കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ പ്രണയ വിവാഹം വിവാദത്തിൽ, നടപടിയെടുക്കുമെന്ന് പാർട്ടി നേതൃത്വം; വിശദീകരിക്കാൻ പൊതുയോഗം
സ്വന്തം ലേഖകൻ
കോഴിക്കോട്
കോടഞ്ചേരി സി.പി.എം കണ്ണോത്ത് ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ എം.എസ് ഷെജിനും നാട്ടുകാരിയായ ജ്യോത്സന ജോസഫും വിവാഹിതരാകാൻ തീരുമാനിച്ചതിനെ ചൊല്ലി വിവാദം. വ്യത്യസ്ത മതസ്ഥരായ ഇവർ വിവാഹം ചെയ്യുന്നതിനെതിരേ ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തിയതോടെയാണ് സി.പി.എം വിഷത്തിൽ ഇടപെട്ടത്.
നേതാവിനെതിരേ നടപടി സ്വീകരിക്കുമെന്നും പെൺകുട്ടി ഉൾപ്പെട്ട സമുദായത്തെ അദ്ദേഹം വേദനിപ്പിച്ചുവെന്നും തിരുവമ്പാടി മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ്ജ് എം. തോമസ് പറഞ്ഞു. കൂടാതെ പാർട്ടിയുമായി ആലോചിച്ച് ഷെജിനെതിരേ ഉചിതമായ നടപടിയെടുക്കുമെന്നും മുൻ എം.എൽ.എ വ്യക്തമാക്കി. മിശ്രവിവാഹം നടത്തണമെന്നുണ്ടെങ്കിൽ പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളോട് കൂടിയാലോചിക്കേണ്ടതായിരുന്നു. പാർട്ടിയുമായി ക്രിസ്ത്യൻ മതവിഭാഗം സഹകരിച്ചു വരുമ്പോൾ ഈയൊരു സംഭവത്തെ കുറിച്ച് വിശദീകരിക്കേണ്ടത് പാർട്ടിയുടെ കടമയണ്. അതുകൊണ്ട് ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കാൻ സി.പി.എം പൊതുയോഗവും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സജീവ പാർട്ടി പ്രവർത്തകനായ നൂറാംതോട് സ്വദേശി എം.എസ് ഷെജിൻ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സന ജോസഫിനൊപ്പം പോയത്. സഊദിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജ്യോത്സന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11ഓടെ പുറത്തുപോയ പെൺകുട്ടി തിരികെയെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ കോടഞ്ചേരി പൊലിസിൽ പരാതി നൽകി. മൂന്നു ദിവസമായിട്ടും പെൺകുട്ടിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കളുടെയും കാസ എന്ന സംഘടനയുടെയും നേതൃത്വത്തിൽ കോടഞ്ചേരി പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനുശേഷം ജ്യോത്സനയെ കണ്ടെത്താൻ ഹേബിയസ് കോർപസ് ഹരജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം രാവിലെ നവദമ്പതികൾ താമരശേരി കോടതിയിൽ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനൊപ്പം പോയതെന്ന് ജ്യോത്സന കോടതിയിൽ പറഞ്ഞു. തുടർന്ന് ഷെജിനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."