വീഴ്ചയിലും തളരാതെ ചെമ്പല്ലിക്കൂടിന്റെ 'എന്‍ജിനീയര്‍'
ചെറുവത്തൂര്‍: മുളകള്‍ ചീന്തിയെടുത്ത് കൃത്യമായി വിടവുകളുണ്ടാക്കി ചൂടിക്കയര്‍ കൊണ്ട് വലിഞ്ഞു കെട്ടും. പുഴയില്‍ പുളച്ചെത്തുന്ന ചെമ്പല്ലികള്‍ കൂടിനുള്ളില്‍ പെട്ടാല്‍ പിന്നെ ഒരു മീനിനും പുറത്തിറങ്ങാനാകാരുത്. ഈ നിര്‍ബന്ധബുദ്ധിയോടെയാണു കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപത്തെ വീട്ടിലിരുന്നു പൊക്കന്‍ ചെമ്പല്ലിക്കൂടുണ്ടാക്കുന്നത്. തന്റെ പക്കല്‍ നിന്നു ചെമ്പല്ലിക്കൂട് വാങ്ങി മത്സ്യ ബന്ധനത്തിനെത്തുന്നവര്‍ നിരാശരാകരുതെന്നു ബോധ്യത്തോടു കൂടി പണിയുന്ന ചെമ്പല്ലിക്കൂടുകള്‍ക്ക് അതുകൊണ്ടു തന്നെ ആവശ്യക്കാരും ഏറെയാണ്. അതിനാലാണ് അറുപത്തിയഞ്ചാം വയസിലും പൊക്കന് തിരക്കൊഴിയാത്തത്.
തെങ്ങില്‍ നിന്നു വീണതിനെ തുടര്‍ന്നു നടുനിവര്‍ക്കാന്‍ പ്രയാസമെങ്കിലും കൂടുകള്‍ ഒരുക്കാനിരുന്നാല്‍ അദ്ദേഹം വേദന മറക്കും. 40 വര്‍ഷമായി ഇദ്ദേഹം കൂടുണ്ടാക്കാന്‍ തുടങ്ങിയിട്ട്. മാസത്തില്‍ മൂന്നോ നാലോ കൂടുണ്ടാക്കും. മുമ്പ് പത്തും പതിനഞ്ചും കൂടുകള്‍ ഒരു മാസത്തില്‍ ഉണ്ടാക്കിയിരുന്നു. ചെമ്പല്ലിക്കൂടിനൊപ്പം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന 'കുത്തൂട് നിര്‍മിക്കുന്നതിലും ഇദ്ദേഹത്തിനു വൈദഗ്ധ്യമുണ്ട്'. ചെമ്പല്ലിക്കൂട് വാങ്ങാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട്. ഒരു കൂട് നിര്‍മിക്കാന്‍ ഇപ്പോള്‍ മൂന്നു ദിവസം വേണം. പച്ചമുള, കവുങ്ങില്‍ കഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ആകര്‍ഷണീയമായ രീതിയിലാണ് നിര്‍മാണം. കൂടിനുള്ളിലുള്ള പ്രത്യേക അറകളില്‍ മീനുകള്‍ എത്തിയാല്‍ ഇവക്ക് പുറത്ത് കടക്കാന്‍ കഴിയില്ല എന്നതാണ് പ്രത്യേകത. വെള്ളത്തില്‍ കൂട് താഴ്ത്തിവച്ചാണ് മീന്‍ പിടിക്കുക. ഏറെ ശ്രമകരമാണെങ്കിലും കഴിയാവുന്നിടത്തോളം കാലം ഇത് തുടരാന്‍ തന്നെയാണ് പൊക്കന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."