തുർക്കിയിൽ വീണ്ടും ഭൂചലനം; മൂന്നു മരണം, കെട്ടിടങ്ങൾ തകർന്നു, നിരവധി പേർ കുടുങ്ങിയതായി സംശയം
അങ്കാറ: രണ്ടാഴ്ചമുമ്പുണ്ടായ വൻ ഭൂകമ്പത്തിൽ 47,000ത്തിലധികം പേർ മരിച്ച തുർക്കിയിൽ വീണ്ടും ഭൂകമ്പം. തുർക്കി സിറിയ അതിർത്തിയിൽ തിങ്കളാഴ്ച (പ്രാദേശിക സമയം)യാണ് കുലുക്കം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.4ഉം 5.8ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
മൂന്നുപേർ മരിച്ചതായി ബിബിസി റിപ്പോർട്ടുചെയ്തു. 680 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കാറ നഗരത്തിനടുത്താണ് രണ്ടാമത്തെ വൻ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്ത്, ലബനൻ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങൾ തകർന്നുവെന്നും നിരവധിപേർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ പ്രദേശത്തെ മിക്കകെട്ടിടങ്ങളും രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തിൽതന്നെ തകർന്ന നിലയിലാണെന്ന് തുർക്കിയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. അവശേഷിച്ച കെട്ടിടങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
തുർക്കിയിൽ ഫെബ്രുവരി ആറിനുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് 47,000ത്തിലധികം പേർ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ ആദ്യ ഭൂചലനത്തിൽ തകർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."