ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി
ബംഗാളിൽ തൃണമൂലിന് വൻ ജയം,
മഹാരാഷ്ട്രയിലും
ചത്തീസ്ഗഢിലും കോൺഗ്രസ്,
ബിഹാറിൽ ആർ.ജെ.ഡി
കൊൽക്കത്ത
ഒരു ലോക്സഭാ സീറ്റിലേക്കും നാലു നിയമസഭാ സീറ്റുകളിലേക്കുമായി നാലു സംസ്ഥാനങ്ങിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. ബംഗാളിൽ ഇരു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വൻ ജയം നേടിയപ്പോൾ മഹാരാഷ്ട്രയിലും ചത്തീസ്ഗഢിലും കോൺഗ്രസും ബിഹാറിൽ ആർ.ജെ.ഡിയും നേട്ടമുണ്ടാക്കി.
ബംഗാളിൽ ബി.ജെ.പി എം.പി ബാബുൽ സുപ്രിയോ സ്ഥാനം രാജിവച്ച് തൃണമൂലിൽ ചേർന്നതോടെയാണ് അസൻസോളിൽ ഉപതെരഞ്ഞെടുപ്പുണ്ടായത്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി അഗ്നിമിത്ര പോളിനെ 2.3 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തി മുൻ ബി.ജെ.പി സഹയാത്രികൻ കൂടിയായ തൃണമൂൽ സ്ഥാനാർഥി ശത്രുഘ്‌നൻ സിൻഹ മികച്ച വിജയം നേടി. 2019ൽ 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ ബാബുൽ സുപ്രിയോ ഇവിടെ വിജയിച്ചിരുന്നത്.
അതേസമയം, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായി ബല്ലിഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ബാബുൽ സുപ്രിയോ മികച്ച വിജയം നേടി. 20,228 വോട്ടിനാണ് സി.പി.എമ്മിന്റെ സൈറാ ഷാ ഹാലിമിനെ പരാജയപ്പെടുത്തിയത്. സുപ്രിയോ 49.69 ശതമാനം വോട്ടു നേടി. 30.06 ശതമാനം വോട്ടു നേടി സി.പി.എം ഇവിടെ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് മൂന്നാംസ്ഥാനത്തെത്തിയപ്പോൾ ബി.ജെ.പി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏപ്രിൽ 12നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ചത്തീസ്ഗഢിലെ ഖൈരാഗ്ര, ബിഹാറിലെ ബോചാചൻ, മഹാരാഷ്ട്രയിലെ ഖൊലാപൂർ നോർത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ബിഹാറിലെ ബോചാചൻ മണ്ഡലത്തിൽ ആർ.ജെ.ഡി സ്ഥാനാർഥി അമർ കുമാർ പാസ്വാൻ വിജയിച്ചു. ബി.ജെ.പി സ്ഥാനാർഥി ബേബി കുമാരിയെ 36,000 വോട്ടിനാണ് തോൽപ്പിച്ചത്.
മഹാരാഷ്ട്രയിലെ ഖൊലാപൂർ നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയശ്രീ ജാദവ് 54.25 ശതമാനം വോട്ട് നേടി ജയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തിൽ മത്സരിച്ച ജയശ്രീ 19,000 വോട്ടിന് ബി.ജെ.പിയുടെ സത്യജിത് കാദമിനെ തോൽപ്പിച്ചു. അന്തരിച്ച മുൻ എം.എൽ.എ ചന്ദ്രകാന്ത് ജാദവിന്റെ ഭാര്യയാണ് ജയശ്രീ. ചത്തീസ്ഗഢിലെ ഖൈറാഗ്രയിൽ കോൺഗ്രസിന്റെ യശോദ വർമ 20,000 വോട്ടിന് മുന്നിട്ട് നിൽക്കുകയാണ്. ബി.ജെ.പിയുടെ കോമൽ ജംഗീലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ നവംബറിൽ ജനതാ കോൺഗ്രസ് ചത്തീസ്ഗഢ് (ജെ) എം.എൽ.എ ദേവ്്രാത് സിങ് അന്തരിച്ചതിനെ തുടർന്നാണ് ചത്തീസ്ഗഢിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."