മകൻ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച പിതാവ് മരിച്ചു
അടിമാലി (ഇടുക്കി)
വാക്കുതർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. അടിമാലി ഇരുമ്പുപാലം പഴമ്പള്ളിച്ചാൽ പടിയറ ചന്ദ്രസേനൻ(60) ആണ് മരിച്ചത്. മാർച്ച് 21ന് നടന്ന സംഭവത്തെത്തുടർന്ന് ചന്ദ്രസേനൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഇതിനിടെ കിഡ്‌നിക്ക് തകരാർ സംഭവിക്കുകയും ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. സംഭവ ദിവസം വീട്ടിൽ മദ്യപിച്ച് എത്തിയ മകൻ വിനീത്(30) ചന്ദ്രസേനനുമായി വാക്കേറ്റമുണ്ടായി.
റബർ പാൽ ഉറയൊഴിക്കുന്ന ആസിഡ് പിതാവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. അടിമാലി എസ്.എച്ച്.ഒ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലിസ് അറിയിച്ചു. ചന്ദ്രസേനന്റെ സംസ്‌കാരം ഇന്ന് രാവിലെ നടക്കും. ഭാര്യ: കനക. മകൾ: ജോതിഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."