കൂട്ടമരണങ്ങള്‍ കണ്ടുനില്‍ക്കാം, ശബ്ദിക്കരുത്
രാജ്യത്തെ തെരുവീഥികളിലും, കടത്തിണ്ണകളിലും, ഗ്രാമീണ വഴിയോരങ്ങളിലും മതിയായ ചികിത്സ ലഭിക്കാതെ ആളുകള്‍ മരിച്ചുവീണാലും ഭരണാധികാരികള്‍ കുലുങ്ങില്ല. ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാക്കി സമൂഹമാധ്യമങ്ങളോ മറ്റു മാധ്യമങ്ങളോ പുറത്തുവിട്ടാല്‍ കേന്ദ്ര സര്‍ക്കാരും, യു.പി സര്‍ക്കാരും വെറുതെയിരിക്കുകയുമില്ല.
ചികിത്സാ സഹായം അഭ്യര്‍ഥിച്ചു സമൂഹമാധ്യമങ്ങളില്‍ പാവങ്ങള്‍ പോസ്റ്റിട്ടാലും യു.പി സര്‍ക്കാരിന് സഹിക്കില്ല, വെറുതെയിരിക്കുകയുമില്ല. രോഗികളോടുള്ള അനുതാപം കൊണ്ടല്ല. അത്തരം അഭ്യര്‍ഥനകള്‍ സര്‍ക്കാരിന് മാനഹാനിയും പ്രതിഛായാ നഷ്ടവും ഉണ്ടാക്കുന്നു എന്നതിനാലാണ്. അതിനാലാണ് ഇത്തരം 'കുറ്റകൃത്യ' ങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ യു.പി സര്‍ക്കാര്‍ സ്ഥിരം ആയുധമായ രാജ്യദ്രോഹ കുറ്റമടക്കമുള്ളവ എടുത്തു പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ഈ ഗണത്തില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം യു.പി.യിലെ അമേത്തി പൊലിസ് ഒരു കുടുംബത്തിനെതിരേ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. കുടുംബം ചെയ്ത രാജ്യദ്രോഹ കുറ്റം കുടുംബത്തിലെ ഒരംഗത്തിനു വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ സഹായം തേടി എന്നതാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഈ സഹായ അപേക്ഷ കടുത്ത രാജ്യദ്രോഹ കുറ്റമായാണ് തോന്നിയത്.അതിനാല്‍ സഹായം അഭ്യര്‍ഥിച്ച കുടുംബത്തിനെതിരേ അമേത്തി പൊലിസ് ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ യു.പി. സര്‍ക്കാരിനെ പ്രതിചേര്‍ത്ത് സാകേത് ഗോഖ്‌ലെ എന്ന ആക്ടിവിസ്റ്റ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്.
നേരത്തെ കൊവിഡ് രണ്ടാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെലിബ്രിറ്റികളടക്കമുള്ള പ്രമുഖ വ്യക്തികളായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരേ ട്വിറ്ററിലൂടെയും, ഫേസ് ബുക്കിലൂടെയും പ്രതിഷേധിച്ചത്. ഇന്ത്യയിലെ പരമ്പരാഗത ,പ്രമുഖ മാധ്യമങ്ങളെയെല്ലാം നേരത്തെ തന്നെ ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരുന്നതിനാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരിച്ചുവീഴുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ അത്തരം മാധ്യമങ്ങള്‍ പൂഴ്ത്തിക്കൊണ്ടിരുന്നു. ഇതിനാല്‍ ഇന്ത്യയില്‍ മരിച്ചുവീഴുന്ന കൊവിഡ് രോഗികളെക്കുറിച്ചുള്ള വിവരം ആരും അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ, കൊവിഡ് തടഞ്ഞു നിര്‍ത്തുന്നതിലെ കെടുകാര്യസ്ഥത പുറത്തുവന്നത്.ഉടന്‍തന്നെ ഭരണകൂടം സടകുടഞ്ഞെഴുന്നേറ്റ് കേന്ദ്ര സര്‍ക്കാരിനെതിരായ പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തു.ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം മോദി സര്‍ക്കാരിന്റെ സ്തുതിപാഠകരായി മാറി രാജ്യത്ത് താണ്ഡവമാടിക്കൊണ്ടിരിക്കുന്ന കൊവിഡിന്റെ ബീഭത്സരൂപം മറച്ചുവച്ചുവെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയിലെ ഭീകരാവസ്ഥയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ ഇന്ത്യാ ഗവണ്മെന്റിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.ആസ്‌ത്രേലിയന്‍ പത്രത്തില്‍ മോദിക്കെതിരായി കാര്‍ട്ടൂണ്‍ വന്നതില്‍ പ്രകോപിതനായി ആസ്‌ത്രേലിയായിലെ ഇന്ത്യന്‍ സ്ഥാനപതി പ്രതിഷേധിച്ചു.ഇന്ത്യയിലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ മറച്ചു വച്ചാലും ഇന്ത്യയിലെ ദുരന്തം ലോകത്തെത്തുന്നുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരിനെ അപ്പടി അനുകരിക്കുന്ന യു.പി.യിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചില നേരങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പോലും കടത്തിവെട്ടുന്ന രാജ്യസ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. അതിന്റെ ബഹിര്‍സ്ഫുരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ സഹായം തേടിയ കുടുംബത്തിനെതിരേയുള്ള രാജ്യദ്രോഹ കുറ്റം ചുമത്തല്‍.
