കോൺഗ്രസിനെ തകർക്കാൻ സി.പി.എം- ബി.ജെ.പി രഹസ്യധാരണ: കെ. സുധാകരൻ
വമ്പൻ ഇടനിലക്കാരുണ്ടെന്ന് വി.ഡി സതീശൻ
കൊച്ചി
കോൺഗ്രസിനെ തകർക്കാൻ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ.
കോൺഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പി സി.പി.എമ്മുമായി കൈകോർക്കുകയാണെന്നും അദ്ദേഹം പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കോൺഗ്രസിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് സി.പി.എം പാർട്ടി കോൺഗ്രസിൽ നടന്നത്.
വമ്പൻ ബിസിനസുകാരുൾപ്പെടെയുള്ളവർ കോൺഗ്രസിനെ തകർക്കാൻ ഇവർക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇരുവരും ആരോപിച്ചു. കേരളത്തിൽ അധികാരം നിലനിർത്താൻ ബി.ജെ.പിയുടെ സഹായം സ്വീകരിക്കുകയാണ് സി.പി.എം. സിൽവർലൈൻ അനുമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തെ ആത്മവിശ്വാസം ഈ ധാരണയ്ക്ക് തെളിവാണ്.
സിൽവർലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ ഡെൽഹിയ്ക്കു പോയതിനു ഒരാഴ്ചമുമ്പ് ഇടനിലക്കാർ രംഗത്തുണ്ടായിരുന്നെന്നും ഇതിൻ്റെ കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും ഇരുവരും പറഞ്ഞു.
കെ.വി തോമസ്
വഞ്ചകനെന്ന്
സുധാകരൻ
കോൺഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി തോമസെന്ന് കെ. സുധാകരൻ പറഞ്ഞു. ഒരു വർഷമായി കെ.വി തോമസ് സി.പി.എമ്മുമായി രഹസ്യബന്ധം നടത്തുന്നുണ്ട്.
പടവുകൾ മുഴുവൻ കയറി മുകളിൽനിന്ന് പിറകോട്ടു നോക്കി കാർക്കിച്ചുതുപ്പുന്ന ഒരു നേതാവിൻ്റെ പ്രതിച്ഛായയാണ് തോമസ് മാഷിന് ഇന്നുള്ളത് തോമസിന് ഭയങ്കര കോൺഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങൾ അദ്ദേഹത്തിന് ഷെയർ കിട്ടിയതാകാമെന്നും കെ.പി.സി.സി പ്രസിഡൻ്റ് പരിഹസിച്ചു.
കെ. വി തോമസിനെതിരായ സൈബർ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് തെളിയിച്ചാൽ തോമസ് മാഷിന് മുന്നിൽ കുമ്പിട്ടു നിൽക്കുമെന്നും സുധാകരൻ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."