നയം വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇന്ത്യയുമായി സമാധാനപരമായ ബന്ധം ആഗ്രഹിക്കുന്നു മോദിയുടെ ആശംസയ്ക്ക് നന്ദി കശ്മിർ പരാമർശം തുടർന്ന്
ഷഹബാസ്
ഇസ്‌ലാമാബാദ്
ഇന്ത്യയും പാകിസ്താനും പരസ്പരം സമാധാനം ഉറപ്പാക്കണമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമൂഹിക, സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച അധികാരത്തിലേറിയ അദ്ദേഹത്തെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ച സന്ദേശം പങ്കുവച്ചുകൊണ്ടായിരുന്നു ഷഹബാസ് ഷരീഫ് ഇക്കാര്യം പറഞ്ഞത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനപരവും പരസ്പര സഹകരണത്തിൽ ഊന്നിയതുമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. കശ്മിർ വിഷയത്തിലുൾപ്പെടെ സമാധാനപരമായ ഒത്തുതീർപ്പ് ആവശ്യമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്താന് സംഭവിച്ച നഷ്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. നമുക്ക് സമാധാനം ഉറപ്പാക്കാം. അതുപോലെ ജനങ്ങളുടെ സമൂഹിക, സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം'- ഷഹബാസ് ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം നാഷനൽ അസംബ്ലിയിൽ അദ്ദേഹം നടത്തിയ ആദ്യ പ്രസംഗത്തിലും കശ്മിർ വിഷയം പരാമർശിച്ചിരുന്നു.
ഭീകരതയ്ക്ക് ഇടമില്ലാത്ത, സമാധാനവും സ്ഥിരതയുള്ള പ്രദേശമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അപ്പോൾ മാത്രമേ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂവെന്നുമായിരുന്നു നേരത്തെ മോദി വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."