ആധുനിക സമൂഹത്തിലെയും ചിന്തകളിലെയും അംബേദ്കർ
രമേഷ് നന്മണ്ട
ഏപ്രിൽ 14 ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനമാണ്. 1891 ഏപ്രിൽ 14 നാണ് അദ്ദേഹം മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബവാഡെയിലെ 'മൗ' എന്ന സ്ഥലത്ത് ജനിക്കുന്നത്. വ്യവസ്ഥകളോടും വിലക്കുകളോടും ഏറ്റുമുട്ടിക്കൊണ്ടുതന്നെ അദ്ദേഹം വിജയത്തിന്റെ പടവുകൾ ഓരോന്നായി ചവുട്ടിക്കയറി. ഇന്ത്യൻ ഭരണഘടനാശിൽപി, പ്രക്ഷോഭകാരി, അടിച്ചമർത്തപ്പെട്ടവരുടെ വിമോചകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങിനിൽക്കുന്നു.പരമ്പരാഗത വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചാണ് അംബേദ്കർ തന്റെ പ്രക്ഷോഭയാത്ര ആരംഭിച്ചത്. അതിനാൽ, പരമ്പരാഗത ഇന്ത്യൻ ബുദ്ധിജീവിലോകം അംബേദ്കറെ അവഗണിക്കുകയാണ് ചെയ്തുപോന്നത്. എന്നാൽ ബൗദ്ധികമായി ഉന്നതനിലവാരം പുലർത്തുന്ന വിദേശസർവകലാശാലകളിലെ അക്കാദമിക് സമൂഹത്തിന് അംബേദ്കർ എന്നും ആവേശവും അത്ഭുതവുമായിരുന്നു.
ഇന്ത്യൻ ബൗദ്ധികലോകം എന്നും അംബേദ്കറെ മാറ്റിനിർത്തുവാനായിരുന്നു ഇഷ്ടപ്പെട്ടത്. അതിനുകാരണം ഇന്ത്യൻ ബൗദ്ധികലോകം- അക്കാദമികലോകം എന്നും ബ്രാഹ്മണിക സാമൂഹികക്രമത്തിന്റെ അഥവാ ബ്രാഹ്മണിസത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തുനിന്നവരായിരുന്നു എന്നതാണ്. ഇടതുപക്ഷം, വലതുപക്ഷം, മധ്യപക്ഷം എന്നൊക്കെ പറയുന്നത് 'ബ്രാഹ്മണിസ'ത്തിന്റെ ഇടത്തേപക്ഷവും വലത്തേപക്ഷവും എന്നേ ഇന്ത്യൻ സാഹചര്യത്തിൽ അർഥമാക്കേണ്ടതുള്ളൂ. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകളെ അംബേദ്കർ 'ബ്രാഹ്മിൺ ബോയ്‌സ്' എന്നു വിളിച്ചത്.
