കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി ഈശ്വരപ്പക്കെതിരെ കേസ്
ബംഗളൂരു: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പയെ പ്രതി ചേര്‍ത്തു.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മന്ത്രിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആത്മഹത്യ ചെയ്ത സന്തോഷ് പാട്ടീലിന്റെ സഹോദരന് പ്രശാന്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
'ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ മാത്രമാണ് തന്റെ മരണത്തിന് ഉത്തരവാദി. എന്റെ ആഗ്രഹങ്ങള്‍ മാറ്റിവെച്ചാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്. എന്റെ ഭാര്യയെയും കുട്ടികളെയും സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നമ്മുടെ പ്രിയപ്പെട്ട ലിംഗായത്ത് നേതാവ് ബി.എസ്.വൈയോടും മറ്റെല്ലാവരോടും ഞാന്‍ കൈകൂപ്പി അഭ്യര്‍ഥിക്കുകയാണ്' അദ്ദേഹം കത്തില്‍ എഴുതി.
ഈശ്വരപ്പയുടെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗ്രാമവികസനപഞ്ചായത്ത് രാജ് വകുപ്പിന്റെ കീഴില്‍ പാട്ടീല്‍ നടത്തിയ 4 കോടി രൂപയുടെ പദ്ധതിയില്‍ മന്ത്രിയുടെ കൂട്ടാളികള്‍ 40 ശതമാനം കമ്മീഷന് ആവശ്യപ്പെട്ടതായി പാട്ടീല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈശ്വരപ്പ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."