പ്രഭാകരനും കുടുംബവും രഹസ്യകേന്ദ്രത്തിൽ
പി. നെടുമാരൻ / വി.എം ഷൺമുഖദാസ്
രാജ്യം സ്വതന്ത്രമായതിനു ശേഷം ശ്രീലങ്കയിൽ തമിഴ് വിഭാഗം അനുഭവിച്ചുകൊണ്ടിരുന്ന അരികുവൽക്കരണത്തെ മുഖ്യവിഷയമായി ഉയർത്തിക്കൊണ്ടാണ് 1976ൽ എൽ.ടി.ടി.ഇ നിലവിൽ വരുന്നത്. ലങ്കയിലെ സിംഹളാധിപത്യം തമിഴ് വംശജരെ ജാതീയമായും വർഗീയമായും വിഭജിച്ചുനിർത്തി. അതിനെതിരേ ശക്തമായി പോരാടിയ പ്രഭാകരനെ ഒടുവിൽ ശ്രീലങ്കൻ സൈന്യം 2009ൽ വധിച്ചെന്നാണ് ലോകം അറിഞ്ഞത്. അതോടെ ശ്രീലങ്കയിലെ തമിഴ് വംശജരുടെ സായുധ ചെറുത്തുനിൽപ്പ് അവസാനിക്കുകയും ചെയ്തതാണ്.
ലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനെ തുടർന്നാണ് പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പുതിയ െവളിപ്പെടുത്തലെന്ന് പി. നെടുമാരൻ വ്യക്തമാക്കുന്നു. അദ്ദേഹം ആരോഗ്യവാനാണെന്നും ഈ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും നെടുമാരൻ. എന്റെ കുടുംബം പ്രഭാകരനുമായി അടുത്തബന്ധം പുലർത്തുന്നുണ്ട്. എന്നാൽ പ്രഭാകരൻ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2009 മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന അറിയിച്ചത്. പ്രഭാകരന്റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.
പ്രഭാകരൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതായും ഡി.എൻ.എ പരിശോധനയിൽ മരിച്ചത് പ്രഭാകരനാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ശ്രീലങ്കൻ സൈന്യം പറയുന്നതിനെക്കുറിച്ച്?
അത് അവരുടെ അഭിപ്രായമാണ്. പ്രഭാകരനും ഭാര്യയും മകളും രഹസ്യകേന്ദ്രത്തിൽ ഉണ്ടെന്ന് ഞാനിപ്പോഴും ഉറപ്പിച്ചുപറയുന്നു. ഭാര്യയുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നതിനാൽ അവർ പറയുന്നത് പൂർണമായും ഞാൻ വിശ്വസിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീലങ്കൻ സൈന്യം അദ്ദേഹത്തെ വധിച്ചതായി പ്രഖ്യാപിച്ച അന്നുമുതൽ പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ഞാൻ പറഞ്ഞിരുന്നത്.
എനിക്കു പ്രഭാകരനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ബന്ധമുണ്ട്. അതിൽ കൂടുതലൊന്നും പറയാനില്ല. എൽ.ടി.ടി.ഇയുടെ തലവനായി ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷത്തിനു വേണ്ടി വിഘടനവാദ യുദ്ധത്തിനു നേതൃത്വം നൽകിയ പ്രഭാകരനെ 2009 മെയ് 18ന് വടക്കൻ മുല്ലത്തീവ് ജില്ലയിലെ മുല്ലവായ്ക്കലിൽ ശ്രീലങ്കൻ സർക്കാർ സൈന്യം വധിച്ചതായി പ്രഖ്യാപിച്ചിരുന്നു. മൃതദേഹത്തിന്റെ ചിത്രവും പുറത്തുവിട്ടിരുന്നു. എങ്കിലും ചില തമിഴ് ദേശീയവാദികൾ സർക്കാർ അവകാശവാദത്തെ ഇപ്പോഴും വിശ്വസിക്കുന്നില്ല. 2009ൽ യുദ്ധമേഖലയിൽനിന്ന് രക്ഷപ്പെട്ടതിനു ശേഷവും പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടാകുമെന്നാണ് അവരുടെയൊക്കെ അവകാശവാദം.
