മണല്‍കടത്തു തോണികള്‍ പൊലിസ് പിടികൂടി നശിപ്പിച്ചു
കാസര്‍കോട്: പുഴയില്‍ നിന്നു മണല്‍ കടത്താന്‍ ഉപയോഗിക്കുന്ന തോണികള്‍ പൊലിസ് പിടികൂടി നശിപ്പിച്ചു. തുരുത്തി പുഴയില്‍ നിന്നു മണല്‍ ശേഖരിക്കുകയായിരുന്ന മൂന്നു തോണികളും മൊഗ്രാല്‍ പുത്തൂര്‍ പുഴയില്‍ നിന്നു ഒരു തോണിയുമാണ് പൊലിസ് പിടികൂടി നശിപ്പിച്ചത്. മണല്‍ കടത്തു സംഘം പൊലിസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ടു.
കാസര്‍കോട് പൊലിസ് സ്റ്റേഷന് പരിധിയിലെ പുഴകളില്‍ അനധികൃതമായി മണല്‍ ശേഖരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ വ്യാപകമായി പരിശോധന നടത്തുമ്പോഴാണു തുരുത്തി പുഴയില്‍ നിന്നു മണല്‍ കടത്തുസംഘം മണല്‍ ശേഖരിക്കുന്നതു കണ്ടത്. പൊലിസിനെ കണ്ടപ്പോള്‍ മണല്‍ ശേഖരിക്കുകയായിരുന്നവര് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്നാണ് പൊലിസ് മണല്‍ വാരാന്‍ ഉപയോഗിക്കുകയായിരുന്ന തോണിയും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചത്. മൊഗ്രാല്‍ പുത്തൂരില്‍ 150 ഓളം ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച മണല്‍ പൊലിസ് പുഴയില്‍ ഒഴുക്കി. ജൂനിയര്‍ എസ്.ഐ വരുണ്‍കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഓസ്റ്റിന്‍ തമ്പി, കിഷോര്‍ കുമാര്‍, തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പള്ളംകടവില് നിന്ന് അനധികൃതമായി മണല്‍ ശേഖരിച്ചു ചാക്കുകെട്ടിലാക്കി ഓമ്നി വാനില്‍ കടത്തുന്നതിനിടെ പൊലിസ് പിടിച്ചു. എസ്.ഐ അമ്പാടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്.
വാഹനത്തിന്റെ ഡ്രൈവര്‍ പൊലിസിനെ കണ്ടപ്പോള്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."