കെ.എസ്.ഇ.ബി സമരത്തിൽ സമ്മർദവുമായി യൂനിയൻ നാളെ ചർച്ചയില്ലെങ്കിൽ മറ്റന്നാൾ വൈദ്യുതിഭവൻ ഉപരോധിക്കും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കെ.എസ്.ഇ.ബി സമരത്തിൽ വെട്ടിലായ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സമരം തീർക്കാൻ സമ്മർദവുമായി രംഗത്ത്. നാളെ മന്ത്രിതല ചർച്ച നടത്തി സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ മറ്റന്നാൾ വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കുമെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു.
കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ഇ.ബി ഓഫിസുകളും സ്തംഭവനാവസ്ഥയിലേക്ക് പോകുമെന്നുമാണ് പ്രഖ്യാപനം.
സമരത്തിനാധാരമായി ഓഫിസേഴ്‌സ് അസോസിയേഷൻ ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ ബോർഡ് ഇതുവരെ തയാറാകാത്തതാണ് സംഘടന നേരിടുന്ന വെല്ലുവിളി. സമരം ശക്തമാക്കുമെന്ന് പറയുമ്പോൾ സർക്കാരിനെതിരേ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് പോകാൻ കഴിയാത്ത പ്രതിസന്ധിയും നേരിടുന്നുണ്ട്. ചെയർമാന് വകുപ്പ് മന്ത്രിയുടെ പിന്തുണ ഉള്ളതാണ് യൂനിയനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഓഫിസേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തുമായി ബന്ധപ്പെട്ടാണ് സമരം തുടങ്ങിയത്. സസ്പൻഷൻ പിൻവലിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ജാസ്മിന് പിന്നാലെ സംഘടന ജനറൽ സെക്രട്ടറി ബി. ഹരികുമാറിനെയും പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെയാണ് യൂനിയൻ സമരം ശക്തിപ്പെടുത്തിയത്. തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും സംഘടനയ്ക്ക് പൂർണമായും വഴങ്ങാൻ ബോർഡ് തയാറായില്ല.
സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ ഒഴിവാക്കി പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ഹരികുമാറിനെറ പ്രൊമോഷൻ റദ്ദാക്കി. ജാസ്മിൻ ബാനുവിനെ സീതത്തോടിലേക്കും സ്ഥലം മാറ്റി.
സമരം അവസാനിപ്പിക്കണമെങ്കിൽ നേതാക്കൾക്കെതിരേ എടുത്ത നടപടിയെങ്കിലും പിൻവലിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. എന്നാൽ ബോർഡ് അതിന് പൂർണമായും തയാറായേക്കില്ല.
എം.ജി സുരേഷ് കുമാറിനെയും, സീതാത്തോടിലേക്ക് സ്ഥലം മാറ്റിയ ജാസ്മിൻ ബാനുവിനേയും പഴയ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നാൽ ഇപ്പോൾ ആ തസ്തികകളിൽ ജോലി ചെയ്യുന്നവർ കോടതിയിൽ പോകാനുള്ള സാധ്യതയുണ്ടെന്നാണ് ബോർഡിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."