കരിപ്പൂരിൽ പൊലിസിൻ്റെ 'സ്വർണക്കൊയ്ത്ത്' കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തുന്നവർക്കായി വലവിരിച്ച് പൊലിസ്
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തുന്നവരെ പൊക്കാൻ ജാഗ്രതയോടെ പൊലിസ്. മൂന്നര മാസത്തിനിടെ 10 യാത്രക്കാരെയാണ് കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ സ്വർണവുമായി കരിപ്പൂർ പൊലിസ് പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ 27 സഹായികളും അറസ്റ്റിലായി. ഇവരിൽ നിന്ന് 10 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണവുമായാണ് ഇതിൽ ഒമ്പത് യാത്രക്കാരും പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റുകളെല്ലാം. സ്വർണക്കടത്തിനെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിക്കുന്ന പൊലിസ് സംഘം യാത്രക്കാരനെ നിരീക്ഷിച്ച് വിമാനത്താവളത്തിൽ നിലയുറപ്പിക്കും. വിമാനത്താവള പരിസരത്ത് വച്ച് സ്വർണം കൈമാറുന്ന സമയത്താണ് പിടികൂടുന്നത്. ഇതിനാലാണ് സഹായികളും കൈയോടെ അറസ്റ്റിലാകുന്നത്. ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണ മിശ്രിതം ശരീരത്തിൻ്റെ രഹസ്യ ഭാഗത്ത് വച്ചാണ് യാത്രക്കാർ കൊണ്ടുവരുന്നത്. വിമാനത്താളത്തിലെ പരിശോധനയിൽ ഇത് കണ്ടെത്താൻ പലപ്പോഴും സാധിക്കാറില്ല. പൊലിസ് പിടികൂടിയ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ച് എക്‌സറേ പരിശോധന നടത്തിയാണ് ശരീരത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുന്നത്.
ഇത് പിന്നീട് പുറത്തെടുത്ത് മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കും. തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറും.
സാധാരണയായി സ്വർണക്കടത്തിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കസ്റ്റംസ്,ഡി.ആർ.ഐ, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങൾക്കാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ തുടർച്ചയായി കരിപ്പൂരിൽ സ്വർണക്കടത്ത് കാരിയർമാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലിസിനും ലഭിക്കുന്നുണ്ട്. സ്വർണം പിടിച്ചാൽ കസ്റ്റംസിന് 10 ശതമാനം പാരിതോഷികം ലഭിക്കും. പൊലിസിന് ഇത് ലഭിക്കില്ല. എന്നാൽ രഹസ്യ വിവരം നൽകുന്നവർക്ക് പാരിതോഷികം ഉണ്ടാകും. ഇൻഫോർമറെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."