വാക്‌സിന്‍ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അതിന്റെ യുക്തി എന്താണെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി.
വിലനിശ്ചയിച്ചതിന്റെ മാനദണ്ഡം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി. രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വിവിധ വാക്‌സിന്‍ നിര്‍മാതാക്കള്‍ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
ഓക്‌സിജന്റെയും മരുന്നിന്റെയും വിതരണത്തിനുള്ള രൂപരേഖ തയാറാക്കി സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. രാജ്യത്ത് എത്ര അളവില്‍ വാക്‌സിന്‍ വേണം, നിലവിലെ ആശുപത്രി കിടക്കകളുടെ അവസ്ഥ, റെംഡിസിവര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധമരുന്നുകളുടെ ശേഖരം ഉള്‍പ്പെടെ വ്യക്തമാക്കാനും കോടതിയാവശ്യപ്പെട്ടു. കൊവിഡ് വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്.
കൊവിഡ് മഹാമാരി പോലെയുള്ള ഒരു ദേശീയദുരന്തം ഉണ്ടാകുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും വിലനിര്‍ണയത്തില്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും വ്യക്തമാക്കിയാണ് കോടതിയുടെ ഇടപെടല്‍.
ദേശീയ ദുരന്തമായി മഹാമാരി മാറുമ്പോള്‍ ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇടപെടുകയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയില്‍ സുപ്രിംകോടതിക്ക് ഇടപെടാം. ദേശീയ പ്രാധാന്യമുള്ള ചില വിഷയങ്ങളില്‍ സുപ്രിംകോടതിക്ക് ഇടപെടേണ്ടി വരും. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ പരിഗണിക്കുന്ന കേസുകളിലെ നടപടികള്‍ തടയില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, ഹൈക്കോടതികളെ സഹായിക്കുന്ന നടപടികളാവും സുപ്രിംകോടതിയില്‍ നിന്നുണ്ടാവുകയെന്നും അറിയിച്ചു.
കേസില്‍ അമിക്കസ് ക്യൂറിമാരായി മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അരോറ എന്നിവരെ നിയമിച്ചു. നേരത്തെ അമിക്കസ് ക്യൂറിയായിരുന്ന ഹരീഷ് സാല്‍വെ സ്വയം ഒഴിയുകയായിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."