നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, ഗുരുതരമല്ലെങ്കില്‍ മൂന്നു ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആശുപത്രികളിലെ കൊവിഡ് രോഗികളുടെ തിരക്കു കണക്കിലെടുത്ത് ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആകുന്നതുവരെ കാത്തുനില്‍ക്കേണ്ടതില്ലെന്നതാണ് ശ്രദ്ധേയമായ മാറ്റം.
ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ രോഗലക്ഷണം പ്രകടിപ്പിക്കാതെ മൂന്നു ദിവസം പിന്നിട്ടാല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാം. ശേഷം വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം.
രോഗലക്ഷണം പ്രകടമാവുകയോ, രോഗം സ്ഥിരീകരിക്കുകയോ ചെയ്തതു മുതല്‍ 17 ദിവസം പൂര്‍ത്തിയാക്കുന്നതു വരെ ഐസൊലേഷനില്‍ തുടരണം. പനിയും മറ്റു രോഗാവസ്ഥകളുമുള്ളവര്ക്ക് മരുന്നുകളുടെ സഹായമില്ലാതെ 72 മണിക്കൂര്‍ പനി വരാതെ പിന്നിടണം. അമിതക്ഷീണം, ഓക്സിജന്റെ സഹായം തുടങ്ങിയവയും ഒഴിവാകണം. ഗുരുതരാവസ്ഥയുള്ളവര്ക്ക് പതിനാലാം ദിവസം ആന്റിജന്‍ പരിശോധന നടത്തും. നിലവില്‍ എല്ലാ രോഗികളെയും ആന്റിജന്‍ പരിശോധന നെഗറ്റീവാകുമ്പോള്‍ മാത്രമായിരുന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നത്.
ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായി, മൂന്ന് ദിവസം ലക്ഷണങ്ങളില്ലാതെ പിന്നിട്ടാല്‍ ആശുപത്രി വിടാം. നെഗറ്റീവായിട്ടും ആരോഗ്യാവസ്ഥ മോശമാണെങ്കില്‍ ആശുപത്രിയിലെ സൗകര്യം അനുസരിച്ച് കൊവിഡ് ഐ.സി.യുവില്‍ തുടരുകയോ നോണ്‍ കൊവിഡ് ഐ.സി.യുവിലേക്ക് മാറ്റുകയോ വേണം. പോസിറ്റീവായി തുടരുകയാണെങ്കില്‍ 48 മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധന നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."