കെ.എസ്.ഇ.ബി മുഖംരക്ഷിക്കാൻ പാർട്ടിയുടെ പിന്തുണ തേടി യൂനിയൻ മന്ത്രിവഴി സമരം അവസാനിപ്പിക്കാൻ ശ്രമമാരംഭിച്ച് സി.പി.എം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സമരം ചെയ്ത സംസ്ഥാനനേതാക്കളെപ്പോലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയതോടെ പ്രതിരോധത്തിലായ സി.പി.എം അനുകൂല സംഘടന കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രശ്‌നപരിഹാരത്തിന് പാർട്ടിയുടെ പിന്തുണ തേടി.
സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി വഴിയാണ് മുഖംരക്ഷിക്കാനുള്ള ശ്രമമാരംഭിച്ചത്.
തിങ്കളാഴ്ച തലസ്ഥാനത്ത് എത്തുന്ന വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയെ ചർച്ചയ്ക്ക് നിയോഗിച്ച് സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് സി.പി.എം.
കെ.എസ്.ഇ.ബി സമരവുമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകൾ ഒന്നും നടത്തരുതെന്ന് മുൻ വൈദ്യുതി മന്ത്രിമാർക്കും സി.ഐ.ടി.യു നേതാക്കൾക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായാണ് യൂനിയൻ സമരം ആരംഭിച്ചതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ലീവിന് അപേക്ഷിക്കാതെയും ചുമതല കൈമാറാതെയും സംസ്ഥാനത്തിനുപുറത്ത് വിനോദയാത്ര പോയതിനാണ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തത്. ഇക്കാരണത്താൽ ഒരു പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കാൻ അനാവശ്യ സമരവുമായി ഇറങ്ങിയ യൂനിയൻ നിലപാട് ശരിയായിരുന്നില്ലെന്നും സി.പി.എം വിലയിരുത്തി.
സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയ്ക്ക് വിരുദ്ധമാണ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. പൊതുമേഖലാസ്ഥാപനങ്ങൾ കാര്യക്ഷമമായും ലാഭകരമായും നടത്തുന്നതിന് തൊഴിലാളികളെ അണിനിരത്താൻ ട്രേഡ് യൂനിയനുകൾക്ക് കഴിയണമെന്നാണ് സി.പി.എം പാർട്ടി കോൺഗ്രസിന്റെ വികസനനയരേഖയിൽ പറയുന്നത്. അതുകൊണ്ടാണ് സ്ഥാപനത്തിന്റെ താൽപര്യം സംരക്ഷിച്ച് വൈദ്യുതി മന്ത്രിയും കെ.എസ്.ഇ.ബി മാനേജ്‌മെന്റും സ്വതന്ത്ര നിലപാടെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
ചെയർമാന്റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും സ്ഥലംമാറ്റം പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഓഫിസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരവിറങ്ങിയതിനാലും വൈദ്യുതി ഭവനിലോ തിരുവനന്തപുരം ജില്ലയിലോ ഇവരുടെ തസ്തികയിൽ ഒഴിവില്ലാത്തതിനാലും യൂനിയൻ നേതാക്കളുടെ സ്ഥലംമാറ്റം പിൻവലിക്കാൻ കഴിയില്ല.
ഒരു ദിവസം മുമ്പേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയാറാക്കിയ ശേഷമാണ് ഫിനാൻസ് ഡയറക്ടറെ ചെയർമാൻ ചർച്ചയ്ക്ക് നിയോഗിച്ചത്. ചർച്ചക്കു ശേഷം സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അതോടൊപ്പം സ്ഥലംമാറ്റ ഉത്തരവും പുറത്തിറക്കി.
വൈദ്യുതി ബോർഡിലെ ഭൂരിപക്ഷം തൊഴിലാളികളും അംഗങ്ങളായ സി.ഐ.ടി.യുവിന്റെ വർക്കേഴ്‌സ് അസോസിയേഷൻ, ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തോട് നിസംഗത പുലർത്തുകയാണ്. റഫറണ്ടം അടുത്തുവരുന്ന സാഹചര്യത്തിൽ കലുഷിതമായ അന്തരീക്ഷം സ്ഥാപനത്തിൽ വേണ്ടെന്ന നിലപാടിലാണവർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."