ചീങ്ങേരി, മുത്തങ്ങ, തൊവരിമല, ലൈഫ് മിഷൻ പറയുന്നു ഭൂപരിഷ്‌കരണം പരാജയം
റജിമോൻ കുട്ടപ്പൻ
ഈ ഞായറാഴ്ച കടന്നുപോയപ്പോൾ മുത്തങ്ങ വെടിവയ്പ്പു കഴിഞ്ഞിട്ട് ഇരുപതു വർഷം തികഞ്ഞു. വയനാട്ടിൽ ഗോത്രവർഗക്കാർ സംഘടിപ്പിച്ച അനുസ്മരണം ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസോ സി.പി.എമ്മോ അന്നേ ദിവസം അനുസ്മരണമോ അനുതാപ പ്രകടനങ്ങളുമായോ രംഗത്തുവന്നില്ല. അല്ലെങ്കിലും കേരളത്തിലെ ഗോത്രവർഗക്കാരെ ഒന്നടങ്കം കബളിപ്പിച്ച, അല്ലെങ്കിൽ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയകക്ഷികൾ അത്തരം പ്രകടനങ്ങൾക്കു മുതിരില്ലെന്നും അവർക്കതിനു സാധിക്കില്ലെന്നതും വ്യക്തമാണ്. മുത്തങ്ങ സമരം നടക്കുമ്പോൾ ഞാനൊരു മാധ്യമവിദ്യാർഥിയാണ്. പാർശ്വവത്കൃത വിഭാഗങ്ങളോട് സഹാനുഭൂതി പുലർത്തിയിരുന്ന യുവാവ് എന്ന നിലയിൽ മുത്തങ്ങ സമരനേതാക്കളുമായി അക്കാലത്ത് അടുത്തബന്ധം പുലർത്തിയിരുന്നു. അവരോടൊപ്പം യാത്ര ചെയ്തും വ്യഥകൾ കേട്ടും ഭക്ഷണം പങ്കുവച്ചും മിക്കപ്പോഴും സമരപ്പന്തലിൽ മണിക്കൂറുകൾ ചെലവിട്ടിരുന്ന കാലം. കാട്ടിനുള്ളിൽനിന്ന് നിരന്തരമായി വെടിയൊച്ചകൾ കേട്ടിരുന്ന കാര്യം അന്നത്തെയൊരു സമരനേതാവ് പറഞ്ഞത് ഓർക്കുന്നു. ഗോത്രവർഗക്കാരുടെ കുടിലുകൾക്ക് തീവച്ചതായും ആനകൾക്ക് മദ്യം നൽകി അവയെ അക്രമോത്സുകരാക്കി ഗോത്രവർഗക്കാർക്ക് നേരെയിറക്കുന്ന കാര്യവും അയാൾ പറഞ്ഞിരുന്നു.
കൃഷിഭൂമിക്കു വേണ്ടിയുള്ള ആദിവാസി സമരങ്ങളിലെ അതിപ്രധാന നാഴികക്കല്ലാണ് 2003ലെ ഈ മുത്തങ്ങ സമരം. 2001ൽ പട്ടിണിമൂലം മുപ്പത് ആദിവാസികൾ മരണപ്പെട്ടതോടെയാണ് സമരത്തിന്റെ തുടക്കമെന്നു പറയാം. ഇതേത്തുടർന്ന് എ.ജി.എം.എസിന്റെ നേതൃത്വത്തിൽ നൂറുക്കണക്കിന് ആദിവാസികൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിൽ കുടിൽകെട്ടി സമരം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ഗോത്രവർഗക്കാർക്കും ഒരേക്കറിനും അഞ്ചേക്കറിനും ഇടയിൽ കൃഷിഭൂമി വിതരണം ചെയ്യാമെന്ന സർക്കാരിന്റെ ഉറപ്പിന്മേലാണ് അൻപതു ദിവസത്തോളം നീണ്ടുനിന്ന സമരം പരിഹരിക്കപ്പെടുന്നത്. ആദ്യത്തെ ഒരുവർഷം സർക്കാർ വാഗ്ദാനം പാലിച്ചെങ്കിലും പിന്നീട് സർക്കാർ ആദിവാസികൾക്കു നൽകിയ വാഗ്ദാനങ്ങളിൽനിന്ന് പിന്നോട്ടടിക്കുന്നതാണ് കണ്ടത്. ആ സമയത്ത് എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയായിരുന്നു അധികാരത്തിൽ. സർക്കാരിന്റെ വാഗ്ദാനലംഘനം മനസ്സിലായതോടെ 2003ൽ വയനാട്ടിലെ വിവിധ കോളനികളിൽ നിന്നുള്ള നൂറുകണക്കിന് ആദിവാസികൾ കർണാടക അതിർത്തിക്കടുത്തെ മുത്തങ്ങ വനത്തിനകത്ത് പ്രവേശിച്ച് കുടിലുകെട്ടി കൃഷിയാരംഭിച്ചു. വാഗ്ദാനലംഘനം നടത്തിയ സർക്കാരിനോടുള്ള പ്രതിഷേധം തന്നെയായിരുന്നു ആ സംഭവം. മുത്തങ്ങയിൽ 617 ആദിവാസി കുടുംബങ്ങളാണ് കുടിലുകെട്ടിയത്.
