സി.പി.എം, ബി.ജെ.പി ഓഫിസുകള്‍ക്കു നേരേ ബോംബാക്രമണം
തലശ്ശേരി: ഈങ്ങയില്‍പീടിക, കല്ലില്‍താഴെ പ്രദേശങ്ങളില്‍ സി.പി.എം, ബി.ജെ.പി അക്രമം. ഇരുപാര്‍ട്ടികളുടെയും ഓഫിസുകള്‍ക്കുനേരേ ബോംബേറുണ്ടായി. യുവമോര്‍ച്ചാ നേതാവിന്റെ ബൈക്കു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ പുലര്‍ച്ചെ രണ്ടോടെയാണു കല്ലില്‍താഴെയിലെ ബി.ജെ.പി ഓഫിസിനുനേരേ ബോംബാക്രമണമുണ്ടായത്. അക്രമിസംഘം ഓഫിസിന്റെ വാതിലും ബോര്‍ഡും ഫര്‍ണിച്ചറുകളും കാരംസ് ബോര്‍ഡും തകര്‍ത്തു. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ മര ഉരുപ്പടികള്‍ നശിപ്പിച്ചു. പുലര്‍ച്ചെ 3.30ഓടെ കോടിയേരി നോര്‍ത്ത് സി.പി.എം ലോക്കല്‍കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന ഈങ്ങയില്‍പീടികയിലെ പി.പി അനന്തന് സ്മാരക മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായി. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍കമ്മിറ്റി ഓഫിസിന്റെ ഗോഡൗണും ബോര്‍ഡുകളും ഫര്‍ണിച്ചറുകളും ബോംബാക്രമണത്തില്‍ തകര്‍ന്നു. രണ്ടു ബോംബുകളാണ് ഓഫിസിനു നേരെ എറിഞ്ഞതെന്നും പിന്നില്‍ ആര്.എസ്.എസ് ആണെന്നും സി.പി.എം ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി പത്തോടെ കോടിയേരി ഓണിയന്‍ സ്കൂളിനു മുന്‍വശത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പന്ന്യന്നൂര്‍ ചന്ദ്രന് സ്മാരക ബസ് ഷെല്‍ട്ടറിന്റെ പുനര്‍നിര്‍മാണം നടത്തിയിരുന്നു. ഇതിനെതിരേ രംഗത്തുവന്ന സി.പി.എം പ്രവര്‍ത്തകര്‍ ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സി.എം ജിതേഷിന്റെ ബൈക്ക് തകര്‍ത്തതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്നു ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."