ശ്രീലങ്കയിലെ നിലവിലെ പ്രശ്നങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
നിരപരാധികളായ ജനങ്ങൾക്കിടയിൽ വംശീയതയും മതസ്പർധയും വളർത്തുന്ന രാഷ്ട്രീയക്കാരുടെ അന്തിമവിധി എന്തായിരിക്കുമെന്ന് ഇപ്പോൾ രാജപക്സെക്കെതിരേ തെരുവിൽ പോരാടുന്ന ശ്രീലങ്കയിലെ സാഹചര്യം കാണിച്ചു തരുന്നു. വൻ ഭൂരിപക്ഷത്തിൽ രാജപക്സെ സഹോദരങ്ങളെ അധികാരത്തിലേറ്റിയ അതേ സിംഹളജനത തന്നെയാണു രാജപക്സെയുടെ വീടുകൾ ഉപരോധിച്ച് 'രാജപക്സെയെ പുറത്താക്കുക' എന്ന മുദ്രാവാക്യവുമായി പോരാടുന്നത്. അതാണ് ചരിത്രം നമ്മോട് പറയുന്നത്. ജർമൻ ജനതയിൽ വംശീയവിദ്വേഷം കുത്തിനിറച്ച് ജൂതജനതയെ കൊന്നൊടുക്കി അധികാരത്തിലെത്തിയ ഹിറ്റ്ലറിന് എന്തു സംഭവിച്ചു? ഇറ്റലിയിൽ അധികാരത്തിൽ വന്നതിനു ശേഷം മുസോളിനിയുടെ പതനം നമുക്ക് എന്താണു പകർന്നുതന്നത്? ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠമാണിത്. ഈ പാഠം രാജപക്സെമാർക്ക് മാത്രമല്ല, ഏകാധിപത്യ ഫാസിസ്റ്റ് ഭരണം നടത്തുന്ന ആരും അനുഭവിക്കേണ്ടതാണ്. തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് അതേ അവസ്ഥയിലേക്കു തന്നെ കാര്യങ്ങളെത്തിക്കും.
ശ്രീലങ്കൻ സാഹചര്യവും സ്വാതന്ത്ര്യാനന്തര ഇന്ത്യയും ?
ശ്രീലങ്കയുടെ വംശീയപ്രശ്നം രാജ്യവും കടന്ന് ഇന്ത്യയ്ക്കും ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും അപകടമായി മാറിയിരിക്കുന്നു. ലങ്കയിലെ രാജപക്സെ ഭരണത്തിൽ ചൈന ആഴത്തിൽ വേരൂന്നിയിരിക്കുകയാണ്. സൈനികപരമായാലും സാമ്പത്തിക സഹായമായാലും ശ്രീലങ്ക ആവശ്യപ്പെട്ടതെന്തും ചൈന വാരിക്കോരി നൽകി. ശ്രീലങ്ക ചെറിയ രാജ്യമാണ്. ചൈനീസ് സാധനങ്ങൾ വിൽക്കാനുള്ള വിപണിയല്ല ഇത്. ശ്രീലങ്കയിൽനിന്ന് ചൈനയ്ക്ക് ഒന്നും നേടാനില്ല. എന്നിട്ടും എന്തിനാണ് അവർ ഇതെല്ലാം നൽകുന്നത്? ഇന്ത്യയ്ക്കെതിരായ അടിത്തറയായി ശ്രീലങ്ക ഉപയോഗപ്രദമാകും എന്ന് മനസിലാക്കിക്കൊണ്ടു തന്നെയാണ് അവരത് തുടരുന്നത്.
ഇതുവരെ സംഭവിച്ച നാശത്തേക്കാൾ കൂടുതൽ ദുരന്തമാണ് ഇന്ത്യയുടെ തെക്കൻ ഭാഗത്തെ കാത്തിരിക്കുന്നത്. ഇന്ത്യയിലേക്കു മാത്രമല്ല, സിന്ധു കടൽപാതയിലേക്ക്, പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് കിഴക്കൻ രാജ്യങ്ങളിലേക്ക്, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പടിഞ്ഞാറോട്ട് തുടങ്ങിയ ഭാഗങ്ങളിലെ കടൽപാത ചൈനയുടെ കൈകളിൽ അകപ്പെട്ടാൽ പടിഞ്ഞാറൻ രാജ്യങ്ങൾ മാത്രമല്ല, അമേരിക്കയും അപകടത്തിലാവും.
1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചു. ലോകം ഇടപെട്ടതോടെ അത് അവസാനിക്കുകയും ചെയ്തു. എന്നാൽ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഒരു സുപ്രധാന തീരുമാനമെടുത്തു- അന്നുമുതൽ, വടക്കുഭാഗം ചൈന നമുക്കു നിരന്തര ഭീഷണിയാണ്. പടിഞ്ഞാറ് പാകിസ്താൻ സ്ഥിരശത്രുവാണ് - ഉത്തരേന്ത്യയിൽ സൈനിക പ്രാധാന്യമുള്ള ഫാക്ടറികളോ താവളങ്ങളോ സ്ഥാപിക്കരുത്. തെക്കോട്ട് മാറാൻ അദ്ദേഹം ഉത്തരവിടുകയായിരുന്നു.
