ബി.ബി.സി ഓഫിസുകളിലെ പരിശോധന മൂന്നാം നാളും തുടരുന്നു; വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബി.ബി.സി ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസവും തുടരുന്നു. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളിലെ പരിശോധന ആരംഭിച്ചിട്ട് ഏതാണ്ട് 60 മണിക്കൂര്‍ പിന്നിട്ടെന്നാണ് വിവരം. നികുതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍വേ എന്ന പേരില്‍ റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് പരിശോധന ആരംഭിച്ചത്.
ബി. ബി.സി ഇന്ത്യയുടെ മാനേജ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും കമ്പ്യൂട്ടറുകളില്‍ നികുതി, ബില്ലുകള്‍, കള്ളപ്പണം എന്നീ കീ വേഡുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ചില മുതിര്‍ന്ന ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ കോപ്പി ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പരിശോധന ആരെഭിച്ചതു മുതല്‍ പത്തു മുതിര്‍ന്ന ജീവനക്കാര്‍ ഓഫിസുകളില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഓഫിസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കാന്‍ ജീവനകാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ബി ബി സി ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റിംഗ് ഡിപാര്‍ട്ട്‌മെന്റ് ഒഴികെയുള്ള ജീവനകാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തിയത്. ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും ബി ബി സി ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇന്നലെയും രംഗത്തെത്തി. നിയമവിരുദ്ധമായി നികുതി ആനുകൂല്യങ്ങള്‍ പറ്റിയിട്ടുണ്ടോ, നികുതി വെട്ടിപ്പ്, കമ്പനിയുടെ ലാഭം വഴിതിരിച്ചുവിടല്‍, നിയമങ്ങള്‍ പാലിക്കാത്തത് തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചില വിഷയങ്ങളില്‍ ബി ബി സിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, രേഖകള്‍ സമര്‍പ്പിച്ചില്ല. സര്‍വേ പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ബി ബി സി അധികൃതര്‍ പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് സര്‍വേ ആരംഭിച്ചതെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ജയ് ശ്രീറാം വിളിയുമായി ഹിന്ദുസേന പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ബി ബി സി ഓഫിസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഓഫിസിന് മുന്നില്‍ പ്രതിഷേധ പോസ്റ്ററുകളും പതിച്ചു. ഓഫിസിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."