നിയമസഭയും കുടിശ്ശികയാക്കി വെള്ളക്കരം നൽകാനുള്ളത് 40 ലക്ഷം
തുക അനുവദിച്ച് ധനവകുപ്പ്
സ്വന്തം ലേഖകൻ
കോഴിക്കോട്
നിയമസഭാ മന്ദിരത്തിൽ വെള്ളം ഉപയോഗിച്ച വകയിൽ ജല അതോറിറ്റിക്ക് നൽകാനുള്ളത് 40 ലക്ഷം രൂപ. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ് വെള്ളത്തിന് ഇത്രയും തുക കുടിശ്ശികയാകുന്നത്. കൃത്യമായി പണം അടയ്ക്കാത്തതുകൊണ്ടുള്ള ഫൈൻ ഉൾപ്പെടെയാണ് 40 ലക്ഷം രൂപ എന്ന ഭീമമായ തുകയിൽ എത്തിയത്. അടിയന്തരമായി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ സെക്രട്ടറിയേറ്റ് ഈ മാസം രണ്ടിന് ധനവകുപ്പിന് കത്തെഴുതിയിരുന്നു. ധനകാര്യ എക്‌സ്‌പെൻഡിച്ചർ വിങ് നിയമസഭയിൽ നിന്ന് ലഭിച്ച ഫയൽ പരിശോധിച്ച ശേഷം തുക അടിയന്തരമായി കൊടുക്കാൻ ബജറ്റ് വിങിനോടാവശ്യപ്പെടുകയായിരുന്നു. ധനകാര്യ ബജറ്റ് വിങിൽ നിന്ന് ഈ മാസം ആറിന് നിയമസഭയിലെ വാട്ടർ ചാർജ് കുടിശ്ശിക തീർക്കാനായി 40 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. തുക കൃത്യമായി അടക്കാതെ ഫൈൻ ഉൾപ്പെടെ വരുത്തിയത് വീഴ്ചയാണ്. എന്നാൽ നിയമസഭയിൽ എ.ജിയുടെ ഓഡിറ്റ് ഇല്ലാത്തതിനാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."