തെരഞ്ഞെടുപ്പ് ഫലം: സ്വയം നിയന്ത്രണമുണ്ടാവണം
കൊവിഡ് രണ്ടാം തരംഗത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിസംഗ നിലപാട് സുപ്രിംകോടതിയുടേയും ഡല്‍ഹി ഹൈക്കോടതിയുടേയും നിശിത വിമര്‍ശനങ്ങള്‍ക്ക് വിധേയമായത് ദിവസങ്ങള്‍ക്കു മുന്‍പാണ്. പിന്നാലെ മദ്രാസ് ഹൈക്കോടതിയും അതിശക്തമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്. മനുഷ്യര്‍ ഒരിറ്റു ശ്വാസത്തിനുവേണ്ടി പിടഞ്ഞുമരിക്കുന്നത് നിസംഗതയോടെ നോക്കിനിന്ന യു.പി സര്‍ക്കാരിനെതിരേയും ഡല്‍ഹി സര്‍ക്കാരിനെതിരേയുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ജനങ്ങള്‍ക്ക് പ്രാണവായു നിഷേധിക്കുന്ന ഭരണകൂടത്തിനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനും തൂക്കിക്കൊല്ലാന്‍ ഉത്തരവിടാന്‍ പോലും മടിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോഴും തുടരുന്നത്.
കൊവിഡ് രണ്ടാം തരംഗം അതിഭീകരമായാണ് ഉത്തരേന്ത്യയെ ബാധിച്ചുകൊണ്ടിരിക്കുന്നത്. പ്രാണവായുവിനു വേണ്ടി കേഴുന്നവരെ, യാതൊരു നിവൃത്തിയുമില്ലാതെ ആശുപത്രികള്‍ തിരിച്ചയക്കുമ്പോള്‍, കണ്ണുകള്‍ തള്ളി അവര്‍ ഓട്ടോറിക്ഷകളിലും ആംബുലന്‍സുകളിലും വഴിയരികിലും മരിച്ചുകൊണ്ടിരിക്കുന്നത് ഇന്ദ്രപ്രസ്ഥത്തിലിരുന്ന് രാജ്യം ഭരിക്കുന്നവരെ തെല്ലും അലട്ടുന്നില്ല. അലോസരപ്പെടുത്തുന്നില്ല. മരവിച്ച മനഃസാക്ഷിയുള്ള ഭരണകര്‍ത്താക്കള്‍ക്ക് മുന്‍പില്‍ നിസഹായരുടെ തേങ്ങലുകള്‍ക്ക് എന്തുവില? നിരാലംബരുടെ കണ്ണീരില്‍ അലിയുന്നതല്ലല്ലോ പ്രജാതാല്‍പര്യമില്ലാത്ത ഭരണാധികാരികളുടെ കഠിന മനസുകള്‍.
സുപ്രിംകോടതിയും ഡല്‍ഹി ഹൈക്കോടതിയും തൂക്കുകയര്‍ കാണിച്ചിട്ടും യാതൊരു ഭാവഭേദവും പ്രതികരണവുമില്ലാത്ത നിലപാട് കേന്ദ്രസര്‍ക്കാര്‍ തുടരുന്നതിനിടിയിലാണ് മദ്രാസ് ഹൈക്കോടതിയും സമാന കുറ്റാരോപണം നടത്തിയിരിക്കുന്നത്. ഇവിടെ അത് തെരഞ്ഞെടുപ്പു കമ്മിഷനെതിരേയായിരുന്നുവെന്നു മാത്രം. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മിഷന്‍, രാജ്യം ഒരു മഹാമാരിയില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൂറ്റന്‍ റാലികള്‍ക്കും മഹാസമ്മേളനങ്ങള്‍ക്കും നേരേ കണ്ണടച്ചത്, ഒരു ജനതയോടുള്ള വെല്ലുവിളിയായിരുന്നു. അവരെ കൊലയ്ക്ക് കൊടുക്കുന്നതിനു തുല്യമായിരുന്നു. ഇതിനുത്തരവാദികളായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുകയാണ് വേണ്ടതെന്ന മദ്രാസ് ഹൈക്കോടതിയില്‍ നിന്നുണ്ടായ വാക്കുകള്‍ അതിനാല്‍ത്തന്നെ നൂറുശതമാനവും ശരിയുമാണ്. നിസഹായരായ മനുഷ്യരെ കൊല്ലുന്നതിനു തുല്യമായ മരണത്തിലേക്ക് തളളിവിടുന്നത് മരണശിക്ഷക്ക് അര്‍ഹമാണ്. വന്‍കിട റാലികള്‍ നടന്നപ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോ എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കോടതിയുടെ ചോദ്യത്തില്‍ യാതൊരു അസ്വഭാവികതയുമില്ല.