ദക്ഷിണേന്ത്യയിൽ വിവിധ നിർമാണശാലകൾ രാജ്യം സ്ഥാപിച്ചിട്ടുണ്ട്. അവിടെ, തെക്കുഭാഗത്ത് ശ്രീലങ്കയല്ലാതെ മറ്റൊരു രാജ്യവുമില്ല എന്നതാണു കാരണം. നമ്മുടെ ഭൂപ്രദേശങ്ങളാൽ ബന്ധിക്കപ്പെട്ട രാജ്യമാണ് ശ്രീലങ്ക. അതുകൊണ്ട് തെക്ക് അപകടമൊന്നുമില്ലെന്ന് നെഹ്റുവിനു തോന്നി. എന്നാൽ ഇന്ന് അപകടസാധ്യത തെക്കുഭാഗത്തു നിന്നാണ്. ചൈനയെ അക്രമിക്കാൻ ടിബറ്റിൽനിന്ന് മിസൈലുകൾ വിക്ഷേപിക്കേണ്ട ആവശ്യമില്ല. ശ്രീലങ്കയ്ക്ക് ഇരുപത് മൈലുകൾ അകലെനിന്ന് ഇവയെയെല്ലാം ലക്ഷ്യമാക്കി ആക്രമിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. അമേരിക്കയും ആസ്ത്രേലിയയും ജപ്പാനും ചേർന്ന് രൂപീകരിച്ച ക്വാഡ് സംവിധാനത്തിൽ ഇന്ത്യയും ചേർന്നത് ചൈനയുടെ നിയന്ത്രണത്തിലാകുമെന്ന ആശങ്കയിലാണ്.
ഈ സാഹചര്യം മുതലെടുത്ത് ക്വാഡ് സംവിധാനത്തിലൂടെ ശ്രീലങ്കയിൽ വികസിക്കുന്ന ദുരന്തം തടയാൻ ഇന്ത്യൻ സർക്കാർ മുന്നോട്ടുവരണം. ഇന്ത്യയുടെ സുരക്ഷയുടെ പ്രശ്നം ഈഴവുമായി ബന്ധപ്പെട്ടതാണ്. രണ്ടും ആശയക്കുഴപ്പത്തിലാകരുത്. എൽ.ടി.ടി.ഇയുടെ കൈകൾ ഉയർന്നുനിന്ന കാലത്തും ഇന്ത്യയ്ക്കെതിരേ ഒരു രാജ്യത്തുനിന്നും അവർക്കു സഹായം ലഭിച്ചില്ല; അവർ സ്വീകരിക്കാൻ വിസമ്മതിച്ചു. എൽ.ടി.ടി.ഇ നേതാവ് പ്രഭാകരൻ ഒരിക്കലും ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതു പിന്തുടരുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുടെ ശത്രുക്കളായ ചൈനയുടെയും പാകിസ്താന്റെയും സഹായം തേടാൻ സിംഹളർ ഒരിക്കലും മടിച്ചില്ല. ക്വാഡ് സമ്പ്രദായത്തിലൂടെ ശ്രീലങ്കയുടെ വംശീയപ്രശ്നം പരിഹരിക്കാൻ ഇത് ഉപയോഗിക്കേണ്ടിയിരിക്കുന്നു.
നിലവിൽ ശ്രീലങ്കയെ ഇന്ത്യാവിരുദ്ധ താവളമാക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇതുകൂടാതെ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആധിപത്യം ചൈനയുടെ പിടിയിൽ വീഴുന്നതിന്റെ അപകടം കണക്കിലെടുത്ത് അതു തടയാൻ ഇന്ത്യാ ഗവൺമെന്റ് തയാറാകണം. ഈ സുപ്രധാന കാലഘട്ടത്തിൽ തമിഴ്നാട് സർക്കാരും തമിഴ്നാട്ടിലെ എല്ലാ പാർട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം. തമിഴ് ഈഴം ദേശീയ പ്രസിഡന്റ് പ്രഭാകരനെ പിന്തുണയ്ക്കാനും നമുക്കു സാധിക്കേണ്ടതുണ്ട്.
'തമിഴ് ഈഴം ശിവക്കിറത്' പുസ്തകത്തെക്കുറിച്ച്...?
