കിണറില്‍ റിങ് ഇറക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു
തൊടുപുഴ: കിണറില്‍ റിങ് ഇറക്കുന്നതിനിടെ ഒരുഭാഗം അടര്‍ന്ന് തലയില്‍ വീണ് യുവാവ് മരിച്ചു. തൊടുപുഴ ഒളമറ്റം കുന്നുമ്മല്‍ ശ്രീജിത്ത് കൃഷ്ണയാണ് (ജിത്ത് 42) മരിച്ചത്. ഇന്നലെ രാവിലെ തൊടുപുഴ ആനക്കൂട് കവലയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കിണറില്‍ റിങ് ഇറക്കുമ്പോഴാണ് അപകടം. ശ്രീജിത്തടക്കം ഏഴ് തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്.
മറ്റുള്ളവര്‍ കയര്‍ കെട്ടി റിങ് ഇറക്കുമ്പോള്‍ പിടിച്ചുവയ്ക്കാനായി കിണറിനുള്ളില്‍ നില്‍ക്കുകയായിരുന്നു ശ്രീജിത്ത്. ഇങ്ങനെ ഏഴ് റിങ്ങുകള്‍ സംഘം കിണറ്റില്‍ ഇറക്കി. എട്ടാമത്തേത് ഇറക്കുമ്പോള്‍ റിങ്ങിന്റെ ഒരു ഭാഗം അടര്‍ന്ന് ശ്രീജിത്തിന്റെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ കരയ്ക്കുകയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍. കണ്ണൂര്‍ ഇരിട്ടി കുന്നുമ്മല്‍ പരേതനായ കൃഷ്ണന്റെയും ശ്രീമതിയുടെയും മകനായ ശ്രീജിത്ത് 15 വര്‍ഷത്തിലേറെയായി തൊടുപുഴയിലാണ് താമസം.
ഒളമറ്റം പുത്തന്‍വീട്ടില്‍ ആശയാണ് ഭാര്യ. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിനവ്, ചുങ്കം സെന്റ് ജോസഫ് യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി അനഘ, ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഭിനന്ദ് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."