കര്‍ണാടകയിലെ ഐ.എ.എസ് - ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് അതിരുവിടുന്നു; രോഹിണിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് രൂപ
ബെംഗളൂരു: കര്‍ണാടകത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് മുറുകുന്നു. രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഡി. രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐ.എ.എസ് ഓഫിസര്‍മാര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് രൂപയുടെ അവകാശവാദം. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം.
അതേ സമയം രൂപക്കെതിരെ സിന്ദൂരി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. രൂപ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രചരണം നടത്തുകയാണെന്ന് സിന്ദൂരി പ്രസ്താവനയില്‍ പറയുന്നു. 'അവരുടെ നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങളാണി'തെന്നും സിന്ദൂരി പറയുന്നു.
2021ല്‍ രോഹിണി മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി ജെ.ഡി.എസ് എം.എല്‍.എ സാരാ മഹേഷുമായി പലതവണ വാക്കേറ്റമുണ്ടായിരുന്നു. കനാല്‍ കയ്യേറി എം.എല്‍.എ. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചെന്ന് കാണിച്ച് രോഹിണി എം.എല്‍.എ.ക്കെതിരേ റിപ്പോര്‍ട്ടും നല്‍കി. ഇതിനെതിരേ എം.എല്‍.എ. രോഹിണിക്കെതിരേ അപകീര്‍ത്തി കേസും ഫയല്‍ചെയ്തിരുന്നു.
ഇതിനുപിന്നാലെ രോഹിണി സിന്ദൂരി ജെ.ഡി.എസ്. എം.എല്‍.എ. സാരാ മഹേഷുമൊന്നിച്ച് റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രൂപ ആരോപണങ്ങളുന്നയിച്ചു തുടങ്ങിയത്. രോഹിണിയും എം.എല്‍.എ.യും തമ്മില്‍ അനുരഞ്ജനത്തിലെത്തിയോയെന്നും രാഷ്ട്രീയക്കാരനുമായി ഉദ്യോഗസ്ഥ കൂടിക്കാഴ്ച നടത്തുന്നതിലെ അനൗചിത്യവുമാണ് രൂപ ചൂണ്ടിക്കാട്ടിയത്.
മുന്‍പ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി പരി?ഗണന ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ. മൈസുരുവില്‍ ജെഡിഎസ് എം എല്‍ എയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ രോഹിണിക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."