ആറുമാസം ബഹിരാകാശത്ത്, ചൈനീസ് യാത്രികർ ഭൂമിയിലെത്തി പൂർത്തിയാക്കിയത് ചരിത്രത്തി ലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം
ബെയ്ജിങ്
ആറുമാസത്തെ വാസത്തിന് ശേഷം ചൈനീസ് ബഹിരാകാശ യാത്രക്കാർ ഭൂമിയിൽ തിരിച്ചെത്തി. ബഹിരാകാശ നിലയത്തിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും ദൈർഘ്യമേറിയ ദൗത്യംകൂടിയാണിത്. ഒരു വനിതയും രണ്ടു പുരുഷൻമാരും ഉൾപ്പെടുന്ന സംഘത്തിൽ യെ ഗുവാങ്ഫു, വാങ് യപിങ്, ഷായ് ഷിഗാങ് എന്നിവരാണുണ്ടായിരുന്നത്. 183 ദിവസമാണ് സംഘം ബഹിരാകാശത്ത് കഴിഞ്ഞത്.
ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ഒക്ടോബറിലാണ് ഇവർ ഭൂമിയിൽനിന്ന് യാത്ര തിരിച്ചത്. നിലയത്തിന്റെ പ്രധാന ഭാഗമായ ടിയാങ് കോർ മോഡ്യൂളിലാണ് തുടർന്നുള്ള ദിവസങ്ങളിൽ ഇവർ ചെലവഴിച്ചത്. ടിയാങ്‌ഗോങ് നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള നാലു മനുഷ്യയാത്രകളിൽ രണ്ടാമത്തെ ദൗത്യമാണിത്. പ്രാദേശിക സമയം ഇന്നലെ രാവിലെ പത്ത് മണിക്കാണ് മൂന്നുപേരെയും വഹിച്ച് ഷെൻഷോവ്-13 പേടകം ഭൂമിയിലെത്തിയത്. ഗോബി മരുഭൂമിയുടെ വടക്കൻ മേഖലയായ ഇന്നെർ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്. 2008ൽ ബഹിരാകാശത്തൂടെ നടന്ന ചൈനീസ് ബഹിരാകാശസഞ്ചാരിയാണ് ഷെൻഷോവ്-13ന്റെ മിഷൻ കമാൻഡറും മുൻ വൈമാനികനുമായ ഷായ് ഷിഗാങ്.
ബഹിരാകാശ നടത്തത്തിൽ പങ്കെടുത്ത ആദ്യ ചൈനീസ് വനിതയെന്ന നേട്ടം 42കാരിയായ വാങ് യാപിങ് സ്വന്തമാക്കി. ഷെൻഷോവ്13 പേടകത്തിലിരുന്ന് ചൈനയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ഇവർ ക്ലാസെടുത്തത് വലിയ വാർത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."