ഏകദേശം 30 വർഷം മുമ്പ്, 1994ലാണ് 'തമിഴ് ഈഴം ശിവക്കിറത്' എന്ന പേരിൽ ഈഴത്തെ പിന്തുണച്ച് പുസ്തകം പ്രസിദ്ധീകരിച്ചത്. തൽഫലമായി 2002ൽ എന്നെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രസിദ്ധീകരിച്ച പുസ്തകങ്ങളും പിടിച്ചെടുത്തു. ഈ കേസിൽ 2006ൽ കുറ്റവിമുക്തനാക്കി. ഇതിനു പിന്നാലെ തന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ പുസ്തകങ്ങൾ തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകി. അന്നു കേസ് പരിഗണിച്ച ജഡ്ജി മുരളീധരൻ അതു തള്ളി. കൂടാതെ, ഇന്ത്യൻ പരമാധികാരത്തിന് എതിരായ കാഴ്ചപ്പാടുകൾ പ്രസരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പുസ്തകങ്ങൾ തിരികെനൽകാൻ ജഡ്ജി വിസമ്മതിക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പുസ്തകങ്ങൾ നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
പ്രഭാകരനെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകം എഴുതിയത് ഞാനാണ്. ഇന്ന് തമിഴ്നാട്ടിൽ പ്രഭാകരനെക്കുറിച്ച് എഴുതാനും പറയാനും അവകാശമുള്ള ചുരുക്കം ചിലർ മാത്രമേയുള്ളൂ. വാൽവെട്ടിത്തുറയിൽ വേലുപ്പിള്ളയുടെയും പാർവതി അമ്മാളിന്റെയും മകനായി ജനിച്ച് സിംഹള ക്രൂരതയ്ക്കെതിരേ പോരാടാൻ ലിബറേഷൻ ടൈഗേഴ്സ് ഓഫ് ഇന്ത്യ രൂപീകരിച്ച്, പ്രത്യേക സ്വതന്ത്ര രാജ്യം സ്ഥാപിക്കാൻ പോരാടിയ പ്രഭാകരനെ പ്രകീർത്തിക്കുന്ന പുസ്തകമല്ലിത്. പ്രഭാകരൻ എങ്ങനെയാണ് തമിഴ് കലാപത്തിന്റെ ആൾരൂപമായി ഉയർന്നുവന്നതെന്ന ചരിത്രമാണ് പുസ്തകത്തിൽ പറയുന്നത്. ഒരു നേതാവ് എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ പുസ്തകം.
ഈ സാഹചര്യത്തിൽ, തമിഴ് ഈഴം ദേശീയ നേതാവ് പ്രഭാകരൻ ആരോഗ്യവാനാണെന്ന വാർത്ത ലോകമെമ്പാടുമുള്ള തമിഴരെ അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഇതുവരെ ആസൂത്രിതമായി പ്രചരിപ്പിച്ച ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഇതോടെ വിരാമമാകുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ് ഈഴത്തിലെ ജനങ്ങളുടെ നല്ല പുലരിക്കുള്ള പദ്ധതി ഉടൻ അദ്ദേഹം പ്രഖ്യാപിക്കും. ഈഴത്തിലെ ജനങ്ങളും തമിഴരും ഒരുമിച്ച് നിൽക്കാൻ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകേണ്ടതുണ്ട്.
ഡി.എം.കെ സർക്കാരിന്റെ ഭരണത്തെ എങ്ങനെ കാണുന്നു?
ഒരു വർഷത്തെ ഭരണംകൊണ്ട് സർക്കാരിനെ വിലയിരുത്താനാവില്ല. അധികാരത്തിലിരുന്ന് അഞ്ചു വർഷത്തിന്റെ പകുതിയെങ്കിലും കഴിഞ്ഞാൽ മാത്രമേ കൃത്യമായ വിലയിരുത്തൽ സാധ്യമാകൂ. എന്നാൽ ഈ ഭരണത്തിനെതിരേ വലിയ ആരോപണങ്ങളൊന്നുമില്ല. ജനങ്ങളുടെ
പ്രശ്നങ്ങൾ കണക്കിലെടുത്ത് വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു പ്രവേശനപരീക്ഷ നടത്തുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരേ; പ്രത്യേകിച്ച്, നീറ്റ് പരീക്ഷയ്ക്കെതിരേ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നമ്മുടെ വിദ്യാർഥികൾ പരീക്ഷ എഴുതേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ നിയമപരമായി വേണ്ടതെല്ലാം ചെയ്യാൻ തമിഴ്നാട് സർക്കാർ ഉടൻ മുന്നോട്ടുവരണം. കാവേരി നദീജല വിഷയത്തിൽ സുപ്രിംകോടതി ഇടപെട്ട് കമ്മിഷൻ രൂപീകരിക്കാൻ ഉത്തരവിട്ടിട്ടും കേന്ദ്രസർക്കാർ ഇടക്കാല ക്രമീകരണമാണ് നടത്തിയത്. അതിനും അധികാരമില്ല.
