ഉയിര്‍ത്തെഴുനേല്‍പിന്റെ ഓര്‍മയില്‍ ഇന്ന് ഈസ്റ്റര്‍
കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ പള്ളികളില്‍ അര്‍ധരാത്രി വരെ നീണ്ട പ്രാര്‍ത്ഥനകള്‍ നടന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളില്‍ ശുശ്രൂഷകളും തിരുകര്‍മ്മങ്ങളും നടന്നു.
ദു:ഖവെള്ളിയില്‍ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ വരവേറ്റത്. ഇന്നലെ വൈകിട്ട് മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുര്‍ബാനക്ക് നേതൃത്വം നല്‍കി. സിനഡ് കുര്‍ബാനയാണ് കര്‍ദിനാള്‍ അര്‍പ്പിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും പട്ടം സെന്റ് മേരീസ് കത്തിഡ്രലില്‍ മലങ്കര കത്തോലിക്കാ സഭാ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മുവാറ്റുപുഴ മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ചര്‍ച്ചില്‍ യാക്കോബായസഭ മെത്രാപൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുര്‍ബാനയര്‍പ്പിച്ചു. സെന്റ് ഫ്രാന്‍സിസ് അസിസി കത്തിഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപറമ്പില്‍ കുര്‍ബാന അര്‍പ്പിച്ചു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള ഈസ്റ്റര്‍ ദിനത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പള്ളികളില്‍ എത്തി. 50 ദിവസം നീണ്ട നോമ്പിനും ഓശാന ഞായര്‍ മുതല്‍ തുടങ്ങിയ വിശുദ്ധ വാരത്തിനും ഈസ്റ്ററോടെ പരിസമാപ്തിയാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."