'ആശുപത്രികളില്‍ ബെഡില്ല, വീടുകളില്‍ ഓക്‌സിജനും ഞങ്ങളെന്തു ചെയ്യും'- പ്രാണവായുവിനായി പിടയുന്നവരാല്‍ വിങ്ങി ഡല്‍ഹി
ന്യൂഡല്‍ഹി: ഇത്തിരി പ്രാണവായുവില്ലാതെ ശ്വാസം മുട്ടുകയാണ് കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യതലസ്ഥാനം. ശ്വാസമെടുക്കാന്‍ കഴിയാതെ പിടയുന്നവരേയും കൊണ്ട് പായുന്ന ബന്ധുക്കള്‍ മുന്നിലടഞ്ഞു കിടക്കുന്ന വഴികളില്‍ നോക്കി വിലപിക്കുന്നവര്‍ കണ്‍മുന്നില്‍ ചേതനയറ്റു വീഴുന്നവരെ നോക്കി ആര്‍ത്തു കരയുന്നവര്‍ അന്നോളം ചേര്‍ന്നു നിന്ന പ്രിയപ്പെട്ടവരെ ഒന്നണച്ചു പിടിക്കാന്‍ പോലുമാവാതെ വിങ്ങിത്തളരുന്നവര്‍..വാക്കുകള്‍ക്കതീതമാവുന്നു രാജ്യതലസ്ഥാനത്തിന്റെ നേര്‍ക്കാഴ്ചകള്‍.
71കാരിയായ കോളജ് പ്രഫസര്‍ സല്‍മ ഖാനേയും കൊണ്ട് അവരുടെ കുടുംബം 25 ആശുപത്രികളാണ് കയറിയിറങ്ങിയത്. 300ലേറെ ഫോണ്‍കാളുകള്‍. ഒടുക്കം മൊറാദാബാദിലെ ഒരു സാധാരണ ആശുപത്രിയിലെത്തിച്ചു അവരെ.അവിടെ നിന്ന് ഇത്തിരി ഓക്‌സിജന്‍ ലഭിച്ചു.എന്നാല്‍ അവരുടെ അവസ്ഥ ഗുരുതരമാണെന്നും എങ്ങോട്ടെങ്കിലും മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എങ്ങോട്ടു കൊണ്ടു പോവും- ബന്ധുവായ ഫര്‍ഹാന്‍ ചോദിക്കുന്നു.
കൊവിഡ് സാഹചര്യം അതീവ രൂക്ഷമായ ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയ്ക്ക് മുന്നിലെ കൊവിഡ് എമര്‍ജന്‍സിക്ക് മുന്നില്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്ന ചെറിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
ബാരിക്കേഡ് വെച്ച് അടച്ചതുകൊണ്ട് ആശുപത്രിക്കകത്തേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ബന്ധുക്കള്‍ വിലപിക്കുന്നു. ഓട്ടോറിക്ഷയിലാണ് ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കിടക്കകള്‍ ഇല്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി അവരെ തിരികെ അയക്കുകയായിരുന്നു.
വൃദ്ധയായ രോഗിയെയും കൊണ്ട് ആശുപത്രിയില്‍ എത്തിയ ആള്‍ ഗേറ്റടച്ചത് കണ്ട് കരയുന്ന മറ്റൊരു ദൃശ്യവുണ്ട് സോഷ്യല്‍ മീഡിയയില്‍.
''അവര്‍ മതില്‍ കെട്ടി വെച്ചിരിക്കുകയാണ്, ഞങ്ങളെന്ത് ചെയ്യും?'', എന്നാണ് വൃദ്ധയുമായി ആശുപത്രിയില്‍ എത്തിയ ആള്‍ ചോദിക്കുന്നത്.
എത്രയോ പണിപെട്ടാണ് 57കാരി ഗിര്ഡവദാര്‍ ഖോജക്കുവേണ്ടി ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ മകന്‍ ഹാമിദ് കണ്ടെത്തിയത്. ആറു മണിക്കൂറിനുള്ളില്‍ അത് കഴിഞ്ഞു. ഇനിയെന്ത് ചെയ്യും എന്ന അങ്കലാപ്പിലാണ് ഹാമിദ്.
പ്രതിരോധ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായ സന്ദീപ് ദാഹിയയുടെ സ്ഥിതിയും മറിച്ചല്ല. 85കാരിയായ മാതാവ് ചാന്ദ്‌നി ദേവിക്കുവേണ്ടി ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് അയാള്‍. ഉയര്‍ന്ന നിലയിലുള്ളവരുടെ അവസ്ഥ പോലും ഇതാണെങ്കില്‍ ഡല്‍ഹിയിലെ തെരുവുകളിലും ചേരികളിലും കഴിയുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
ഓക്സിജന്റെ ലഭ്യതക്കുറവാണ് ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളി.
ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം ആശുപത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."