നിലയ്ക്കുന്നുവോ ഡബ്ള്‍ ബെല്ലുകൾ
ഒരിഞ്ച് മുന്നോട്ടുനീങ്ങാന്‍ പറ്റാത്തത്ര പ്രതിസന്ധിയിലാണ് കേരളത്തിലെ പൊതുഗതാഗത രംഗം. 10 വര്‍ഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രികരുടെ എണ്ണം പകുതിയിലധികം കുറഞ്ഞെന്ന് ഗതാഗതവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു. 2013ല്‍ 1.32 കോടിപേരാണ് സംസ്ഥാനത്തെ സ്വകാര്യ- ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ ആശ്രയിച്ചിരുന്നത്. ഈ വര്‍ഷം അത് 67 ലക്ഷമായി ചുരുങ്ങി. 65 ലക്ഷം പേര് ഇക്കാലയളവില്‍ ബസുകൾ കൈയൊഴിഞ്ഞു എന്നർഥം. കൊവിഡ് വഴിമുടക്കിയ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 17 ലക്ഷത്തോളം പേർ ബസ് ഉപേക്ഷിച്ച് കാറിലേക്കും സ്‌കൂട്ടറിലേക്കും യാത്ര മാറ്റി. രോഗഭീതിയെ തുടര്‍ന്നാണ് പലരും സ്വന്തം വാഹനങ്ങളിലേക്ക് സുരക്ഷിതരായതെങ്കിലും കൊവിഡ് ഭീതിയകന്ന ശേഷവും അവർ ബസുകളിലേക്ക് തിരിച്ചെത്തിയില്ല.
സമയ കൃത്യതയില്ലായ്മ, അടിക്കടിയുള്ള ടിക്കറ്റ് നിരക്ക് വര്‍ധന, സമയനഷ്ടം തുടങ്ങി ബസുകൾ കൈയൊഴിയാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ട്. എന്നാല്‍ ഈ സംവിധാനം തകരുന്നതോടെ നമ്മുടെ പരിസ്ഥിതിക്കും ബസ് വ്യവസായത്തിനും സാമൂഹിക ബന്ധങ്ങള്‍ക്കും സംഭവിക്കുന്ന വിള്ളല്‍ ഭീതിദമായിരിക്കുമെന്ന് ആരും വിലയിരുത്തപ്പെടുന്നില്ല.
വിദേശരാജ്യങ്ങളും ഡല്‍ഹി അടക്കമുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് തിരികെപ്പോകുമ്പോഴാണ്, പെരുകുന്ന വാഹനങ്ങള്‍ തീര്‍ക്കുന്ന ഗതാഗതക്കുരുക്കോ കാര്‍ബണ്‍ ബഹിര്‍ഗമനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളോ വകവയ്ക്കാതെ കേരളീയർ, കാറിലും ബൈക്കിലും നിരന്തരയാത്ര തുടരുന്നത്. വാഹനത്തിരക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുകയെന്ന പൊതുലക്ഷ്യമാണ് ഇതോടെ തകിടം മറിയുന്നത്.
ആസൂത്രണബോര്‍ഡ് തയാറാക്കിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പ്രകാരം ചൈനയെക്കാള്‍ കൂടുതലാണ് കേരളത്തിലെ വാഹനപ്പെരുപ്പ നിരക്ക്. മൂന്നര കോടി ജനങ്ങളുള്ള കേരളത്തില്‍ കഴിഞ്ഞ മാര്‍ച്ച് വരെ 148.47 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് 1000 പേര്‍ക്ക് 445 വാഹനങ്ങളാണുള്ളത്. രാജ്യത്ത് 1000 പേര്‍ക്ക് 18 വാഹനങ്ങള്‍ മാത്രമാണുള്ളതെന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കേരളത്തിലെ വാഹനപ്പെരുപ്പത്തിന്റെ ചിത്രം വ്യക്തമാകുക! ചൈനയില്‍ 1000 പേര്‍ക്ക് 47 വാഹനങ്ങള്‍ മാത്രമേ ഉള്ളൂ എന്നതും കേരളീയരുടെ വണ്ടിഭ്രാന്തിന്റെ ആഴം വെളിപ്പെടുത്തും. അപ്പോഴും ബസുകളുടെ എണ്ണം ചുരുങ്ങുകയാണെന്നു തിരിച്ചറിയേണ്ടതുണ്ട്.
കൊവിഡിനു മുമ്പ് 13,000 സ്വകാര്യബസുകളാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തിയത്. ലോക്ഡൗണ്‍ കാലത്ത് അയ്യായിരത്തിലേറെ ബസുകള്‍ കട്ടപ്പുറത്തായി. മുന്‍പ് ഒരു വര്‍ഷം 250ലേറെ പുതിയ ബസുകള്‍ ഇറങ്ങിയിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 40 ബസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഒരു ബസ് സേവനം അവസാനിപ്പിക്കുമ്പോള്‍ 500 പേരുടെയെങ്കിലും യാത്രാസൗകര്യമാണ് ഇല്ലാതാകുന്നത്. പൊതുഗതാഗതത്തോട് ജനങ്ങള്‍ മുഖംതിരിക്കുന്നതോടെ രൂക്ഷമായ പുകശല്യവും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് കേരളത്തെ കാത്തിരിക്കുന്നത്. പുകശല്യം മൂലം ഡല്‍ഹിയും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന ഭീഷണി സമീപ ഭാവിയില്‍ കേരളവും അഭിമുഖീകരിക്കേണ്ടി വരികതന്നെ ചെയ്യും.
