രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസ്: പ്രതിയെ അന്വേഷിച്ചെത്തിയ രാജസ്ഥാൻ പൊലിസിനെതിരെ കേസെടുത്ത് ഹരിയാന പൊലിസ്
നുഹ് (ഹരിയാന): കാലിക്കടത്ത് ആരോപിച്ച് ഭരത്പുരിൽ രണ്ടു മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന കുറ്റകൃത്യം നടത്തിയ പ്രതിയെ അന്വേഷിച്ചെത്തിയ രാജസ്ഥാൻ പൊലിസിനെതിരെ കേസെടുത്ത് ഹരിയാന പൊലിസ്. രാജസ്ഥാൻ പൊലിസിലെ 30-40 ഉദ്യോഗസ്ഥർക്കെതിരെയാണ് നുഹ് ജില്ലയിലെ നാജിന പൊലിസ് സ്റ്റേഷനിൽ കേസെടുത്തത്.
പ്രതികളിലൊരാളായ ശ്രീകാന്ത് പണ്ഡിറ്റിന്റെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്. മകനെ പിടികൂടാനെത്തിയ പൊലിസിന്റെ അതിക്രമത്തിൽ ഗർഭിണിയായ മരുമകൾക്ക് പരിക്കേറ്റെന്നും ഗർഭസ്ഥശിശു മരണപ്പെട്ടതായും ആരോപിച്ച് ദുലാരി ദേവി നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അപകടകരമായ ആയുധങ്ങളുമായി ലഹളയുണ്ടാക്കൽ, നിയമവിരുദ്ധ ഒത്തുചേരൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അതിക്രമിച്ചുകയറൽ തുടങ്ങിയ കുറ്റങ്ങളാണ് രാജസ്ഥാൻ പൊലിസിനെതിരെ ഹരിയാന പൊലിസ് ചുമത്തിയിരിക്കുന്നത്. ഗർഭസ്ഥശിശുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് നുഹ് പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.
അതേസമയം, ഹരിയാന പൊലിസിന്റെ ആരോപണങ്ങൾ രാജസ്ഥാൻ പൊലിസ് തള്ളി. പ്രതിയുടെ വീടിനുള്ളിൽ കയറിയിട്ടില്ലെന്ന് രാജസ്ഥാൻ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."