അഥവാ കുട്ടികളടക്കം ആയിരത്തോളം പേർ സമരത്തിൽ പങ്കാളികളായിരുന്നു. 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽനിന്ന് ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി പൊലിസ് സന്നാഹത്തെ അയക്കുകയും ഇത് വെടിവയ്പ്പിൽ കലാശിക്കുകയും ചെയ്തു. ഒരു ഗോത്രവർഗക്കാരനും പൊലിസുകാരനും ഈ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ഇവരുടെ നേതാവ് ഒളിവിൽ പോയെങ്കിലും ഒരാഴ്ചയ്ക്കകം സമരത്തിൽ പങ്കെടുത്തവരെല്ലാം അറസ്റ്റിലായി.
അന്ന് പ്രതിഷേധിച്ച 617 കുടുംബങ്ങളിൽ പലർക്കും ഇനിയും വാഗ്ദത്ത കൃഷിഭൂമി ലഭിച്ചിട്ടില്ല. ലഭിച്ചവർക്കാകട്ടെ കാട്ടാനശല്യമുള്ള മൂന്നാർ മേഖലയിലാണ് ലഭിച്ചതും. ഇതവരുടെ ജീവിതത്തെ വീണ്ടും ദുസ്സഹമാക്കി. തങ്ങൾക്കുള്ള ഭൂമി അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ആദിവാസികൾ പലകാലങ്ങളിലായി സമരങ്ങളിലേർപ്പെട്ടിട്ടുണ്ട്. 1995ൽ ചീങ്ങേരി, 1997ൽ പനവള്ളി, 2003ൽ മുത്തങ്ങ, 2012ൽ അരിപ്പ, 2019ൽ തൊവരിമല എന്നിവിടങ്ങളിൽ നടന്ന സമരങ്ങൾ ഇതിനുദാഹരങ്ങളാണ്. ഭൂപരിഷ്‌കരണ നിയമം സമർഥമായി നടപ്പിൽവന്നുവെന്നു അഹങ്കരിക്കുന്ന കേരളത്തിലാണ് ഈ സമരങ്ങളെല്ലാം നടക്കുന്നതെന്നോർക്കണം. ഭൂമിയില്ലാത്തവർക്ക് ഭൂമി എന്ന മുദ്രാവാക്യം പുത്തൻ ഊർജത്തോടെ കേരളത്തിലെ നവസമരമുഖങ്ങളിൽ മുഴങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം സൗകര്യപൂർവം കൃഷിഭൂമി പാട്ടക്കാർക്ക് എന്നായി മാറുന്നതാണ് കേരളം കണ്ടത്. ഇവിടുത്തെ ബഹുഭൂരിപക്ഷം കർഷകത്തൊഴിലാളികളായ ദലിതരും ആദിവാസികളും മറ്റു പിന്നോക്കസമുദായക്കാരും സംസ്ഥാനത്തു നടന്ന ഭൂപരിഷ്‌കരണ പ്രയോജനങ്ങളുടെ പരിധിക്കു പുറത്താണ് എന്നതാണ് വാസ്തവം. കൃഷിത്തൊഴിലാളികളായിരുന്ന ദലിതർക്കും ആദിവാസികൾക്കും ഭൂമി കിട്ടിയില്ലെന്നു മാത്രമല്ല, ഭൂമി ലഭിച്ചതാവട്ടെ പാട്ടക്കാരായ ക്രിസ്തീയർക്കും മുസ് ലിംകൾക്കും. അഥവാ, ഭൂപരിഷ്‌കരണം പ്രാബല്യത്തിൽ വന്നപ്പോൾ യഥാർഥ കർഷകർ ഭൂമിയില്ലാത്തവരായും ഇടനിലക്കാർ ഭൂവുടമകളായും മാറി.
