ജമാഅത്തിന് ഹലാലായ മൂല്യാധിഷ്ഠിത ആര്‍.എസ്.എസ്
ശഫീഖ് പന്നൂര്‍
മീഡിയാവണിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ പിന്‍വലിച്ച വിവരം പുറം ലോകത്തെ അറിയിച്ച് കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അന്നത്തെ മീഡിയാവണിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ സി.എല്‍ തോമസ് നല്‍കിയ വിശദീകരണത്തിന്റെ അവസാന വാക്യങ്ങളിങ്ങനെയാണ് 'വാര്‍ത്താ പ്രവര്‍ത്തനം സത്യത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തുടരുക തന്നെ ചെയ്യും, മന്ത്രാലയത്തിന് കാര്യകാരണങ്ങള്‍ സഹിതം ഞങ്ങള്‍ മറുപടി നല്‍കുകയല്ലാതെ മാപ്പ് അപേക്ഷിച്ചിട്ടില്ല'.
ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ അവരുടെ സംവിധാനങ്ങളും സ്ഥാപനങ്ങളും സംഘ്പരിവാറിന്റെ രൗദ്രമായ ബുള്‍ഡോസര്‍ കൈയേറ്റങ്ങളെ പ്രതിരോധിക്കാനായി രാജ്യത്തെ ജനാധിപത്യ നിയമസംവിധാനങ്ങളില്‍ ഉറച്ചു വിശ്വസിച്ച് മാപ്പിനും അനുരജ്ഞനത്തിനും കീഴടക്കാതെ അഭിമാനത്തോടെ പോരാടുകയാണ്. ഇതിനിടയിലാണ് വംശീയ ഉന്മൂലനവും ഹിന്ദ്വുത രാഷ്ട്രനിര്‍മാണവും ലക്ഷ്യമാക്കി കുതിക്കുന്ന സംഘ്പരിവാറുമായി കുറുക്കനെ തേടി പോകുന്ന കോഴിയെപ്പോലെ ജമാഅത്തെ ഇസ് ലാമിയും സംഘവും രഹസ്യചര്‍ച്ച നടത്തിയെന്നുള്ള വിവരം പുറം ലോകം അറിയുന്നത്.
ജനുവരി 14ന് ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണറായ നജീബ് ജങ്ങിന്റെ വസതിയിലാണ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ചര്‍ച്ച നടന്നത്. ആര്‍.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ്‌കുമാര്‍, ബി.ജെ.പിയുടെ സംഘടനാ ചുമതല വഹിച്ചിരുന്ന രാം ലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. മുസ് ലിം പക്ഷത്ത് നിന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രതിനിധികളായ നിയാസ് അഹ്‌മദ് ഫാറൂഖി, മൗലാനാ ഫസ് ലു റഹ് മാന്‍, ജമാഅത്തെ ഇസ് ലാമി ഹിന്ദ് പ്രതിനിധി മാലിഖ് മുഅ്തസിം ഖാന്‍ തുടങ്ങിയവരാണ് പ്രധാനമായും ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതീവ രഹസ്യമായാണ് ചർച്ച നടന്നത് എന്നതിന് ജമാഅത്ത് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് സാക്ഷി. ജനുവരി 14 നാണ് ചര്‍ച്ച നടന്നത്. 'മാധ്യമം' പത്രത്തില്‍ ഇതുസംബന്ധിച്ച സമഗ്രവാര്‍ത്ത വരുന്നത് 12 ദിവസം കഴിഞ്ഞ് ജനുവരി 26ന്. ആഴ്ചയില്‍ പുറത്തിറങ്ങുന്ന 'പ്രബോധന'ത്തില്‍ മാധ്യമം ഡല്‍ഹി റിപ്പോര്‍ട്ടറുടെ കുറിപ്പ് വരുന്നത് രണ്ടാഴ്ചക്കുശേഷം ഫെബ്രുവരി 10ന്. മാധ്യമം പത്രാധിപരുടെ ലേഖനം വരുന്നത് ഫെബ്രുവരി 17ന്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹരിച്ചുകളയാം എന്ന അതിമോഹത്തോടെ സംഘ്പരിവാറിന്റെ ആലയിലേക്ക് ധൈര്യസമേതം കടന്നുചെന്ന് ജമാഅത്ത് നേതാക്കള്‍ നടത്തിയ അതിഗംഭീരമായ ഇടപെടല്‍ പരസ്യമായുള്ളതാണെങ്കില്‍ നാലാളെ അറിയിക്കുകയല്ലെ ചെയ്യേണ്ടത്. എന്നാല്‍, അതുണ്ടായില്ല. ജമാഅത്ത് നേതാക്കള്‍ വൈകി പങ്കെടുത്ത സമുദായ സംഘടനാ യോഗങ്ങള്‍ പോലും ഞങ്ങളാണ് നേതൃത്വംവഹിച്ചതെന്ന ധ്വനിയോടെ അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കുന്ന ജമാഅത്ത് മാധ്യമങ്ങള്‍ 10 ദിവസത്തോളം ഈ ചര്‍ച്ചയെ കുറിച്ച് ഒരക്ഷരവും ആരോടും പറഞ്ഞില്ല. ഔട്ടോഫ് ഫോക്കസില്‍ പോലും പതിഞ്ഞില്ലെന്നതാണ് ചര്‍ച്ച രഹസ്യമായിരുന്നുവെന്നതിന്റെ തെളിവ്.
