ഷുഹൈബ് വധം: ആകാശിനെ രക്ഷിക്കാന്‍ 88 ലക്ഷം പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയതെന്തിന്?; രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊന്നത് ആകാശ് തില്ലങ്കേരിയാണെങ്കില്‍ ആകാശിനെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ മുടക്കിയത് എന്തിനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തിയതിനു പിന്നാലെ സി.പി.എം ആകാശിനെ തള്ളിയിരുന്നു.
തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയിലെ ഒരു ഗ്രാമം മാത്രമാണെന്നുമാണ് ആകാശ് തില്ലങ്കേരി അടക്കമുള്ള ക്രിമിനലുകളോട് ഓര്‍മ്മപ്പെടുത്താനുള്ളതെന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
'ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജന്‍ വിളിച്ചു പറയുമ്‌ബോള്‍ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സര്‍ക്കാര്‍ 88 ലക്ഷം രൂപ പൊതുഖജനാവില്‍ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാന്‍ ശ്രമിച്ചത്. പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം . സത്യം കരിമ്പടം നീക്കി വരും നാളുകളില്‍ പുറത്ത് വരുക തന്നെ ചെയ്യും' രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പേരിന്റെ അറ്റത്ത് തില്ലങ്കേരി എന്ന് എഴുതിയാൽ നാട്ടിൽ എന്ത് അരാജകത്വവും ആകാമെന്ന് കരുതുന്ന ഒരു പറ്റം CPM കാരുടെ ഫേസ്ബുക്ക് വഴിയുള്ള പോർവിളികളും വെളിപ്പെടുത്തലുകളും കാണുകയായിരുന്നു.
വായിക്കുമ്പോഴത്രയും ആശങ്കയോടെ ഓർത്തത് ആ നാട്ടിലെ പാർട്ടിക്കാരല്ലാത്ത സാധാരണ മനുഷ്യരെ പറ്റിയാണ്.
എത്ര അരക്ഷിത ബോധത്തിലൂടെയായിരിക്കും അവരുടെയൊക്കെ ജീവിതം കടന്നുപോകുന്നത്.
ആ നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം കൊള്ളുമ്പോൾ തന്നെ അവരുടെ ജീവനെക്കുറിച്ചുള്ള ആശങ്കയുണ്ട്.
ഈ ക്രിമിനലുകളോട് ഓർമ്മപ്പെടുത്താനുള്ളത് തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല, ഇന്ത്യ എന്ന രാജ്യത്തെ ഒരു ഗ്രാമം മാത്രമാണ്.
ആ ഗ്രാമത്തിന് എന്നല്ല , ഈ ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനമാണ് ഈ അക്രമിക്കൂട്ടം..
കൊലപാതകത്തെക്കുറിച്ചും പിടിച്ചുപറിയെക്കുറിച്ചും വെട്ടിനെക്കുറിച്ചും തല കൊയ്യുന്നതിനെക്കുറിച്ചും എത്ര ലളിതമായാണ് ഈ സിപിഎം കൊട്ടേഷൻ സംഘങ്ങൾ സംസാരിക്കുന്നത്. ആ സംസാരിക്കുവാനുള്ള അവരുടെ ധൈര്യം പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നതാണ്.
ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചത്.
പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം ....
സത്യം കരിമ്പടം നീക്കി വരും നാളുകളിൽ പുറത്ത് വരുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."