കമ്യൂണിസ്റ്റ് ഭരണകൂടം മുതലാളിത്തവുമായി ചരിത്രപ്രധാന ഒത്തുതീർപ്പിലെത്തുകയായിരുന്നു 1963ലെ നിയമനിർമാണത്തിലൂടെ. 1957ലെ ഭൂപരിഷ്‌കരണ നിയമത്തിന്റെ സത്തയെ ചോർത്തിക്കളഞ്ഞ് വളച്ചൊടിച്ച ഭൂപരിഷ്‌കരണ നിയമമായിരുന്നു 1963ലേത്. കർഷകർക്കനുകൂലമായ ഭൂപരിഷ്‌കരണ നിയമങ്ങളും വിദ്യാഭ്യാസ ബില്ലും അവതരിപ്പിച്ചതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട ഇ.എം.എസ് സർക്കാരിന്റെ ഗതി തങ്ങൾക്കുണ്ടാവരുതെന്ന ബോധ്യവും 'പക്വത'യും അപ്പോഴേക്കും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ആർജിച്ചിരുന്നു. കേരളാ ഭൂപരിഷ്‌കരണ നിയമം, 1963 എന്നു പേരിട്ടുവിളിച്ച ഈ നിയമം നടപ്പിൽവരുന്നത് 1970ലാണ്. കോടതിയിലെത്തിയാലുള്ള നിയമവെല്ലുവിളികളെ നേരിടുന്നതിനായി ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇതു പ്രാബല്യത്തിൽവരുന്നത്. ചരിത്രപരമായ പല വിട്ടുവീഴ്ചകൾക്കും തയാറായ കമ്യൂണിസ്റ്റ് പാർട്ടിയുടെ 'പക്വത' കൊണ്ടുതന്നെയാവണം ഭൂവിതരണത്തിന്റെ ആദ്യഘട്ടത്തിൽ മൊത്തം ഭൂവുടമസ്ഥതയുടെ ഒരു ശതമാനംമാത്രം വിതരണം ചെയ്യപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. 62.5ലക്ഷം ഏക്കർ ഭൂമിയിൽ ഒരു ലക്ഷം ഏക്കർ മാത്രമാണ് സർക്കാർ ഏറ്റെടുത്തത്. സർക്കാർ ഏറ്റെടുത്ത 99,277 ഏക്കർ ഭൂമിയിൽ 71,400 ഏക്കർ വിതരണം ചെയ്തതായും 43,776 ഏക്കർ ഇനിയും ഏറ്റെടുക്കാനുള്ളതായും മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഭൂപരിഷ്‌കരണ വിഷയത്തിൽ തങ്ങൾ മുതലാളിത്തവുമായി നടത്തിയ അനുരഞ്ജനത്തെയും കീഴടങ്ങലിനേയും ന്യായീകരിക്കാനെന്ന പോലെ പാർട്ടി വ്യഗ്രതപ്പെട്ടു കണ്ടെത്തിയ ന്യായം അടിസ്ഥാനപരമായി ഭൂപരിഷ്‌കരണം യാഥാസ്ഥിതികമാണെന്നായിരുന്നു. ഇതോടെ ഈ ബൂർഷ്വാവ്യവസ്ഥയുടെ ഭാഗമായി തങ്ങളുടെ അജൻഡകൾ രൂപീകരിക്കാനും പങ്കാളിയായി പ്രവർത്തിക്കാനും ഇവർക്കും സാധിച്ചു.
