ഒരു ചുമര്‍ 'വേര്‍തിരിക്കുന്ന' ഉസ്മാന്റേയും രവിയുടേയും കട; ഇതാ വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സാമൂഹികത മാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമുണ്ട്. വര്‍ത്തമാന ഇന്ത്യയുടെ നേര്‍ചിത്രം. ഉസ്മാന്റേയും രവിയുടേയും കട. ഒരു ചുമരിന്റെ ദൂരമേയുള്ളു ഇരു കടകള്‍ക്കുമിടയില്‍. എന്നാല്‍ വ്യത്യാസം ഒത്തിരിയാണ് തീര്‍ത്തും നിസ്സഹായനായിരിക്കുന്ന ഉസ്മാന്റെ കത്തിച്ചാമ്പലായ കടയും ഒരു പോറല്‍ പോലുമേല്‍ക്കാത്ത രവിയുടെ കടയും തമ്മില്‍. സംഘ്പരിവാര്‍ മതേതര ഇന്ത്യയില്‍ തീര്‍ത്ത വ്യത്യാസം.
രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ളതാണ് ചിത്രം. രാമനവമി ഘോഷ യാത്രക്കിടെ ഹിന്ദുത്വ ഭീകരര്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ബാക്കി പത്രം. നിരവധി പേരാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.
'ഉസ്മാനും രവിയും. വ്യത്യാസം കാണുക. ഇന്ത്യ എന്ന ആശയം ചുരുങ്ങുകയാണ് എന്നതാണ് കയ്‌പേറിയ സത്യം. രാജസ്ഥാനിലെ മുസ്‌ലിം വ്യാപാരികളുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രദേശത്തെ ഹിന്ദുത്വര്‍ അവ തെരഞ്ഞു പിടിച്ച് അഗ്നിക്കിരയാക്കിയിരിക്കുന്നു.' മാധ്യമപ്രവര്‍ത്തകനായ മീര്‍ ഫൈസല്‍ ട്വീറ്റ് ചെയ്യുന്നു.
ഉസ്മാന്റേയും രവിയുടേയും കടകള്‍ക്കിടയില്‍ ഒരു ചുമരേ ഉള്ളൂ. എന്നാല്‍ ഈ ചിത്രം പറയും എല്ലാം- മറ്റൊരു ട്വീറ്റ് ഇതാണ്.
കരൗളിയില്‍ വര്‍ഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്‌ലിം വീടുകള്‍ അഗ്‌നിക്കിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചായിരുന്നു 40ഓളം വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വ്യാപകമായ അക്രമസംഭവങ്ങളില്‍ 46 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോള്‍ റാലിയില്‍നിന്ന് വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."