മുസ്ലിംകൾക്കെതിരേ കൊലവിളി പ്രസംഗം ഉണ്ടായിട്ടില്ലെന്ന വാദവുമായി ഡൽഹി പൊലിസ് സുപ്രിംകോടതിയിൽ
ന്യൂഡൽഹി
ഡൽഹി ധരം സൻസദിൽ മുസ് ലിംകൾക്കെതിരേ കൊലവിളി പ്രസംഗം ഉണ്ടായിട്ടില്ലെന്ന വാദവുമായി ഡൽഹി പൊലിസ് സുപ്രിംകോടതിയിൽ.
സംഭവത്തിന്റെ വിഡിയോ പരിശോധിച്ചതായും അസ്തിത്വത്തിന് നേരേയുള്ള ഭീഷണികളെ നേരിടാൻ തയാറാകണമെന്നാണ് പ്രസംഗത്തിലുള്ളതെന്നും സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മിഷണർ ഈശ്വ പാണ്ഡെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഹരിദ്വാറിലും ഡൽഹിയിലും നടന്ന ധരം സൻസദിൽ നടന്ന കൊലവിളി പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജികളിലാണ് ഡൽഹി പൊലിസ് ഈ നിലപാട് സ്വീകരിച്ചത്.
ഡൽഹിയിലെ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച ധരം സൻസദിൽ സുദർശൻ ടി.വി എഡിറ്റർ സുരേഷ് ചവ്ഹാൻകെ നടത്തിയത് വിദേഷ്വ പ്രസംഗമല്ലെന്നും ഡൽഹി പൊലിസ് പറഞ്ഞു. ഡൽഹിയിലെ ധരം സൻസദിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായും വിശദമായി അന്വേഷിച്ചതായുമാണ് ഡൽഹി പൊലിസ് അറിയിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട മുഴുവൻ വിഡിയോ ക്ലിപ്പുകളും പരിശോധിച്ചു. ഒരു വിഡിയോയിലും ഏതെങ്കിലും മതവിഭാഗത്തിനെതിരേ വിദ്വേഷ പ്രസംഗം നടത്തുന്നതോ അത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതായോ കാണാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്.
ഇന്ത്യൻ മുസ് ലിംകളെ ഭൂമി കൊള്ളയടിക്കുന്നവരായും വേട്ടക്കാരായും പ്രത്യക്ഷമായോ പരോക്ഷമായോ ചിത്രീകരിച്ചിട്ടില്ല. മുസ് ലിംകളെ വംശഹത്യ നടത്തണമെന്നും പ്രസംഗിച്ചിട്ടില്ല. സ്വന്തം സമുദായത്തിന്റെ ധാർമികത സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധരം സൻസദിൽ അവർ പങ്കെടുത്തത്.
അവിടെ നടന്ന പ്രസംഗങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്. ഹരിദ്വാറിൽ നടന്ന ധരം സൻസദ് തങ്ങളുടെ അധികാര പരിധിയിലുള്ളതല്ലെന്നും ഡൽഹി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."