HOME
DETAILS
MAL
കൊവിഷീല്‍ഡ്: ഏറ്റവും കൂടുതല്‍ വില ഇന്ത്യയില്‍
backup
April 25 2021 | 06:04 AM
ന്യൂഡല്‍ഹി: അടുത്തമാസം ഒന്നിന് പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഷീല്‍ഡ് വാക്‌സിനായി നല്‍കേണ്ടിവരിക ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനകയും വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസിന് സ്വകാര്യ ആശുപത്രികള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച 600 രൂപ ലോകത്തെ ഏറ്റവും വലിയ നിരക്കാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന 600 രൂപ ഏകദേശം എട്ടുഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്‌സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന് സംസ്ഥാനങ്ങള്‍ വില ഈടാക്കുകയാണെങ്കില്‍ സര്‍ക്കാരിന് കീഴിലുള്ള വാക്‌സിന്‍ കേന്ദ്രങ്ങളില്‍ പോവുന്നവര്‍ ഡോസിന് 400 രൂപ (5.30 ഡോളര്‍) നല്‍കേണ്ടിവരും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച 400 രൂപ പോലും അമേരിക്ക, ബ്രിട്ടണ്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലെ സര്‍ക്കാരുകള്‍ അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു ഡോസ് വാക്‌സിന് 2.15 മുതല്‍ 3.5 ഡോളറാണ് (ഏകദേശം 160-270 രൂപ) യൂറോപ്യന്‍ യൂനിയന്‍ നല്‍കുന്നത്. മൂന്ന് ഡോളറാണ് (ഏകദേശം 226 രൂപ) ബ്രിട്ടണ്‍ നല്‍കുന്നത്. ഒരു ഡോസിന് നാലുഡോളര്‍ (ഏകദേശം 300 രൂപ) നിരക്കിലാണ് അമേരിക്ക വാക്‌സിന്‍ വാങ്ങുന്നത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉത്പാദകരില്‍ നിന്ന് ബ്രസീല്‍ 3.15 ഡോളറിനാണ് (ഏകദേശം 237 രൂപ) വാക്‌സിന്‍ വാങ്ങുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങുന്ന ബംഗ്ലാദേശ് ഡോസ് ഒന്നിന് നാലുഡോളറും (ഏകദേശം 300 രൂപ) ദക്ഷിണാഫ്രിക്കയും സഊദിയും 5.25 ഡോളറുമാണ് (ഏകദേശം 395 രൂപ) മുടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും നിരക്കിലെ അന്തരവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊള്ളലാഭം എടുക്കുന്നതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്.
അതേസമയം, നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്‌സിനായ കൊവിഷീല്‍ഡിന് ഡോസ് ഒന്നിന് 400 രൂപ ഈടാക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയോ എന്ന ചോദ്യത്തിന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനോ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണോ പ്രതികരിച്ചില്ല. സര്‍ക്കാരിന്റെ അനുമതിയോടെയാണോ വില നിശ്ചയിച്ചതെന്ന ചോദ്യത്തിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടും പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."