ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളുടെ നിലപാട് നിർണ്ണായകം: ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: സർക്കാർ മെഷിനെറികളും സംവിധാനങ്ങളും ദൂര വ്യാപകമായി വിദ്വേഷ പ്രചരണങ്ങൾക്ക് സംഘ പരിവാര സംഘടനകൾ ദുരുപയോഗം ചെയ്യുമ്പോൾ മാധ്യമങ്ങൾ ബഹുസ്വരത ഉയർത്തിപ്പിടിച്ച് രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദയിലെ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
സ്വന്തം ജീവനും നിലനിൽപ്പും ഭീഷണിയാണന്നറിഞ്ഞിട്ടും നാടിന്റെ മതേതരത്വവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ഭരണകൂട ഭീകരതെക്കെതിരെ ഇരകൾക്കൊപ്പം നിന്ന് സത്യസന്ധമായി വാർത്തകൾ പുറം ലോകത്തെത്തിക്കുന്ന മാധ്യമപ്രവർത്തകരെ സോഷ്യൽ ഫോറം അഭിനന്ദിച്ചു. ജിദ്ദയിലെ പ്രമുഖ മാധ്യമ പ്രവർത്തകർക്ക് ഒരുക്കിയ നോമ്പുതുറ ചടങ്ങിലാണ് സോഷ്യൽ ഫോറം മാധ്യമ പ്രവർത്തകരെ അഭിനന്ദിച്ചത്.
സ്വതന്ത്ര്യലബ്ധിക്കു ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഫാസിസ്റ്റുകളെന്നും, ഇന്ത്യയുടെ നിലനിൽപ് ബഹുസ്വരതയിലൂന്നിയ ജനാധിപത്യമാണെന്നിരിക്കെ അതിനെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാര ശക്തികൾ രാജ്യത്തെയാണ് തകർക്കാൻ ശ്രമിക്കുന്നതെന്നും അവർ നാടിന്റെ ശത്രുക്കളാണെന്നും ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഫ്രാറ്റേണിറ്റി ഫോറം റീജിണൽ കമ്മിറ്റി അംഗം ഹകീം കണ്ണൂർ പറഞ്ഞു.
ചടങ്ങിൽ ജിദ്ദയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പി. എം. മായീൻ കുട്ടി (മലയാളം ന്യൂസ്), ഹസൻ ചെറൂപ്പ (സഊദി ഗസറ്റ്), ജലീൽ കണ്ണമംഗലം (24 ന്യൂസ്), അക്ബർ പൊന്നാനി (സത്യം ഓൺ ലൈൻ), അബ്ദുറഹിമാൻ തുറക്കൽ (ഗൾഫ് മാധ്യമം), ബിജുരാജ് രാമന്തളി (കൈരളി ടി.വി), മൻസൂർ എടക്കര (മനോരമ ഒൺലൈൻ), കബീർ കൊണ്ടോട്ടി (തേജസ്), മുഹമ്മദ് കല്ലിങ്ങൽ (സുപ്രഭാതം) തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം, ഇ.എം. അബ്ദുല്ല, ഫയാസുദ്ധീൻ, ശംസുദ്ധീൻ മലപ്പുറം, ഇക്ബാൽ ചെമ്പൻ, കോയിസ്സൻ ബീരാൻകുട്ടി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."