'ഹൃദയഭേദകം ഇന്ത്യ'-വിഷമം പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനയും
ജനീവ: ഇന്ത്യയിലെ അതിഗുരുതരമായ കൊവിഡ് സാഹചര്യത്തില്‍ വിഷമം പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനയും. ഇന്ത്യയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ലോകാരോഗ്യസംഘടാന തലവന്‍ ടെഡ്രോസ് അഥാനം ഗബ്രീഷ്യസ് പ്രതികരിച്ചു. ഹൃദയഭേദകം എന്നാണ് ഇന്ത്യയുടെ അവസ്ഥയെ ടെഡ്രോസ് വിശേഷിപ്പിച്ചത്. സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യസംഘടന ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
'പല രാജ്യങ്ങളിലും കേസ് കുറയുന്നുവെന്നത് സന്തോഷം പകരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്ത്യയിലേത് ഹൃദയം നുറുങ്ങുന്നതിനുമപ്പുറം വേദനിപ്പിക്കുന്ന സാഹചര്യമാണ്,' ടെഡ്രോസ് പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തിന് അധികം ജീവനക്കാരേയും സാമഗ്രികളും അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രറ്റേഴ്‌സ് മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍സ്, ലബോറട്ടറികള്‍ എന്നിവ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ ഉള്‍പെടെ രാജ്യത്തെ പല ആശുപത്രികളിലും കടുത്ത ഓക്സിജന്‍ ക്ഷാമമാണ് കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്നത്.
ഓക്‌സിജന്റെ അഭാവം മൂലം ചികിത്സ ലഭിക്കാതെ നിരവധിപേരാണ് ഡല്‍ഹിയില്‍ മരിച്ചത്.
24 മണിക്കൂറില്‍ 3,52,991 പുതിയ കൊവിഡ് കേസുകളാണ് തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,73,13,163 ആയി ഉയര്‍ന്നു. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."