ഞങ്ങള്‍ മാത്രമല്ല മറ്റുള്ളവരും പങ്കെടുത്തിട്ടുണ്ട്, ഞങ്ങളെ മാത്രം ആക്ഷേപിക്കുന്നതെന്തിനാണ് തുടങ്ങിയ തൊടുന്യായങ്ങളാണ് ശൂറ ചേര്‍ന്ന് പറയുന്നത്. ഇത് കള്ളന്റെ ന്യായമാണ്. മോഷ്ടാവിനെ പിടിച്ചപ്പോള്‍ ഞാന്‍ മാത്രമല്ല അവനും കട്ടിട്ടുണ്ടെന്ന ന്യായീകണം. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ ചേര്‍ത്തു പിടിക്കലിലുണ്ട് ഞങ്ങളുടെ നിലപാടിന് വിരുദ്ധമായാണ് ചര്‍ച്ച നടത്തിയതെന്ന കുമ്പസാരം. ചെയ്തത് ധീരവും സുചിന്തിതവുമായ നടപടിയാണെങ്കില്‍ കര്‍തൃത്വം ഏറ്റെടുത്ത് കേരളാ ഘടകം ജമാഅത്തിന് വിശദീകരണം നല്‍കിക്കൂടേ, അതുണ്ടായില്ല. ചാനല്‍ ചര്‍ച്ചകളിലൊന്നില്‍ പോലും ജമാഅത്ത് പ്രതിനിധികളാരും പങ്കെടുക്കാതിരുന്നത് വെറുതേയല്ല, ജാള്യത മറക്കാനും ന്യായീകരിക്കാനും ജമാഅത്ത് സഹിത്യത്തിലെ വരണ്ട പദാവലികള്‍ മതിയാവില്ല, പകരം കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി തന്നെ വേണ്ടിവരും എന്ന തിരിച്ചറിവിന്റെ പുറത്താണ്.
ജമാഅത്ത് മാത്രം എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്നതിന്റെ കാരണത്തിലേക്ക് വരാം. ചര്‍ച്ച നടത്തിയ സംഘടനകളില്‍ കേരളത്തില്‍ ചെറുതായെങ്കിലും സാന്നിധ്യമുള്ളത് ജമാഅത്തെ ഇസ് ലാമി മാത്രമാണ്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും മറ്റും കേരളത്തില്‍ കടലാസ് സംഘടനകള്‍ മാത്രമാണ്. ദാഹിച്ചു പരവശനായ ആര്‍.എസ്.എസുകാരന് ഒരു ഗ്ലാസ് നാരങ്ങ വെള്ളം നല്‍കിയതിന് മറ്റുള്ളവര്‍ക്കെതിരേ നാളിതുവരെ ജമാഅത്ത് മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും ഒരു ദയാദാക്ഷിണ്യമില്ലാതെ നടത്തിയ വിചാരണകളുടെ സ്വഭാവികമായ പ്രതികരണം കൂടിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
മാവൂര്‍ റോഡില്‍ നടന്ന നോമ്പുതുറയില്‍ ശ്രീധരന്‍പിള്ളക്ക് വെള്ളവും അജ്‌വാ കാരക്കയുടെ കഷ്ണവും നല്‍കിയതിന് മുസ് ലിം സംഘടനകളെ ഊറക്കിട്ട് ശുദ്ധിയാക്കാനായി ജമാഅത്തുകാര്‍ നടത്തിയ ഉപദേശ നിർദേശങ്ങൾക്ക് കൈയും കണക്കുമുണ്ടോ? ബി.ജെ.