അംബേദ്കറെ
വാരിപ്പുണരുന്ന സമൂഹം
മടിച്ചാണെങ്കിലും ആധുനിക സമൂഹം അംബേദ്കറെ വാരിപ്പുണരാൻ തുടങ്ങിയിട്ടുണ്ട്. സമീപകാലത്തുവരെ അംബേദ്കറെ കേവലമൊരു ഇന്ത്യൻ ഭരണഘടനാശിൽപിയോ അല്ലെങ്കിൽ അധഃസ്ഥിതരുടെ നേതാവോ മാത്രമായി തികച്ചും പരിമിത വൃത്തത്തിനകത്തുമാത്രം നിർത്തിയിരുന്ന ആധുനികസമൂഹം, പ്രധാനമായും ന്യൂനപക്ഷങ്ങൾ, വിദ്യാർഥികൾ, ജനാധിപത്യവാദികൾ, സ്ത്രീകൾ തുടങ്ങിയവർ- അവർക്കിന്നാവശ്യമുള്ള പലതും അംബേദ്കറിലുണ്ട് എന്ന തിരിച്ചറിയാനും അദ്ദേഹത്തെ അംഗീകരിക്കാനും തയാറായിട്ടുണ്ട്. കേവലമായി അംഗീകരിക്കുക മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ബഹുസ്വരത, ജനാധിപത്യം, മതനിരപേക്ഷത, സർവോപരി ഇന്ത്യൻ ഭരണഘടനതന്നെ അപകടത്തിലായ ആധുനിക കാലത്ത് ഇത് സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒരു സുരക്ഷിതകവചമായി, ജനാധിപത്യത്തിന്റെ -സോഷ്യലിസത്തിന്റെ ശക്തമായ ഐക്കണായി ഉയർത്തിപ്പിടിക്കുവാൻ കഴിയുന്നത് അംബേദ്കറെതന്നെയാണ് എന്ന തിരിച്ചറിവ് മത-ജാതി ഭേദമന്യേ ഇന്ത്യൻ യുവത്വത്തിന് ഉണ്ടായിരിക്കുന്നു. സമീപകാലത്ത് ഇന്ത്യ കണ്ട പൗരത്വപ്രക്ഷോഭമടക്കമുള്ള വിവിധ സമരങ്ങളിൽ അംബേദ്കർ ചിത്രങ്ങൾ ഉയർന്നുനിന്നത്. ഇത് വ്യക്തമാക്കുന്നത് 'രാമരാജ്യ'ത്തിന് പകരം വയ്ക്കാൻ 'ഭീം രാജ്യം' തന്നെയാണുള്ളത് എന്നാണ്. രാമരാജ്യം ഹിന്ദുമതരാഷ്ട്രമാണെങ്കിൽ 'ഭീം രാജ്യം' ജനാധിപത്യ ഇന്ത്യയാണ്, മതനിരപേക്ഷ ഇന്ത്യയാണ്, ബഹുസ്വരതയാൽ മനോഹരമായ ഇന്ത്യയാണ്. ഇന്ത്യയിലെ മുസ്‌ലിം മതന്യൂനപക്ഷങ്ങൾ, സിഖ്-ബൗദ്ധ ന്യൂനപക്ഷങ്ങൾ അടക്കമുള്ളവരും ജനാധിപത്യവാദികളും 'ജയ് ശ്രീരാമി'നുപകരം 'ജയ്ഭീം' മുഴക്കി ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും സർവോപരി ഇന്ത്യൻ ഭരണഘടനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.
ഭരണഘടനയാണ് ഇന്ത്യ
ബ്രാഹ്മണിസത്തിന്റെ സ്ഥാപനത്തോടെ തകർക്കപ്പെട്ട, അടിമത്തത്തിലാണ്ടുപോയ ഇരുണ്ട ഇന്ത്യയെ ആധുനിക ഇന്ത്യയായി രൂപപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടന നിലവിൽവരുന്നതിനുമുമ്പ് ഭരണവ്യവസ്ഥ മനുസ്മൃതിയായിരുന്നു. മനുസ്മൃതി യഥാർഥ ഇന്ത്യൻ വംശജർക്ക് വിദ്യാഭ്യാസം, ഭൂമി, സമ്പത്ത്, അധികാരം, നല്ല വസ്ത്രങ്ങൾ തുടങ്ങി അന്തസ്സായി മനുഷ്യന് ജീവിക്കാൻ വേണ്ടതെല്ലാം നിഷേധിച്ചു. ബ്രിട്ടീഷുകാർ വന്നതിനുശേഷം സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കി- വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അധഃസ്ഥിതർ ഉയർന്നുവരാൻ തുടങ്ങി. ഫൂലെ-സാഹു-അംബേദ്കർ പ്രസ്ഥാനങ്ങൾ എല്ലാം ഉയർന്നുവന്നു. ജാതിഹിന്ദുക്കളുടെ ഭരണഘടനയായ മനുസ്മൃതിയെ തകർത്തെറിഞ്ഞുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. മനുസ്മൃതി ഉയർത്തിപ്പിടിക്കുകയും ഹിന്ദുരാഷ്ട്രവാദം ഉയർത്തുകയും ചെയ്യുന്നവർക്ക് എന്നും മുന്നിൽ തടസം നിൽക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. അതുകൊണ്ടാണ് അവർ ഇന്ത്യൻ ഭരണഘടനയെ എതിർക്കുന്നത്.
