ശലഭങ്ങളുടെ ഇഫ്ത്താര്‍
നോമ്പെന്നു പറയുമ്പോള്‍ ശലഭങ്ങളുമൊത്തുള്ള ഇഫ്ത്താറാണ് മനസില്‍. ശലഭങ്ങളെന്നു കേള്‍ക്കുമ്പോള്‍ തെറ്റിദ്ധാരണ വേണ്ട. ശാരീരികവൈകല്യം നേരിടുന്ന ഭിന്നശേഷിക്കാരെ ശലഭങ്ങളെന്നാണ് വിളിക്കുന്നത്. അവര്‍ വീടുകളില്‍ അടച്ചിടപ്പെട്ട കാലം കഴിഞ്ഞു. സുഹൃത്തുക്കളുടെ ചിറകില്‍ അവര്‍ പറന്നു നടക്കുകയാണ്. സൃഷ്ടികര്‍ത്താവിനെ പഴിക്കാതെ, ഭൂമിയുടെ അനന്ത സൗന്ദര്യത്തിന്റെ ചെറിയ ഭാഗങ്ങള്‍ ആസ്വദിച്ച്.
ആദ്യമെന്നെ പരിചയപ്പെടുത്താം. ഞാന്‍ ശബ്‌ന പൊന്നാട്. ജന്മനാ കാലുകള്‍ക്ക് ശേഷിക്കുറവൊന്നുമുണ്ടായിരുന്നില്ല. ചെറുപ്രായത്തില്‍ സ്വകാര്യ ക്ലിനിക്കില്‍ വച്ച് പോളിയോ കുത്തിവയ്‌പെടുത്തതോടെയാണ് ഞാനൊരു ശലഭമായത്. എന്നാല്‍ ഉപ്പയും ഉമ്മയും അനിയത്തിയും എനിക്ക് ചിറകുകള്‍ നല്‍കി. അവരുടെ കൈപിടിച്ച് സാധ്യമല്ലെന്നു കരുതിയ പലതും ദൈവാനുഗ്രഹത്താല്‍ എത്തിപ്പിടിക്കാനായി.
2010 മെയ് 29ന് ശലഭങ്ങള്‍ക്കായി സ്വന്തമായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ശബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ്. എല്ലാ മാസവും പൊന്നാടുള്ള ട്രസ്റ്റ് കെട്ടിടത്തിലെ ഹാളില്‍ ശലഭങ്ങള്‍ ഒത്തുകൂടും. 30 പേരെങ്കിലുമുണ്ടാകും. വര്‍ഷത്തില്‍ സാന്ത്വന കിരണമെന്ന പേരില്‍ നടക്കുന്ന ക്യാംപില്‍ നൂറോളം പേരാണ് പങ്കെടുക്കുന്നത്. പല ജില്ലകളിലുള്ളവര്‍.
മൂന്നാം ക്ലാസിലുള്ളപ്പോഴാണ് ഞാന്‍ നോമ്പുപിടിച്ചു തുടങ്ങിയത്. ആ റമദാനില്‍ 20 നോമ്പ് നോല്‍ക്കാനായി. സ്‌നേഹനിധിയായ വല്യുമ്മ ഞങ്ങളെ വിട്ടുപോയത് ഒരു റമദാന്‍ 21നായിരുന്നു. വല്യുമ്മയുടെ ആണ്ടിനാണ് ആദ്യമായി ഒരു ഇഫ്ത്താര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. കിണാശ്ശേരിയിലെ വീട്ടില്‍ കഴിയുന്ന വല്യുമ്മയുടെ മരണവാര്‍ത്ത കേട്ട് ഉമ്മ തളര്‍ന്നുവീണതോടെ എനിക്ക് വല്യുമ്മയെ അവസാനമായൊന്ന് കാണാനുള്ള അവസരമാണ് നഷ്ടമായത്. ഉപ്പ ഗള്‍ഫിലായിരുന്നതിനാല്‍ എന്നെ എല്ലായിടത്തേക്കും എടുത്തു കൊണ്ടുപോയിരുന്നത് ഉമ്മയായിരുന്നു. എഴുത്തിന്റെ മേഖലയിലേക്ക് എനിക്ക് വഴികാട്ടിയതും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കിയതും വല്യുമ്മയായിരുന്നു. അക്കാലത്ത് ധാരാളം അനാഥകള്‍ക്ക് ജീവിതം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് വല്യുമ്മ. ആ വല്യുമ്മയുടെ നന്മമനസാണ് ഇന്നും എനിക്ക് മാതൃക.
സ്‌കൂളവധി കാലത്ത് പൊന്നാട് നിന്നും കിണാശ്ശേരിയിലേക്കുള്ള ഞങ്ങളുടെ വരവും കാത്ത് റൂമിന്റെ ജനലഴികള്‍ക്കിടയിലൂടെ വഴിയോരത്തേക്ക് കണ്ണുംനട്ടിരിക്കുന്ന വല്യുമ്മ ഇന്നും സ്‌നേഹം ചുരത്തുന്ന ഓര്‍മയാണ്. വളകളും മോതിരങ്ങളും മൈലാഞ്ചി ട്യൂബും ഭക്ഷണസാധനങ്ങള്‍ വരെ ദിവസങ്ങളോളം ഞങ്ങള്‍ക്കായി കാത്തുവയ്ക്കാറുണ്ട് അവര്‍. ഞാന്‍ ആദ്യമായി എഴുതിയ 'എന്നേക്കുമുള്ള ഒരോര്‍മ' എന്ന കഥ വായിച്ചുകേട്ടയുടന്‍ എന്നെ കെട്ടിപ്പിടിച്ച് കവിളില്‍ നല്‍കിയ ആ ഉമ്മ എനിക്കുള്ള തുടര്‍ന്നെഴുത്തിന്റെ പ്രോത്സാഹനമായിരുന്നു.
ശലഭങ്ങള്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ചിട്ട് മൂന്നു വര്‍ഷമായി. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വര്‍ഷം നടന്നില്ല. ഈവര്‍ഷം തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് കൊവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചത്. ട്രസ്റ്റിനു കീഴില്‍ അര്‍ഹരായവര്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കുന്നുണ്ട്. നൂറുപേര്‍ക്കു വരെ നല്‍കിയിരുന്നു. ആദ്യ കാലത്ത് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സാമ്പത്തികമായി ആശ്രയിച്ചത് ഉപ്പയെയായിരുന്നു. ഇപ്പോള്‍ ഉപ്പയെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. ശലഭങ്ങള്‍ക്കായി വിനോദയാത്രകളും ട്രസ്റ്റ് സംഘടിപ്പിച്ചുവരുന്നു. കൊവിഡ് അടങ്ങുന്നതോടെ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."