്നു മുസ്‌ലിം ചെറുപ്പക്കാര്‍ ഒരുക്കിയ ചിതയില്‍ അഗ്‌നിയോടു ചേര്‍ന്നു. തളര്‍ത്താനാവില്ല, ഒരു മഹാമാരിക്കും ഈ മനുഷ്യസ്‌നേഹത്തെ. ഒന്നുറപ്പാണ്, ആ കരുത്തില്‍ നമ്മള്‍ അതിജീവിക്കും, ഈ മഹാമാരിയേയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."