മഹാരാഷ്ട്രയില്‍നിന്ന് ഞെട്ടിക്കുന്ന കാഴ്ച; ആംബുലന്‍സില്‍ കുത്തിനിറച്ച് 22 മൃതദേഹങ്ങള്‍
22 പേരില്‍ 14 പേര് ശനിയാഴ്ചയും ബാക്കിയുള്ളവര്‍ ഞായറാഴ്ചയുമാണ് മരിച്ചത്
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ കെട്ടി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ച് സംസ്കരിക്കാനായി കൊണ്ടുപോയി.
അംബജോഗയിലെ സ്വാമി രാമണന്ദ് തീര്‍ത്ത് മറാത്ത്വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതാണ് കൊവിഡ് കാലത്തെ ഞെട്ടിക്കുന്ന കാഴ്ചയായത്. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ കുത്തിനിറയ്ക്കുന്നത് മരിച്ചവരുടെ ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ബീഡ് ജില്ലാ കലക്ടര്‍ രവീന്ദ്ര ജഗ്തപ് ഉത്തരവിട്ടു.
പൊലിസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ നിറച്ചിരുന്നതെന്നും വിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ബന്ധുക്കളില്‍ ചിലരുടെ മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചുവാങ്ങിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹങ്ങളുടെ സംസ്കാരം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫോണ്‍ പൊലിസ് തിരിച്ചു നല്‍കിയത്. 22 പേരില്‍ 14 പേര് ശനിയാഴ്ചയും ബാക്കിയുള്ളവര്‍ ഞായറാഴ്ചയുമാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അംബജോഗയ് അഡിഷണല്‍ കലക്ടറോട് ഉത്തരവിട്ടതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ബീഡ് ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."