വാഹനപ്പെരുപ്പം ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ റോഡുകള്‍ക്ക് കഴിയാത്തതു കാരണം മണിക്കൂറുകൾ ജനങ്ങൾ നിരത്തില്‍ കുടുങ്ങുന്ന അവസ്ഥയുണ്ട്. ഇതിനൊപ്പം വലിയതോതിലുള്ള ഇന്ധന നഷ്ടവും സംഭവിക്കുന്നു. യാത്രക്കാര്‍ കൈയൊഴിയുന്നതോടെ കേരളത്തിലെ ബസ് വ്യവസായവും മരണശയ്യയിലാവുമെന്നുറപ്പാണ്. ഭീമമായ ഡീസല്‍ ചെലവും ജീവനക്കാരുടെ ശമ്പളവും കഴിച്ച് ദിവസം 800 രൂപ പോലും മിച്ചമില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
ഒരു വര്‍ഷത്തിനിടയില്‍ ഡീസല്‍ വിലയില്‍ അമ്പത് ശതമാനത്തോളം വര്‍ധന ഉണ്ടായി. ഇപ്പോഴത്തെ കഷ്ടസ്ഥിതി തുടരുകയാണെങ്കില്‍ ഓട്ടം നിര്‍ത്തുന്ന ബസുകളുടെ എണ്ണം ഇനിയും പെരുകുമെന്നു തീര്‍ച്ച. പതിനായിരക്കണക്കിനു ബസ് ജീവനക്കാര്‍ മുതല്‍ ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍വരെ നിലവിലെ പ്രതിസന്ധിയുടെ ഇരകളാണ്.
മുമ്പ് നാട്ടുകാരെയും കൂട്ടുകാരെയുമൊക്കെ കാണാനും പരിചയം പുതുക്കാനും വിശേഷങ്ങള്‍ കൈമാറാനുമുള്ള അവസരം കൂടിയായിരുന്നു ബസ് യാത്രകള്‍. കാറിലേക്കും സ്‌കൂട്ടറിലേക്കും പറിച്ചുനടപ്പെട്ടതോടെ അത്തരം സാമൂഹിക ബന്ധങ്ങളുടെ വേരുകള്‍ കൂടിയാണ് അറ്റുപോകുന്നത്.
സംസ്ഥാനത്ത് സര്‍വിസ് അവസാനിപ്പിക്കുന്നതിലേറെയും ഹ്രസ്വദൂര റൂട്ടുകളിലുള്ള ബസുകളാണ്. മറ്റു യാത്രാസൗകര്യങ്ങലൊന്നുമില്ലാത്ത ഇത്തരം ചെറുറൂട്ടുകളിലേക്കുള്ള യാത്ര സാമ്പത്തികനഷ്ടത്തിന്റെ പേരില്‍ റദ്ദാക്കപ്പെടുമ്പോള്‍ പെരുവഴിയിലാകുന്നത് നിത്യവൃത്തിക്ക് പട്ടണങ്ങളിലും മറ്റും തൊഴിലിനുപോകുന്ന സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാരാണ്. ഇതുപോലെത്തന്നെ ഗൗരവമേറിയതാണ് സ്വകാര്യബസുകള്‍ രാത്രിയില്‍ ട്രിപ്പ് മുടക്കുന്നതും. നിത്യവും നൂറും നൂറ്റമ്പതും രൂപ ഓട്ടോറിക്ഷയ്ക്ക് കൊടുത്ത് വീടുപിടിക്കാന്‍ നാനൂറോ അഞ്ഞൂറോ രൂപ കൂലി കിട്ടുന്ന എത്ര തൊഴിലാളികള്‍ക്കു കഴിയും?
ഇൗ വസ്തുതകൾ പരിഗണിച്ചുകൊണ്ടുതന്നെ പൊതുഗതാഗത സംസ്‌കാരം തിരികെക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തേ മതിയാവൂ. പുത്തന്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണതയില്‍ നിന്ന് ജനങ്ങളും പിന്‍മാറണം. ബസ് സര്‍വിസ് ഉള്ള റൂട്ടുകളില്‍ കാര്‍യാത്ര ഉപേക്ഷിക്കാന്‍ നമ്മള്‍ ജാഗ്രത കാട്ടണം. മുന്‍പൊരിക്കലും ഉണ്ടാവാത്തവിധം ബസ് വ്യവസായം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുമ്പോള്‍ ചേര്‍ത്തുപിടിക്കേണ്ട ബാധ്യത ഭരണകൂടത്തിനെന്നതുപോലെ നമ്മൾ ഓരോരുത്തര്‍ക്കുമുണ്ട്. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിനു പേര്‍ക്കുവേണ്ടിയും ബസ് യാത്ര മാത്രം പ്രാപ്യമായ സാധാരണക്കാര്‍ക്കുവേണ്ടിയും ഇങ്ങനെയൊരു പുനരുജ്ജീവനം യാഥാര്‍ഥ്യവത്കരിച്ചേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."