വമ്പൻ മുതലാളിത്ത സ്ഥാപനങ്ങളുടെ കീഴിലുള്ള ലക്ഷക്കണക്കിന് ഏക്കർ ഭൂമി ഇന്നും ഭൂപരിഷ്‌കരണത്തിന്റെ നിബന്ധനകൾക്കു പുറത്താണ്. ട്രസ്റ്റിനു കീഴിലുള്ള ഭൂമികൾക്കു ലഭിച്ച നിയമത്തിലെ ഇളവുകൾ ജന്മിത്ത ശക്തികൾ കൃത്യമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സിറിയൻ കത്തോലിക് സഭയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണക്കിനു ഭൂമി എല്ലാ നിയമപരിധികളെയും ലംഘിച്ച് ആരാലും ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നു. ഇതെല്ലാം മാറ്റിനിർത്തിയാലും സർക്കാരിന് ഇനിയും പത്ത് ലക്ഷം ഏക്കർ ഭൂമി കണ്ടെടുക്കാനുണ്ട്. എന്നാൽ അതിന്റെ പത്ത് ശതമാനം മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. രാജ്യത്തെ ഏറ്റവും മികച്ച ഭൂപരിഷ്‌കരണം ഇതാണെങ്കിൽ എന്തായിരിക്കണം മറ്റിടങ്ങളിലെ അവസ്ഥ.
ഈ സംസ്ഥാനം കൃത്യമായി അതിർത്തി തിരിക്കപ്പെട്ടിരിക്കുന്നു എന്നത് അബദ്ധധാരണയാണ്. ഇവിടുത്തെ ഭൂമി അതിർത്തി തിരിക്കപ്പെട്ടതല്ല, വ്യക്തമായ ഗൂഢോദ്ദേശ്യത്തോടുകൂടി മുതലാളിമാരും ശിങ്കിടികളും കൈവശപ്പെടുത്തിയിരിക്കുകയാണ്. സമൂലപരിഷ്‌കരണങ്ങൾക്ക് സാധ്യതയുണ്ടായിരുന്ന ഭൂപരിഷ്‌കരണം എതിർക്കപ്പെടുകയും പ്രാബല്യത്തിൽ വരാതെപോവുകയുമാണ് ഉണ്ടായത്. ഇനിയത് നടപ്പായപ്പോൾ പോലും ജന്മിത്തവ്യവസ്ഥയിലെ യാഥാസ്ഥിതിക അധീശത്വസ്ഥാനങ്ങൾക്കു പകരം നവ മധ്യവർഗ അധികാര കേന്ദ്രങ്ങൾ ഉണ്ടാവുകയാണ് ചെയ്തത്. ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികളിലേക്കും കർഷകരിലേക്കും അധികാരമോ ഭൂമിയോ എത്തിക്കാൻ നിയമനിർമാണത്തിനുപോലും സാധിച്ചിട്ടില്ല. പകരം, സി.പി.എമ്മും ഇടതുപക്ഷവും മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ രാഷ്ട്രീയംപോലും എല്ലാത്തരം ബൂർഷ്വാ അധികാരവർഗങ്ങളോടും രമ്യതയിലെത്തുന്നതാണ് കണ്ടത്. ഒടുവിൽ ദലിതരും ആദിവാസികളും മറ്റു ദരിദ്ര കർഷകത്തൊഴിലാളികളും പൂർണമായും അധികാരകേന്ദ്രങ്ങളിൽ നിന്നും ഇടതുപക്ഷ ഇടങ്ങളിൽനിന്നു പോലും അരികുവത്കരിക്കപ്പെട്ടു. ഇതിൻ്റെ ഗൗരവപ്രകടനങ്ങളാണ് ചീങ്ങേരി മുതൽ തൊവരിമലവരെ കണ്ടത്. കൂടാതെ കേരളത്തിന്റെ ഭൂപരിഷ്‌കരണത്തിന്റെ പരാജയവും ഇവിടുത്തെ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഭാഷ്യവുമാണ് ഇൗ പ്രതിഷേധങ്ങൾ.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും അഞ്ച് ലക്ഷം ഏക്കർ ഭൂമി കൈയടക്കിവെക്കുന്ന വമ്പൻ മുതലാളിമാരുടെ കണക്കുകൾ സർക്കാർ രേഖയിലുണ്ടായിരിക്കേയാണ് ദലിതരും ഗോത്രവർഗക്കാരും ലൈഫ് മിഷൻ പദ്ധതിയിലെ വീടുകളിലേക്ക് തള്ളപ്പെടുന്നത്. ഈ കണക്കുകളല്ലാം പറയുന്നത് നിർവ്യാജ ഭൂപരിഷ്‌കരണത്തിനു വേണ്ടിയുള്ള സമയം ആസന്നമായിരിക്കുന്നുവെന്നു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."