റഷ്യയിൽനിന്ന് ആയുധം സ്വീകരിക്കൽ: യു.എസ് ഉപരോധഭീഷണി തള്ളി ഇന്ത്യ ,ഉപരോധങ്ങളെ ഭയക്കില്ല
യു.എസിലെ
മനുഷ്യാവകാശങ്ങളിൽ
ഇന്ത്യക്കുമുണ്ട് കാഴ്ചപ്പാട്
വാഷിങ്ട്ടൻ
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റഷ്യൻ ആയുധം വാങ്ങുന്നത് തുടരുകയാണെങ്കിൽ നേരിടാവുന്ന ഉപരോധത്തെക്കുറിച്ചുമുള്ള യു.എസ് പരാമർശങ്ങളിൽ കടുത്ത പ്രതികരണവുമായി ഇന്ത്യ. ഉക്രൈനിൽ നടത്തിവരുന്ന അധിനിവേശത്തിനിടെ റഷ്യയിൽനിന്ന് ആയുധം വാങ്ങുന്ന നടപടിയോടുള്ള യു.എസ് ഉപരോധഭീഷണിയിൽ ഭയമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ഉപരോധമേർപ്പെടുത്തുമെന്നത് അമേരിക്കയുടെ നിയമമാണ്. അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടെ, തങ്ങളുടെ രാജ്യത്തെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ, ആവശ്യമായത് ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. റഷ്യക്കുമേൽ യു.എസും യൂറോപ്യൻ യൂനിയനും ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. കരാറുമായി മുന്നോട്ടുപോയാൽ ഉപരോധമുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യു.എസിനു ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അതേസമയം, മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചുള്ള ആശങ്ക തള്ളിയ എസ്. ജയശങ്കർ, യു.എസിലെ കാര്യങ്ങളിൽ ഇന്ത്യക്കും കാഴ്ചപ്പാടുണ്ടെന്ന് പറഞ്ഞു.
അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താൽപര്യമാണ് മനുഷ്യാവകാശ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്. ഭരണകൂടവും നയങ്ങൾ കൈകാര്യം ചെയ്യുന്നവരും ഇന്ത്യയുടെ നിലപാട് മനസിലാക്കിയിട്ടുണ്ട്. എവിടുന്നാണ് ഇന്ത്യ വരുന്നതെന്ന് അവർക്കറിയാം- ജയശങ്കർ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം യു.എസ് സന്ദർശനത്തിനിടെയാണ് ജയശങ്കറിന്റെ പ്രതികരണം. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചക്കു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ കടുത്ത ചോദ്യങ്ങളാണ് വിദേശ മാധ്യമപ്രവർത്തകരിൽനിന്ന് ഇന്ത്യൻ മന്ത്രിമാർ നേരിട്ടത്.
റഷ്യയുടെ അധിനിവേശത്തെ വ്യക്തമായി അപലപിക്കാത്തത് എന്തുകൊണ്ടാണെന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ ജയശങ്കറും രാജ്‌നാഥും നേരിട്ടു.
വാർത്താസമ്മേളനത്തിനിടെ ജയശങ്കറിന്റെയും രാജ്‌നാഥിന്റെയും സാന്നിധ്യത്തിലാണ്, ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞത്. ബ്ലിങ്കനു ശേഷം സംസാരിച്ച ഇന്ത്യൻ മന്ത്രിമാർ അതിന് മറുപടി പറഞ്ഞിരുന്നില്ല. പിന്നീടാണ് വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."