'മനുഇന്ത്യ'യെ 'മാനവഇന്ത്യ'യാക്കി പരുവപ്പെടുത്തുന്നതിൽ അംബേദ്കറുടെ പങ്ക് ചെറുതല്ല. അതിനാലാണ് അംബേദ്കർ ആധുനിക ഇന്ത്യയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്. 1948 നവംബർ അഞ്ചിന് ഭരണഘടനാ അസംബ്ലിയിൽ പ്രസംഗിച്ചുകൊണ്ട് ടി.ടി കൃഷ്ണമാചാരി പറഞ്ഞു: 'ഏഴ് അംഗങ്ങളെ സഭ നോമിനേറ്റ് ചെയ്തതിൽ ഒരാൾ രാജിവയ്ക്കുകയും പകരം മറ്റൊരാളെ വയ്ക്കുകയും ചെയ്തത് സഭക്ക് അറിവുള്ളതാണല്ലോ. ഒരാൾ മരിച്ചുപോയി. പകരം മറ്റൊരാളെ വച്ചില്ല. ഒരാൾ അമേരിക്കയിലായിരുന്നു. മറ്റൊരാൾ സംസ്ഥാനകാര്യങ്ങളിൽ മുഴുകിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ അഭാവവും ഗണ്യമായിട്ടുള്ളതായിരുന്നു. ഒന്നോ രണ്ടോ പേർ ഡൽഹിയിൽന്നും വളരെ അകലെയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ അവർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഭരണഘടന എഴുതിയുണ്ടാക്കേണ്ട പൂർണഭാരവും അംബേദ്കറിലായി. അഭിനന്ദനാർഹമായ രീതിയിൽ ഈ കൃത്യം നിർവഹിച്ചു വിജയിച്ചതിൽ നാം എല്ലാവരും അദ്ദേഹത്തോട് കൃതജ്ഞതയുള്ളവരാണ്'. ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചില യോഗങ്ങളിൽ അംബേദ്കറും അദ്ദേഹത്തിന്റെ സെക്രട്ടറിയും മാത്രമേ സന്നിഹിതരായിരുന്നുള്ളു എന്നുകൂടി കുറിക്കുമ്പോഴേ ചിത്രം പൂർത്തിയാവുകയുള്ളൂ.
മതരാഷ്ട്രവാദത്തിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഏറ്റവും വലിയ ആയുധം ഇന്ത്യൻ ഭരണഘടനയും അതിന്റെ ശിൽപി അംബേദ്കറുമാണ്. അതിനാലാണ് പൗരത്വപ്രക്ഷോഭത്തിൽ പ്രക്ഷോഭകർ ഒരു കൈയിൽ ഇന്ത്യൻ ഭരണഘടനയും മറുകൈയിൽ അംബേദ്കറെയും ഉയർത്തിപ്പിടിച്ചത്. ആധുനിക ഇന്ത്യ നിലനിൽക്കണമെങ്കിൽ ഭരണഘടന നിലനിൽക്കണം. ഭരണഘടന തന്നെയാണ് ഇന്ത്യ. ഇന്ത്യ ഭൂമിശാസ്ത്രപരമായ ഒരു അതിർത്തിയോ അതിനുള്ളിലുള്ള മണ്ണോ അല്ല. ഇന്ത്യ ഒരാശയമാണ്. ഈ ആശയത്തെ രൂപപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയാണെങ്കിൽ അത്രതന്നെ പ്രാധാന്യം അംബേദ്കർക്കുമുണ്ട്. അതിനാലാണ് അദ്ദേഹം ആധുനിക ഇന്ത്യയുടെ പിതാവാകുന്നത്.