പൂർണാധികാരമുള്ള കമ്മിഷനെ രൂപീകരിക്കാൻ തമിഴ്നാട് സർക്കാർ, ആവശ്യമെങ്കിൽ സുപ്രിംകോടതിയെ സമീപിക്കണം. ഇത്തരം സുപ്രധാന വിഷയങ്ങളിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കുകയും ഇവരുടെ ആവശ്യങ്ങൾക്കായി പോരാടാൻ മുന്നിട്ടിറങ്ങുകയും വേണം. അതിനായി തമിഴ്നാട് സർക്കാർ സഹകരിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ.
തമിഴകത്തിന്റെ ഭാവിരാഷ്ട്രീയം എങ്ങനെയായിരിക്കും?
തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യൻ സർക്കാരിന്റെ ഭാവിയും സുപ്രധാന വഴിത്തിരിവിലെത്തിയിരിക്കുന്നു. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിനെതിരേ വിവിധ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് ഒന്നിച്ച് സംസാരിക്കുന്നു. സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണവർ. എന്നാൽ ഒരുകാര്യത്തിൽ അവർ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല. ഒരുരാജ്യം ഭാരതം, ഒരുഭാഷ സംസ്കൃതം, ഒരുമതം ഹിന്ദുമതം എന്നിങ്ങനെയാണ് ബി.ജെ.പി പറയുന്നത്. ഇതിനൊരു ബദൽ പദ്ധതി ആവിഷ്കരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, അവരത് ആലോചിച്ചിട്ടു പോലുമുണ്ടാകില്ല.
സംസ്ഥാനങ്ങൾക്കു സമ്പൂർണ സ്വയംഭരണാവകാശം ഉള്ളപ്പോൾ കേന്ദ്ര സർക്കാരിന് ചില അധികാരങ്ങൾ മാത്രമാണുള്ളത്. സൈന്യത്തെ നിയന്ത്രിക്കൽ, വിദേശബന്ധം, റിസർവ് ബാങ്കിനെ നിയന്ത്രിക്കൽ തുടങ്ങിയ അധികാരങ്ങൾ മാത്രമേ കേന്ദ്ര സർക്കാരിനുണ്ടാകൂ എന്നതിന്റെ അടിസ്ഥാനത്തിൽ പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന വാഗ്ദാനമാണ് അവർ ജനങ്ങൾക്കു മുന്നിൽ വയ്ക്കേണ്ടത്. ബി.ജെ.പി സർക്കാരിനെ താഴെയിറക്കി ബദൽസർക്കാർ രൂപീകരിക്കുക എന്നത് വെറും വാക്കുകൊണ്ട് സാധ്യമല്ല. ബി.ജെ.പിയുടെ പദ്ധതിക്ക് നിങ്ങളുടെ ബദൽപദ്ധതി വ്യക്തമായി പറഞ്ഞ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം. അതു ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.
1950ലാണ് നമ്മുടെ ഭരണഘടന നിലവിൽ വന്നത്. 1956 മുതൽ ഇന്ത്യയിലുടനീളം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കപ്പെട്ടു. ഭാഷാടിസ്ഥാനത്തിലുള്ള വേർതിരിവിനുള്ള മുൻ ഭരണഘടന, ഭാഷാടിസ്ഥാനത്തിലുള്ള വേർപിരിയലിനുശേഷം സംസ്ഥാനങ്ങൾക്കു ബാധകമല്ല. അതുകൊണ്ട് പുതിയ ഭരണഘടനാ നിർമാണസഭ വിളിച്ചുകൂട്ടി സംസ്ഥാനങ്ങൾക്കു സ്വയംഭരണാവകാശവും കേന്ദ്രസർക്കാരിനു ചില അധികാരങ്ങളും നൽകുന്ന ഭരണഘടന നിർമിച്ച് ജനങ്ങളുടെ മുന്നിൽവയ്ക്കാൻ സംസ്ഥാന പാർട്ടികൾ മുന്നോട്ടു വരാത്തിടത്തോളംകാലം ഭാവിരാഷ്ട്രീയം പ്രതീക്ഷിക്കുന്നതു പോലെയാകാനിടയില്ല.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."