പി പ്രതിനിധിയെ ആശംസാപ്രസംഗത്തിന് വിളിച്ച സുന്നികളില്‍ നിന്ന് സംഘ്പരിവാര്‍ ബാധ ഇറക്കാനായി ജമാഅത്തുകാര്‍ ഓതിയ മൗലൂദുകള്‍ ഓര്‍മയില്ലേ ? ബാബരി മസ്ജിദ് സംഘ്പരിവാര്‍ തച്ചുടച്ചപ്പോൾ രാഷ്ട്രീയമായി സാധ്യമായ ഏക മുന്നണിയില്‍ തന്നെ കോണ്‍ഗ്രസിനോട് നോ പറയാതെ ലീഗ് ഉറച്ചുനിന്നപ്പോള്‍ ലീഗിനെ ഉപദേശിച്ച് നന്നാക്കാനായി രാപാര്‍ത്ത് എടുത്ത സഘ്പരിവാര്‍ വിരുദ്ധ സ്പെഷല്‍ ക്ലാസുകള്‍ അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. ഇബ്രാഹീം സുലൈമാൻ സേട്ടിനെ മുഖ്യരാഷ്ട്രീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനായി എഴുതിയ റിപ്പോര്‍ട്ടുകള്‍ വെള്ളിമാട്കുന്നിലെ ലൈബ്രറിയുടെ അടിത്തട്ടിലെവിടയോ ചിതലരിക്കാതെ ഇന്നും കിടക്കുന്നുണ്ടാവും. കേരളത്തിലെ എല്ലാ മുസ്‌ലിം സമുദായ സംഘടനകള്‍ക്കും നാളിതുവരെ സൗജന്യമായി ചികിത്സയും മരുന്നും നല്‍കുകയായിരുന്നു ജമാഅത്ത്. ഇപ്പോള്‍ ജമാഅത്തിന് ആ സ്‌നേഹമസൃണമായ ആ പരിചരണം തിരിച്ചും നല്‍കുന്നു, ഇതൊരു കിടത്തി ചികിത്സയാക്കി മാറ്റാതിരിക്കാനുള്ള ജാഗ്രത എല്ലാവരും ശ്രദ്ധിക്കണം എന്നു മാത്രം !
അടുത്ത ന്യായമാണ് അതിലും രസം. നടത്തിയത് അജൻഡയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണത്രെ, ഒറ്റു കൊടുക്കാനുള്ളതല്ല, ഞങ്ങളെ കുറിച്ച് കേരളത്തിന് പുറത്ത് അറിയപ്പെടുന്നത് അഖില്‍വാലേ എന്നാണ്. ബൗദ്ധികമായ ചര്‍ച്ചകളും സംവാദങ്ങളും ഞങ്ങള്‍ക്കു മാത്രമേ സാധ്യമാവൂ എന്നത് ചാറ്റ് ജി.പി.ടി കാലത്തും ജമാഅത്ത് പേറുന്ന വരേണ്യ ചിന്തയില്‍ നിന്ന് ഉത്ഭവിച്ചതാണ്. ജമാഅത്തിതര മുസ്‌ലിം സമൂഹങ്ങളെല്ലാം അറിവും അജൻഡയും ഇല്ലാത്തവരാണെന്നും അവരുടെ അജൻഡകള്‍ നിശ്ചയിക്കുന്നത് ഞങ്ങളാണെന്നുമുള്ള ബ്രാഹ്‌മണിക മനോഭാവം ഹല്‍ഖയില്‍ ഒരു തവണയെങ്കിലും കയറിയിറങ്ങിയവര്‍ക്കു പോലുമുണ്ട്. കേരളത്തിലെ മറ്റു മുസ് ലിം സംഘടനകളെ കൂടി വിളിക്കാത്തത് കൊണ്ടാണത്രെ വിമര്‍ശനം. ജമാഅത്ത് സ്വീകരിച്ചു വരുന്ന നിലപാടാണിത്. പ്രമാദമായ കോട്ടക്കല്‍ കഷായത്തിന്റെ കഥ അതാണല്ലോ, ജമാഅത്തെ ഇസ് ലാമിയെ ക്ഷണിക്കാതെ ചേര്‍ന്ന മുസ് ലിം സംഘടനാ യോഗത്തെയാണ് മൗദൂദിയന്‍ സാഹിത്യത്തില്‍ കോട്ടക്കല്‍ കഷായം എന്നു വിശേഷപ്പിച്ചത്. അതേ മുസ് ലിം സംഘടനാ യോഗങ്ങളില്‍ ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ഇന്നത് പരിശുദ്ധ നെയ്യായി മാറി.
