HOME
DETAILS
MAL
സിദ്ദീഖ് കാപ്പന് നീതിയെന്ന്?
backup
April 26 2021 | 00:04 AM
വിധ്വംസക പ്രവര്‍ത്തനങ്ങളോ ഭീകരപ്രവര്‍ത്തനങ്ങളോ നടത്തിയെന്നതിന് യാതൊരു തെളിവുമില്ലാതെ പിടിക്കപ്പെടുന്ന മനുഷ്യാവകാശ, സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ജയിലറകളില്‍ ക്രൂരമര്‍ദനങ്ങള്‍ക്കിരയാകുന്ന വാര്‍ത്തകള്‍ക്ക് ഇന്ത്യയില്‍ പുതുമയില്ലാതായിരിക്കുന്നു. ഒരു തുടര്‍ക്കഥപോലെ ഇത്തരം പീഡനവാര്‍ത്തകളാണ് ദിവസവുമെന്നോണം ജയിലറകളില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ സിദ്ദീഖ് കാപ്പന്‍ ഇത്തരത്തിലുള്ള ഇരയാണ്. മാസങ്ങളായി ഈ മാധ്യമപ്രവര്‍ത്തകന്‍ ജയിലില്‍ പീഡനം അനുഭവിച്ചുവരികയായിരുന്നു. ഇപ്പോഴത് ജയില്‍ ആശുപത്രിയിലാണ് തുടരുന്നത്.
കൊവിഡ് ബാധിതനായ സിദ്ദീഖ് കാപ്പനെ ആശുപത്രി കട്ടിലില്‍ കിടത്തിയിരിക്കുന്നത് ചങ്ങലയില്‍ ബന്ധിച്ചിട്ടാണെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരം കാപ്പന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊതുസമൂഹം അറിഞ്ഞത്. എന്താണ് സിദ്ദീഖ് കാപ്പന്‍ ചെയ്ത തെറ്റ്? ജോലിയുടെ ഭാഗമായി യു.പിയിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്ത ശേഖരിക്കാന്‍ പുറപ്പെട്ടതാണോ അയാള്‍ ചെയ്ത കുറ്റം. ഭീകരപ്രവര്‍ത്തകനാണെങ്കില്‍ എവിടെയാണയാള്‍ ഭീകരപ്രവര്‍ത്തനം നടത്തിയത്? അല്ലെങ്കില്‍ അതിനായി ഗൂഢാലോചന നടത്തിയത് ? ഇതിനൊന്നും പൊലിസിന്റെ പക്കല്‍ തെളിവുകളില്ല. എന്നിട്ടാണ് കാപ്പനെതിരേ കൊടിയ പീഡനം നടത്തിക്കൊണ്ടിരിക്കുന്നത്. കുറ്റവാളികള്‍ക്കുപോലും മനുഷ്യാവകാശം വകവച്ചുകൊടുക്കുന്ന നീതിന്യായവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്.
വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നതുവരെ നിരപരാധിയായി പരിഗണിക്കപ്പെടാന്‍ വിചാരണത്തടവുകാര്‍ക്ക് അവകാശമുണ്ട്. അത്തരം അവകാശങ്ങളാണ് ജയില്‍ മുറികളില്‍ വരവര റാവു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവര്‍ക്ക് നിഷേധിച്ചത്. ഇപ്പോഴിതാ യു.എ.പി.എ ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പനും അവരുടെ നിരയിലേക്ക് എത്തി.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായി നിരവധിയാളുകള്‍ വിചാരണത്തടവുകാരായി ഇന്ത്യന്‍ ജയിലുകളില്‍ പീഡനം അനുഭവിച്ചുവരുന്നുമുണ്ട്. സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില വഷളായെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കടുത്ത പ്രമേഹരോഗിയായ കാപ്പനു കൊവിഡും കൂടി പിടിപെട്ടതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാന്‍ തുടങ്ങിയത്.ആവശ്യമായ ഭക്ഷണം ആശുപത്രിയില്‍ കൊടുക്കുന്നില്ല. കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ചെയ്ത കുറ്റം എന്താണെന്ന് തെളിയിക്കാനാവാത്ത ഒരു മനുഷ്യജീവിയോടാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്. ഇതിനിടെ മഥുര ജയിലാശുപത്രിയില്‍നിന്ന് യു.പിയിലെ ആശുപത്രിയിലേക്ക് മാറ്റിയ കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം യു.പി സര്‍ക്കാരിന് നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന കെ.യു.ഡബ്ല്യു.ജെയുടെ ആവശ്യവും യു.പി സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വിദഗ്ധ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. കാപ്പനെ എയിംസിലേക്ക് മാറ്റണമെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് 11 എം.പിമാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.