അംബേദ്കറും
രാഷ്ട്രീയാധികാരവും
രാഷ്ട്രീയാധികാരത്തിലൂടെ മാത്രമേ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ പുരോഗതി സാധ്യമാവൂ എന്ന കാഴ്ചപ്പാടാണ് അംബേദ്കർ മുന്നോട്ടുവയ്ക്കുന്നത്. അധികാരം പങ്കുവയ്ക്കുമ്പോൾ അവകാശം നിഷേധിക്കപ്പെടുന്നവർക്ക് അവകാശം പങ്കുവയ്ക്കുമ്പോഴും അർഹതപ്പെട്ടത് നിഷേധിക്കപ്പെടും എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതിനാൽ തന്റെ ജനതയോടായി അദ്ദേഹം പറഞ്ഞത്, നിങ്ങൾക്ക് ഞാൻ വോട്ടവകാശം നേടിത്തന്നത്, എക്കാലവും നിങ്ങളെ അടിച്ചമർത്തി മർദകഭരണം നടത്തുന്നവരെ വീണ്ടും വോട്ട് ചെയ്ത് അധികാരത്തിലേറ്റാനല്ല, മറിച്ച് നിങ്ങളുടെ വോട്ടവകാശമുപയോഗിച്ച് സ്വയം ഭരണാധികാരികളായി മാറാനാണ് എന്ന്. തുടർന്ന് അദ്ദേഹം പറഞ്ഞു; 'നിങ്ങൾ നിങ്ങളുടെ ചുമരുകളിൽ എഴുതിവെയ്ക്കുക- നാളെ നിങ്ങൾ ഇന്ത്യയുടെ ഭരണാധികാരികളായി മാറുമെന്ന്'.
സ്വന്തം നിലയിൽ പുതിയ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റം ദലിതർ ഉയർത്തിക്കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്ത അംബേദ്കർ, നാം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സാമൂഹ്യമാണെങ്കിലും അതിന്റെ പരിഹാരം രാഷ്ട്രീയത്തിൽ തന്നെയാണെന്ന് ആവർത്തിച്ച് അടിവരയിടുകയുണ്ടായി. ഈ രാഷ്ട്രീയ അധികാര പോരാട്ടം ഇന്ത്യയിൽ ഇനിയും ഉയർന്നുവരേണ്ടതുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെമ്പാടും അത്തരം അംബേദ്കറൈറ്റ് -ജനാധിപത്യ രാഷ്ട്രീയമുന്നേറ്റങ്ങൾ ഉയർന്നുവരുന്നുണ്ട്.
അസമത്വ/അടിമത്തത്തിനെതിരായ പോരാട്ടം, ബ്രാഹ്മണിസത്തിനെതിരേയുള്ള പോരാട്ടം, സമത്വം വിളംബരം ചെയ്യുന്ന ബുദ്ധമതസ്വീകരണ പദ്ധതി,വിവിധ മത/ജാതി/സമുദായവിഭാഗങ്ങൾ ഒരുമിച്ച് ജീവിക്കുന്ന ഇന്ത്യയിൽ നാടിന്റ ബഹുസ്വരത നിലനിർത്തുന്ന ജനാധിപത്യസങ്കൽപം, രാഷ്ട്രീയാധികാരത്തിലൂടെ ഇവയെ നിയന്ത്രിക്കുവാനും നടപ്പിലാക്കുവാനും കഴിയുന്ന അധികാര രാഷ്ട്രീയ പദ്ധതി- ഇതെല്ലാം കൂടിചേർന്ന ഒരാദർശവ്യവസ്ഥയാണ് അംബേദ്കറിസം അഥവാ അംബേദ്കർ ചിന്തകൾ. ഇന്ത്യൻ ആധുനിക സമൂഹം അംബേദ്കറെ ഇനിയും വായിക്കേണ്ടതുണ്ട്. അറിയേണ്ടതുണ്ട് - തിരിച്ചറിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."