കേരളത്തിലെ പ്രബലമായ മുസ് ലിം സംഘടനകള്‍ക്കെല്ലാം സംഘ്പരിവാറിനോടുള്ള സമീപനത്തില്‍ കൃത്യമായ നിലപാടുകളുണ്ട്. ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ അസ്ഥിവാരമിട്ട സംഘ്പരിവാറിനോട് സംവാദമോ ചര്‍ച്ചയോ സാധ്യമല്ല എന്ന ഉറച്ച ബോധ്യമാണ് ജനുവരി 14 മുന്‍പും ശേഷവുമുള്ള നിലപാട്. അതേസമയം സംഘ്പരിവാര്‍ നേതാക്കള്‍ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയാല്‍ ഭരണാധികാരികള്‍ എന്ന രീതിയില്‍ പരസ്യമായ ചര്‍ച്ചകള്‍ നടത്തും. സംഘ്പരിവാറിനോടല്ല, ഇന്ത്യയിലെ ജനാധിപത്യത്തില്‍ വിശ്വാസമുള്ള സംഘടനകളോടാണ് ചര്‍ച്ചയും സംവാദവും ആവശ്യവും സാധ്യവും.
ചര്‍ച്ചയുടെ വിശാദംശങ്ങള്‍ എത്രയും വേഗം പുറത്തുവിടേണ്ട ബാധ്യത പങ്കെടുത്തവര്‍ക്കെല്ലാമുണ്ട്. നീതി നിഷേധിക്കപ്പെട്ട സമൂഹത്തിനായാണ് ചര്‍ച്ച നടത്തിയതെങ്കില്‍ അത് സുതാര്യവും ആ സമൂഹത്തെ ബോധ്യപ്പെടുത്തിയും മാത്രമേ മുന്നോട്ടു പോവാന്‍ പാടുള്ളൂ. മുസ്ലിം വിശ്വാസികളല്ലാത്തവരെ അവിശ്വസികൾ എന്നുവളിക്കരുത്, ഗോ വധം പാടില്ല തുടങ്ങിയ ആവശ്യങ്ങള്‍ മുസ്ലിംകളുടെ മുന്നില്‍ വച്ചതായി ആര്‍.എസ്.എസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള മറുപടി എന്താണ് നല്‍കിയത്? എല്ലാ പുറത്തുവരണം.
ന്യൂനപക്ഷ ഉന്മൂലനത്തിന്റെ പ്രോക്താക്കളായ സംഘ്പരിവാറിനോട് സംസാരിച്ച് വിഷയങ്ങള്‍ തീര്‍ക്കാനാവുമെന്ന ബുദ്ധിശൂന്യവും മൗഢ്യവുമായ ധാരണ ജമാഅത്തിനുണ്ടോ? ആദര്‍ശ ശത്രുക്കളുമായി സംവാദങ്ങളുടെ വാതിലുകള്‍ അടക്കരുതെന്നാണത്രെ നയം. ചെന്നായയെ നന്നാക്കാന്‍ ആട്ടിന്‍കൂട്ടിലേക്ക് പോവുന്നതിനെ ന്യായീകരിക്കാന്‍ ഈ മസ്അല മതിയാവില്ല. ഹിറ്റ്ലറുമായി ജൂത നേതാക്കൾ നടത്തിയ ഏതെങ്കിലും ചര്‍ച്ച വിജയിച്ചതായി ചരിത്രമുണ്ടോ. ഡല്‍ഹിയിലെ ചര്‍ച്ചക്ക് ശേഷവും ഹരിയാനയിലെ ഭിവാനിയില്‍ പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദുത്വർ നാസര്‍, ജുനൈദ് എന്നീ യുവാക്കളെ ചുട്ടുകൊന്നിരിക്കുന്നു. രണ്ടാംവട്ട ചര്‍ച്ചയില്‍ ഇവരെ കൊല്ലുന്നതിന്റെ മുന്നെ അനസ്‌ത്യേഷ്യ നൽകാമായിരുന്നില്ലേ
എന്ന് ചോദിക്കാന്‍ മറക്കരുത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."