2015ലെ ക്രൈം ബ്യൂറോ റെക്കോര്‍ഡ് പ്രകാരം രാജ്യത്തുണ്ടായിരുന്നത് 2.82 ലക്ഷം തടവുകാരായിരുന്നു. ഇന്ന് ആ സംഖ്യ എത്രയോ വര്‍ധിച്ചിട്ടുണ്ടാകും. ഇവരില്‍ 65 ശതമാനം പേരും വിചാരണത്തടവുകാരാണ്. ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞാല്‍ തന്നെയും ഇവരില്‍ പലരും ഇതിനകം കിട്ടാവുന്ന പരമാവധി ശിക്ഷയോളം തടവ് അനുഭവിച്ചിട്ടുണ്ടാവണം. ആ നിലയ്ക്ക് കടുത്ത അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് ഇത്രയും പേര്‍ ജയിലുകളില്‍ അനുഭവിച്ചു തീര്‍ക്കുന്നത്. ആരോപിക്കപ്പെട്ട കുറ്റത്തിനു കിട്ടാവുന്ന ശിക്ഷയുടെ പകുതി കാലം പിന്നിട്ടാല്‍ വിചാരണത്തടവുകാര്‍ക്ക് ജാമ്യം അനുവദിക്കണമെന്ന് 2014ല്‍ സുപ്രിംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍ ഇപ്പോഴും വിചാരണത്തടവില്‍ കഴിയുന്ന മഅ്ദനിയുടെ കാര്യത്തില്‍ ഈ വിധി ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.നേരത്തെ, ഒന്‍പതര വര്‍ഷമാണ് സ്‌ഫോടന കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായി മഅ്ദനിക്ക് കഴിയേണ്ടിവന്നത്. തെളിവില്ലെന്നുപറഞ്ഞ് അവസാനം കോടതി അദ്ദേഹത്തെ വെറുതെവിട്ടെങ്കിലും മറ്റൊരു കേസില്‍ വിചാരണയില്ലാതെ, രോഗിയായ അദ്ദേഹത്തിന്റെ അനന്തമായ തടവ് ഇപ്പോഴും തുടരുന്നു.
ഭീമ കൊറേഗാവ് കേസില്‍ 2018ല്‍ അറസ്റ്റിലായ 80 വയസുള്ള കവി വരവര റാവു എന്ന വൃദ്ധന്‍ കഴിഞ്ഞ മൂന്നു വര്‍ഷമാണ് യാതൊരു വിചാരണയുമില്ലാതെ ജയിലില്‍ പീഡനമേറ്റു കഴിഞ്ഞത്. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ജയിലില്‍ സിദ്ദീഖ് കാപ്പനെപ്പോലെ രോഗബാധിതനായി തീര്‍ന്ന അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹത്തിനു ബോംബെ ഹൈക്കോടതി ജാമ്യം നല്‍കുമ്പോള്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ വരവര റാവു മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ വരവര റാവുവിനും ജയിലില്‍ കൊവിഡ് ബാധിച്ചിരുന്നു.
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് മറ്റൊരു വയോവൃദ്ധനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയും അറസ്റ്റു ചെയ്യപ്പെട്ടത്. 83 കാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ അര്‍ധരാത്രി അറസ്റ്റുചെയ്തു കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിനുമേല്‍ മാവോയിസ്റ്റ് ബന്ധവും കൂടി ആരോപിക്കപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ ഫാദര്‍ പ്രവര്‍ത്തിച്ചുവന്നതാണ് ഭരണകൂടത്തിന്റെ ദൃഷ്ടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനമായി തീര്‍ന്നത്. രാത്രി സമയമാണെന്നും താന്‍ പാര്‍ക്കിന്‍സണ്‍സ് രോഗി കൂടിയാണെന്നും പകല്‍ ഓഫിസിലെത്തി അന്വേഷണവുമായി സഹകരിക്കാമെന്നും അറസ്റ്റുചെയ്യാന്‍ വന്ന എന്‍.ഐ.എ സംഘത്തോടു ഫാ. സ്റ്റാന്‍ സ്വാമി അപേക്ഷിച്ചുവെങ്കിലും വഴങ്ങിയില്ല.ഫാ. സ്റ്റാന്‍ സ്വാമിയെ കൂടാതെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരവധിപേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത് ജാമ്യം നല്‍കാതെ തടങ്കലില്‍ വച്ചിരിക്കുകയാണിപ്പോഴും.അവരില്‍ ചിലര്‍ മാത്രമാണ് നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, ഡല്‍ഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഹാനിബാബു തുടങ്ങിയവര്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ ഉല്‍ക്കര്‍ഷത്തിനു വേണ്ടിയും അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധിപേര്‍ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായി, കെട്ടിച്ചമച്ച തെളിവുകളാല്‍, വിചാരണയില്ലാതെ ജയിലില്‍ അടയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരില്‍ അവസാനത്തെ പത്രപ്രവര്‍ത്തകനാണ് വിചാരണത്തടവില്‍ ക്രൂരപീഡനം അനുഭവിക്കുന്ന സിദ്ദീഖ് കാപ്പന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."