ഇതിനെതിരേയാണ് സാകേത് ഗോഖലെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. യു.പി സര്‍ക്കാരിന്റെ നടപടി അധികാര ദുര്‍വിനിയോഗവും നിയമവിരുദ്ധവുമാണെന്ന് ഗോഖലെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാനാണെന്നു പറഞ്ഞാണ് ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്നും ,ദുരിത ഘട്ടത്തില്‍ സഹായം തേടാനുള്ള അവകാശം പോലും ഇല്ലാതായിരിക്കുന്നുവെന്നും, ഇതു ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. യു.പി. സര്‍ക്കാരിനെതിരെ ഹൈക്കോടതി പല ഘട്ടങ്ങളിലും നടപടികള്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം, റെംഡസിവിര്‍ മരുന്നുകളുടെ ക്ഷാമം എന്നിവ കണക്കിലെടുത്ത് യു.പി സര്‍ക്കാരിനെതിരേ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തതാണ്.
പ്രതിദിനം 33,000 കൊവിഡ് കേസുകളാണ് യു.പിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇരുനൂറിലധികം പേര്‍ നിത്യവും രോഗബാധിതരായി മരിച്ചു കൊണ്ടിരിക്കുന്നു.പല ആശുപത്രികളും കൊവിഡ് ചികില്‍സ നിര്‍ത്തിവച്ചിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു പോലും ഓക്‌സിജനില്ല. രോഗികളുടെ എണ്ണവും മരണവും യോഗി സര്‍ക്കാര്‍ മൂടിവയ്ക്കുകയാണ്. രോഗികള്‍ക്ക് നല്‍കാന്‍ ബന്ധുക്കളോടുതന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരാനാണ് പ്രതിഛായാനഷ്ടം സംഭവിക്കാതിരിക്കാന്‍ യോഗി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ക്കു മുന്‍പില്‍ ഓക്‌സിജനും, കിടക്കയുമില്ലെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു .ഓക്‌സിജന്‍ കിട്ടാതെ കഴിഞ്ഞ ദിവസവും ഏഴു രോഗികള്‍ യു.പിയില്‍ മരിച്ചു.
കൊവിഡ് വ്യാപനം തടയുന്നതില്‍ യോഗി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ ഒരു ഹരജി പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. മാരക വൈറസ് ബാധിച്ചു ജീവനുവേണ്ടി പിടയുന്ന ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പോലും യു.പി സര്‍ക്കാരിന് നല്‍കാന്‍ കഴിയാത്തത് അത്യധികം ലജ്ജാവഹമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കൊവിഡ് മഹാമാരി തടയുന്നതില്‍ പരാജയപ്പെട്ട യു.പി സര്‍ക്കാരിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റീസ് സിദ്ധാര്‍ഥ് വര്‍മ അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായത്. എന്നാല്‍ കോടതി വിധികളൊന്നും യു.പി. സര്‍ക്കാരിനെ അശേഷം അലോസരപ്പെടുത്തുന്നില്ല എന്നതിന്റെ തെളിവായിരുന്നു, തുടര്‍ന്നും രോഗവ്യാപനം തടയുന്നതിലെ സര്‍ക്കാര്‍ നിസംഗത. അതിതീവ്ര കൊവിഡ് വ്യാപനം രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരവസരത്തില്‍ അത് തടയാന്‍ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനത്തിനും മുതിരാതിരിക്കുകയും കയ്യുംകെട്ടി നോക്കി നില്‍ക്കുകയും ചെയ്യുന്ന മോദി ഭരണകൂടവും ,യു .പി സര്‍ക്കാരും രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങള്‍ ലോകത്തോട് വിളിച്ചു പറയുകയും ചെയ്യുന്ന ചുരുക്കം ചില മാധ്യമങ്ങളേയും, സമൂഹമാധ്യമങ്ങളേയും തടഞ്ഞുകൊണ്ടിരിക്കുന്നു. ശ്വാസം കിട്ടാതെ ആളുകള്‍ പിടഞ്ഞു മരിക്കുമ്പോള്‍ യാതൊരു കുലുക്കവുമില്ലാത്ത യു.പി സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരേ അത്യുത്സാഹത്തോടെ നടപടികള്‍ എടുക്കുന്നു എന്നത് എന്തുമാത്രം ലജ്ജാവഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."