മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍; യു.പി സ്വദേശിയുടെ ഖബറടക്കം നീണ്ടത് ആറുമാസം
റിയാദ്: മൃതദേഹം വേണ്ടെന്ന വീട്ടുകാരുടെ നിലപാട്‌കൊണ്ട് യു.പി സ്വദേശിയുടെ ഖബറടക്കം നീണ്ടത് ആറുമാസം. സഊദിയിലെ റിയാദിന് സമീപം ദവാദ്മിയില്‍ തീപിടുത്തത്തില്‍ മരിച്ച ഗുഫ്രാന്‍ മുഹമ്മദ് എന്ന 31 വയസുകാരന്റെ ചേതനയറ്റ ശരീരമാണ് ഈ അവഗണന മൂലം മോര്‍ച്ചറിയില്‍ തണുത്ത് മരവിച്ചുകിടന്നത്. ദവാദ്മി പട്ടണത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ കൃഷിത്തോട്ടത്തിലെ താമസസ്ഥലത്ത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13ന് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിലായിരുന്നു ഗുഫ്രാന്‍ മുഹമ്മദിന്റെ മരണം.
ദവാദ്മിയില്‍ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള കുടുംബത്തിന്റെ അനുമതിപത്രം ഒപ്പിട്ട് കിട്ടാത്തതാണ് ഖബറടക്കം വൈകാന്‍ ഇടയായത്. കുടുംബവുമായി നിരന്തരം സാമുഹിക പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് മൃതദേഹം ആവശ്യമില്ലെന്നും പണം നല്‍കാതെ ഒപ്പിടില്ലെന്ന നിലപാടുമാണ് വീട്ടുകാര്‍ കൈകൊണ്ടത്. പല രീതിയിലും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വീട്ടുകാര്‍ വഴങ്ങിയിരുന്നില്ല.
ജോലിക്ക് കയറി മൂന്നാംമാസമാണ് ഗുഫ്രാന് അപകടം സംഭവിക്കുന്നത്. മൃതദേഹം സഊദിയില്‍ സംസ്‌കരിക്കുകയാണെങ്കില്‍ കുടുംബത്തിന് ചെറിയ സഹായം നല്‍കാമെന്ന് സ്‌പോണ്‍സറും പറഞ്ഞിരുന്നു. പണം കിട്ടാതെ ഒപ്പിടില്ലെന്ന വീട്ടുകാരുടെ വാശിമൂലം പവര്‍ ഓഫ് അറ്റോര്‍ണി കിട്ടാതെ പണം അയക്കില്ലെന്ന തീരുമാനം സ്‌പോണ്‍സറും എടുത്തു. മാസങ്ങളോളം കുടുംബവുമായി സംസാരിച്ചിട്ടും ഫലം കണ്ടില്ല.
തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അവിടത്തെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ മാര്‍ഗം തേടി. ജില്ലാ കളക്ടര്‍ വീട്ടുകാരോട് നേരിട്ട് സംസാരിച്ച് പവര്‍ ഓഫ് അറ്റോര്‍ണി അയപ്പിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി. അടുത്ത രണ്ടുദിവസത്തിനകം മൃതദേഹം ഖബറടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."