കെ.എസ്.ഇ.ബി ചെയർമാൻ - യൂനിയൻ പോര് ഒത്തുതീർപ്പിനായി മാരത്തൺ ചർച്ച വൈദ്യുതി ഭവനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം
മെയ് ഒന്നു മുതൽ വൈദ്യുതി
വിതരണം സ്തംഭിപ്പിക്കുമെന്ന്
സംഘടന
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
വൈദ്യുതി ബോർഡ് ചെയർമാനും സി.പി.എം നേതൃത്വം നൽകുന്ന ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പോര് പരിഹാരമാകാതെ തുടരുന്നു.
ഇന്നലെ വൈദ്യുതി ഭവനുമുന്നിൽ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സത്യഗ്രഹവും നിസഹകരണ സമരവും തുടങ്ങി.
ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ എം.ജി സുരേഷ്‌കുമാർ, ബി ഹരികുമാർ, ജസ്മിൻ ബാനു എന്നിവരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ ഹരികൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.
പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ 19ന് വൈദ്യുതി ഭവൻ ഉപരോധിക്കുമെന്നും മെയ് ഒന്നു മുതൽ വൈദ്യുതി വിതരണം സ്തംഭിപ്പിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. സമരം പലയിടത്തും ഓഫിസ് പ്രവർത്തനത്തെ ബാധിച്ചു.
സമരം നീണ്ടുപോകുന്നത് കെ.എസ്.ഇ.ബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെ ഇന്നലെ പ്രശ്‌ന പരിഹാരത്തിന് സി.പി.എം ഇടപെട്ട് ചർച്ചകൾ ആരംഭിച്ചു. വൈകിട്ട് മുൻ വൈദ്യുതി മന്ത്രി എ.കെ ബാലൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി പാലക്കാട്ട് ചർച്ച നടത്തി. പ്രശ്‌നം ചർച്ച ചെയ്ത് അടിയന്തിരമായി പരിഹരിക്കണമെന്നും ജീവനക്കാരെ ശത്രുക്കളായി കണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ജനങ്ങൾ സർക്കാരിനെതിരാകുമെന്നും ബാലൻ മന്ത്രി കൃഷ്ണൻകുട്ടിയോട് പറഞ്ഞു. ചട്ടപ്രകാരമാണ് ചെയർമാൻ ചെയ്തതെന്നും തൊഴിലാളി സംഘടനകളുടെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കി കെ.എസ്.ഇ.ബിയെ നശിപ്പിക്കാൻ കൂട്ടുനിൽക്കില്ലെന്നും ബാലനോട് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ഇന്ന് തലസ്ഥാനത്തെത്തുന്ന മന്ത്രി കെ.എസ്.ഇ.ബി ചെയർമാനുമായും ഓഫിസേഴ്‌സ് അസോസിയേഷൻ നേതാക്കളുമായും ചർച്ച നടത്തും. യൂനിയൻ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ച് സമവായ തീരുമാനം ഉണ്ടാക്കുമെന്നാണ് സൂചന. യൂനിയൻ നേതാക്കളുടെ സസ്പൻഷൻ പിൻവലിച്ചതു കൊണ്ട് സമരം തീരില്ലെന്നാണ് അസോസിയേഷൻ നേതൃത്വം പറയുന്നത്. ചെയർമാനുമായി ഇനി മുന്നോട്ടു പോകാനാകില്ലെന്നും അശോകിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് പ്രധാന ആവശ്യം. ഇന്നത്തെ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."