വി.വി പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാകാതെ മലയോര നാട്: തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ശേഷിക്കേ ഇതുപോലൊരു വിയോഗം കേരളത്തില്‍ അപൂര്‍വം
നിലമ്പൂര്‍: മറഞ്ഞത് സൗമ്യ സാന്നിധ്യം. വിശ്വസിക്കാനാകാതെ മലയോര നാട്. തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടുനാള്‍ മാത്രം ബാക്കി നില്‍ക്കേ വി.വി. പ്രകാശിന്റെ വിയോഗം കണ്ണീരിലാഴ്ത്തുകയാണ് നിലമ്പൂരിനെ. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ യാത്രയാകുന്ന മറ്റൊരു സ്ഥാനാര്‍ഥി കേരളത്തില്‍ വേറെയുണ്ടോ എന്നുപോലും സംശയം.
ഇന്നു പുലെര്‍ച്ചെ മരിച്ച വി.വി പ്രകാശിന്റെ ഭൗതികശശീരം വീട്ടിലെത്തിച്ചു. കൊവിഡ് പശ്ചാത്തലത്തിലും ധാരാളം ആളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാനെത്തുന്നത്. ഇന്ന് വൈകുന്നേരമാണ് സംസ്‌കാരം. മുതിര്‍ന്ന പല നേതാക്കളും എത്തിച്ചേരാനുണ്ട്.
നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്റുമായ വി.വി. പ്രകാശിന് ഏതാനും മാസം മുമ്പാണ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്. അതിന്റെ അവശതകള്‍ക്കിടെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. നിലമ്പൂരിലെ സ്ഥാനാര്‍ഥി എന്നതിനപ്പുറത്ത് ജില്ലയുടെ കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയിലുള്ള തിരക്കുമുണ്ടായിരുന്നു. തല്‍ക്കാലത്തേക്ക് ആര്യാടന്‍ ഷൗക്കത്തിന് ചുമതല നല്‍കുകയായിരുന്നു. ഇത്രപെട്ടെന്ന് ആ വിയോഗമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതേയല്ല.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് എടക്കരയിലെ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
1965ല്‍ എടക്കരയില്‍ കര്‍ഷകകുടുംബത്തിലായിരുന്നു ജനനം. കുന്നുമ്മല്‍ കൃഷ്ണന്‍ നായരും വി.ജി. സരോജിനിയമ്മയുമായിരുന്നു മാതാപിതാക്കള്‍. എടക്കര ഗവ. ഹൈസ്‌കൂള്‍, ചുങ്കത്തറ എം.പി.എം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മമ്പാട് എം.ഇ.എസ് കോളജില്‍ നിന്ന് പ്രീഡിഗ്രിയും മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ നിന്ന് ഡിഗ്രിയും കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് നിയമ പഠനവും പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."