കൊതുമ്പിനു മുകളില്‍ കൊച്ചങ്ങ വളരുന്നു; വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണം; വൈദ്യുതിമന്ത്രിയെ കടന്നാക്രമിച്ച് സി.ഐ.ടി.യു
തിരുവനന്തപുരം: വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.ഐ.ടി.യു. വകുപ്പിനെ കുറിച്ച് അറിയാത്ത മന്ത്രി എന്തിന് ആ സ്ഥാനത്ത് ഇരിക്കുന്നു, അറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍ പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് വൈദ്യുതി ഭവന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ പ്രശ്നങ്ങള്‍ കെഎസ്ഇബി ബോര്‍ഡ് ചെയര്മാന് ചര്‍ച്ച ചെയ്യുമെന്നും, മന്ത്രിതല ചര്ച്ചയിലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ടു പോകണം. ചെയര്‍മാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വകുപ്പ് ഏറ്റെടുത്ത ശേഷമാണ് ഈ കാഴ്ച കാണുന്നതെന്നായിരുന്നു സുനില്‍കുമാറിന്റെ പരിഹാസം.
ജാസ്മിന് ബാനുവിനെതിരായ ചെയര്‍മാന്റെ പരാമര്‍ശത്തില്‍ മന്ത്രി നിലപാട് വ്യക്തമാക്കണം. മന്ത്രി അറിയാതെ കാര്യങ്ങള്‍ ചെയ്യുന്ന ആളെ എന്തിനാണ് ചെയര്‍മാനായി വെച്ചിരിക്കുന്നത്. ഇതിനെല്ലാം നിങ്ങള്‍ കേരളത്തോട് ഉത്തരം പറയേണ്ടി വരും. സര്‍ക്കാരിന്റെ അനുമതിയോടെയാണ് സംഘടനയുടെ നിലപാടിനെ സംഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായി സിഎംഡി പുലഭ്യം പറഞ്ഞതെന്ന് സുനില്‍കുമാര്‍ ചോദിച്ചു.
സര്‍ക്കാരിന്റെ അനുമതിയോടെയാണ് മീഡിയക്ക് മുന്നില്‍ സ്ത്രീത്വത്തെ ആക്ഷേപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മന്ത്രിയുടെ അറിവോടെയല്ലെങ്കില്‍, ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ ചെയര്‍മാനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."