കോടതിയുടെ രൂക്ഷ പരാമര്‍ശത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനം ഒരു ഉത്തരവിലൂടെ നിരോധിച്ചിരിക്കുകയാണ്. ഫലം വന്നതിന്റെ തൊട്ടടുത്തദിവസവും ആഹ്ലാദ പ്രകടനം നിരോധിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലാണ് നിരോധനം. കോടതി വാളെടുത്തതിനു ശേഷമുള്ള ഈ ഉത്തരവു കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നില്ല തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കൊവിഡിനോട് മത്സരിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം അതിതീവ്രമാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് ജ്വര ബാധിതരായ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ അത്തരം മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുത്തില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍, തെരഞ്ഞെടുപ്പ് നടന്ന ഇതരസംസ്ഥാനങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ ഇവരെല്ലാം കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തത്. ജനക്കൂട്ടങ്ങള്‍ക്കിടയില്‍ മാസ്‌ക് പോലും ഇവരില്‍ പലരും ധരിച്ചിരുന്നുമില്ല. അതിനാല്‍ത്തന്നെ രാജ്യത്തെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് ഈ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഉത്തരവാദികള്‍.
തീവ്ര തരംഗത്തിനു കാരണമായേക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഇപ്പോഴും പിന്‍മാറാന്‍ തയാറല്ലെന്നതിന്റെ സൂചന മുഖ്യമന്ത്രി തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗ തീരുമാനത്തില്‍നിന്നു വ്യക്തമാണ്. കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനം വേണ്ടെന്ന് വച്ചിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എത്ര ബാലിശമാണ് ഈ തീരുമാനം. വോട്ടെണ്ണല്‍ ദിവസം അണികളെയെല്ലാം വീടുകളില്‍നിന്ന് തുറന്നുവിട്ട് ആഹ്ലാദ പ്രകടനം വേണ്ടെന്നു പറഞ്ഞാല്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന അണികള്‍ നിശബ്ദം നിശ്ചലരായി കേട്ടുനിന്നുകൊള്ളുമെന്ന് എവിടെ നിന്നാണ് മുഖ്യമന്ത്രിക്കും മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും ഉപദേശം കിട്ടിയത്. മറ്റെല്ലാ വിഷയങ്ങളിലും ലോക്ക്ഡൗണിനു സമാനമായ തീരുമാനങ്ങള്‍ സര്‍വകക്ഷിയോഗം അംഗീകരിച്ചപ്പോള്‍, വോട്ടെണ്ണല്‍ ദിവസം മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തയാറായില്ല. അണികള്‍ തുള്ളിച്ചാടുന്നില്ലെങ്കില്‍ എന്ത് വിജയമെന്ന പാര്‍ട്ടി നേതാക്കളുടെ ഗൂഢാഹ്ലാദമായിരിക്കാം ഇതിനുകാരണം. അങ്ങനെയെങ്കില്‍ അവരെ ആര്‍ക്കാണ് തടയാനാവുക?
ഇനി അഥവാ ലോക്ക്ഡൗണ്‍ വേണ്ടിവരികയാണെങ്കില്‍ത്തന്നെ മെയ് രണ്ടിനുശേഷം അതിനേപ്പറ്റി ആലോചിക്കാമെന്നാണ് സര്‍വകക്ഷി യോഗത്തിന്റെ മറ്റൊരു തീരുമാനം. വേണ്ടി വരില്ല. അപ്പോഴേക്കും വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് കേരളത്തില്‍ പ്രാവര്‍ത്തികമായിട്ടുണ്ടാകും. ഇപ്പോള്‍ത്തന്നെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ പത്തനംതിട്ടയിലൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വ്യാപിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. തൊട്ടയല്‍ സംസ്ഥാനമായ കര്‍ണാടക അടച്ചുപൂട്ടിയിരിക്കുകയാണ്. കേരളവും അതിലേക്കെത്താന്‍ ഏറെതാമസമുണ്ടാകില്ല. ഓക്‌സിജന്‍ സിലിണ്ടറുകളുടെ ശേഖരത്തില്‍ ഊറ്റം കൊള്ളുന്ന സംസ്ഥാന ഭരണകൂടത്തിനു അപ്പോഴത് എടുത്തു പ്രയോഗിക്കേണ്ടിവരും. അങ്ങനെ സംഭവിക്കാതിരിക്കട്ടേയെന്ന് നിരാലംബരായിത്തീരുന്ന മനുഷ്യര്‍ക്ക് പ്രാര്‍ഥിക്കാനല്ലേ കഴിയൂ. രാജ്യത്ത് അതിശീഘ്രം പടരുന്ന ജനിതകമാറ്റം വന്ന രണ്ടാം കൊവിഡിനു പ്രധാന കാരണക്കാര്‍ ഭരണാധികാരികളും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും മാത്രമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."